ചൊവ്വയെ കുറിച്ചുള്ള നിരന്തരമായ ശാസ്ത്ര പഠനങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ഒരു കാലത്ത് ജലസാന്നിധ്യവും ജീവനും ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. അതിനെല്ലാമുപരി മനുഷ്യരെ ചൊവ്വയില്‍ പര്യവേക്ഷണങ്ങള്‍ക്കെത്തിക്കാനും അവിടുത്തെ സാഹചര്യങ്ങള്‍ പഠിക്കാനുമുള്ള ദൗത്യങ്ങള്‍ ഇതിനകം തയ്യാറെടുക്കുന്നുണ്ട്. ചൊവ്വയെ കുറിച്ചുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ ഉത്തരം തേടുന്നുണ്ട്. അതിലൊന്നാണ് ചൊവ്വയിലെ ഇടിമിന്നലുമായി ബന്ധപ്പെട്ട സംശയങ്ങള്‍.

To advertise here,

ചൊവ്വയില്‍ ഇടിമിന്നലുണ്ട് എന്നത് ഏറെകാലമായി നിലനിന്ന സിദ്ധാന്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നാസയുടെ പെര്‍സീവറന്‍സ് റോവര്‍ പകര്‍ത്തിയ ശബ്ദങ്ങളില്‍ നിന്നും വൈദ്യുത സിഗ്നലുകളില്‍ നിന്നും ചൊവ്വയില്‍ ഇടിമിന്നലുണ്ട് എന്നതിന്റെ പുതിയ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഫ്രാന്‍സിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ ആസ്‌ട്രോഫികിസിക്‌സ് ആന്റ് പ്ലാറ്റോളജിയിലെ ബാപ്റ്റിസ്റ്റ് ചൈഡിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘമാണ് ചൊവ്വയില്‍ മിന്നലുണ്ട് എന്നതിന് നേരിട്ടുള്ള തെളിവുകള്‍ കണ്ടെത്തിയത്. നേച്ചര്‍ ജേണലില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതല്‍ അറിവുകള്‍ നല്‍കുന്നതാണ്.

2021 ഫെബ്രുവരിയിലാണ് പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങിയത്. ഗ്രഹത്തിലെ ശബ്ദങ്ങള്‍ പകര്‍ത്തുന്നതിനുള്ള ഒരു മൈക്രോഫോണും അതില്‍ സജ്ജീകരിച്ചിരുന്നു. ഇങ്ങനെ റോവറിലെ സൂപ്പര്‍ ക്യാം മൈക്രോഫോണ്‍ ഉപയോഗിച്ച് ശേഖരിച്ച 28 മണിക്കൂര്‍ നീണ്ട ശബ്ദ റെക്കോര്‍ഡിങുകള്‍ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ പുതിയ പഠനം നടത്തിയത്.

ഇടിമിന്നലിന് സമാനമായ ശബ്ദങ്ങള്‍ അതില്‍ നിന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. രണ്ട് ചൊവ്വാ വര്‍ഷത്തിനിടെ (ഭൂമിയിലെ ഏകദേശം നാല് വര്‍ഷം) 55 സംഭവങ്ങള്‍ അത്തരത്തിലുണ്ടായിട്ടുണ്ട്. ചൊവ്വയില്‍ ശക്തമായ കാറ്റും പൊടിപടലങ്ങളും പൊടിക്കാറ്റുകളും ഉള്ളപ്പോഴാണ് ഇടിമിന്നലുകളുണ്ടാവുന്നതെന്നും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ചൊവ്വയില്‍ മിന്നലുണ്ടാക്കുന്നതില്‍ കാറ്റ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.

ചൊവ്വയിലെ നേര്‍ത്ത അന്തരീക്ഷത്തിന് അവിടെ ചുഴലിക്കാറ്റുകളുണ്ടാക്കാന്‍ സാധിക്കില്ല. പകരം ഗ്രഹത്തിന്റെ ഉപരിതലത്തിനടുത്തുള്ള വായു ചൂടാവുകയും തണുത്തതും സാന്ദ്രവുമായ ഉപരിതലത്തിലേക്ക് ഉയരുകയും ചെയ്യുമ്പോള്‍ അത് കറങ്ങാന്‍ തുടങ്ങുകയും കൂടുതല്‍ വായു ഈ പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതോടെ കാറ്റിന്റെ വേഗം കൂടുകയും പൊടിപടലങ്ങള്‍ ഉയരുകയും ചെയ്യും. ഇതുവഴി ഇവിടെ ശക്തമായി കറങ്ങുന്ന പൊടിക്കാറ്റ് രൂപപ്പെടും. ഡസ്റ്റ് ഡെവിള്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. 1970 കളില്‍ നാസയുടെ വൈക്കിങ് ദൗത്യമാണ് ആദ്യമായി ഡസ്റ്റ് ഡെവിള്‍ പ്രതിഭാസം കണ്ടത്. പിന്നീട് ക്യൂരിയോസിറ്റി, പെര്‍സിവറന്‍സ് റോവറുകളും ഈ പ്രതിഭാസത്തിന് സാക്ഷിയായി.

ഭൂമിയില്‍ സാധാരണ ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കുമൊപ്പമാണ് മിന്നലുകളുണ്ടാവാറ്. ഭൂമിയിലുണ്ടാകുന്ന ഡസ്റ്റ് ഡെവിളിലും പൊടിപടലങ്ങള്‍ തമ്മില്‍ ഘര്‍ഷണം ഉണ്ടാകാറുണ്ട്. ഇടിമിന്നലിനുള്ളിലെ ഐസിനും വെള്ളത്തിനും പകരം പൊടിപടലങ്ങള്‍ തമ്മില്‍ പരസ്പരം ഉരസുകയാണ് ചെയ്യുക. ആ ഘര്‍ഷണത്തിലൂടെ ചാര്‍ജുള്ള കണങ്ങള്‍ രൂപപ്പെടുകയും അവ കൂടിച്ചേരുമ്പോള്‍ മിന്നലായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ചൊവ്വയില്‍ ഈരീതിയിലാണ് മിന്നല്‍ രൂപപ്പെടുന്നത്.

ഇത് ചൊവ്വാ ദൗത്യത്തിനുപയോഗിക്കുന്ന റോവറുകള്‍ക്കും ഭാവിയില്‍ വിക്ഷേപിക്കാനുദ്ദേശിക്കുന്ന മനുഷ്യരുടെ യാത്രാ ദൗത്യങ്ങള്‍ക്കും ഭീഷണിയായേക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജുകളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിലൂടെ ഭാവി ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങള്‍ സുരക്ഷിതമാക്കാനാവുമെന്ന് ഗവേഷകര്‍ പറഞ്ഞു.