അപ്പോഫിസ് എന്ന അതിഭീമന്‍ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ഭൂമിയ്ക്കടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഈ ഛിന്നഗ്രഹം 2029 ഏപ്രില്‍ 13 ന് ഭൂമിയുടെ ഏറ്റവും അടുത്തൂകൂടി കടന്നുപോവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും ഗ്രഹാന്തര പര്യവേക്ഷണ ദൗത്യങ്ങള്‍ക്കുമൊപ്പം വിദേശ ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്ന് 'പ്ലാനറ്ററി ഡിഫന്‍സ്' എന്ന മേഖലയിലും ഐഎസ്ആര്‍ഒ സജീവമായിരിക്കുകയാണ്. ഭൂമിക്ക് ഭീഷണിയാവുന്ന ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കുകയും അവയെ പ്രതിരോധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുകയുമാണ് ഇതുവഴി  ലക്ഷ്യമിടുന്നത്. 

To advertise here,

മനുഷ്യരാശി നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് എന്‍ഡിടിവിയോട് പ്രതികരിച്ചു. ഈ ഭീഷണിയുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ നെറ്റ് വര്‍ക്ക് ഫോര്‍ സ്‌പേസ് ഒബ്ജക്ട്‌സ് ട്രാക്കിങ് ആന്റ് അനാലിസിസ് (നേത്ര) പദ്ധതിയിലൂടെ അപ്പോഫിസിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നമുക്ക് ജീവിക്കാന്‍ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ എന്നും. അപ്പോഫിസ് ഉയര്‍ത്തുന്ന ഭീഷണിയും ഭാവി ഭീഷണികളും തടയാന്‍ ഇന്ത്യ എല്ലാ രാജ്യങ്ങളുമായി സഹകരിക്കുമെന്നും എസ്.സോമനാഥ് പറഞ്ഞു.

മുമ്പും സമാനമായ പ്രതികരണം ഐഎസ്ആര്‍ഒ മേധാവി നടത്തിയിട്ടുണ്ട്. ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന് എസ്. സോമനാഥ് ജൂലായില്‍ അഭിപ്രായപ്പെട്ടിരുന്നു. 70 വയസും 80 വയസും വരെയുള്ള നമ്മുടെ ജീവിത കാലത്ത് നമ്മള്‍ അത്തരം ഒരു ദുരന്തം കാണാനിടയില്ലാത്തതിനാല്‍ നമ്മളതിനെ നിസാരമായി കാണുകയാണെന്നും അത്തരം ഒരു സംഭവം ഭൂമിയിലുണ്ടായാല്‍ നമ്മള്‍ക്കെല്ലാം നാശം സംഭവിക്കുമെന്നും അദ്ദേഹം അന്ന് പറയുകയുണ്ടായി. 

ഭൂമിയുമായി ഒരു നാള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള പാതയില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹമാണ് അപോഫിസ്. ഭൂമിക്കരികിലൂടെ 140 മീറ്ററിലേറെ വലിപ്പമുള്ള കടന്നുപോവുന്ന ഛിന്നഗ്രഹങ്ങളെ അപകടസാധ്യതാ ഗണത്തിലാണ് ഉള്‍പ്പെടുത്തുക. അപ്പോഫിസിന്റെ വ്യാസം 340 മീറ്റര്‍ മുതല്‍ 450 മീറ്റര്‍ വരെയാണ്. ഇന്ത്യയുടെ വിമാനവാഹിനികപ്പലായ ഐഎന്‍എസ് വിക്രമാദിത്യയേക്കാളും അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തേക്കാളും വലുതാണിത്. ദിനോസറുകളുടെ വംശനാശത്തിലേക്ക് നയിച്ചത് ഇത്തരം ഒരു ഛിന്നഗ്രഹ പതനത്തിന് പിന്നാലെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 

1908 ജൂണ്‍ 30 ന് റഷ്യയിലെ തുങ്കസ്‌ക വനപ്രദേശത്ത് വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ പതിച്ചപ്പോഴുണ്ടായത് 12 മെഗാടണ്‍ ശക്തിയുള്ള സ്‌ഫോടനമാണ്. 2150 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ 8 കോടിയോളം മരങ്ങളാണ് അന്ന് നിലം പതിച്ചത്. സ്‌ഫോടനത്തിന്റെ തരംഗങ്ങളും ഉഷ്ണതരങ്കവും കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. അത് പോയ വഴിയെല്ലാം ആഘാതം സൃഷ്ടിച്ചു. ഉല്‍ക്കാ പതനത്തിന്റെ ആഘാതം എത്രത്തോളമുണ്ടായേക്കുമെന്നതിന്റെ തെളിവാണ് ഈ സംഭവം. 

2029 ഏപ്രില്‍ 13 ന് അപോഫിസ് ഭൂമിയില്‍ നിന്ന് 32000 കിമീ ദൂരപരിധിയിലെത്തും. ഇത് ബഹിരാകാശ ഏജന്‍സികള്‍ക്ക് അപോഫിസിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്ക് അവസരം നല്‍കും. 5000 മുതല്‍ 10000 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രമേ ഇത്രയേറെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഇത്രയും അടുത്ത് എത്തുകയുള്ളൂ എന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു. ഇതിന് ശേഷം 2036 ലാണ് അപ്പോഫിസ് ഭൂമിക്കരികില്‍ എത്തുക. 

പ്ലാനറ്ററി ഡിഫന്‍സ് രംഗത്ത് സജീവ ഇടപെടലിനും അന്തര്‍ദേശീയ സഹകരണത്തിനും ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതികള്‍. അപോഫിസ് ഛിന്നഗ്രഹത്തെ പഠിക്കാനും നിരീക്ഷിക്കാനും ലക്ഷ്യമിട്ട് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പ്രഖ്യാപിച്ച റാംസസ് ദൗത്യത്തില്‍ (Ramses Mission) സഹകരിക്കുമെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചിരുന്നു. 

ഈ രംഗത്ത് കൂടുതല്‍ ശേഷി കൈവരിക്കാനുള്ള പദ്ധതികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ ഇന്ത്യയിലുള്ള ജ്യോതിശാസ്ത്ര ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പ്രാഥമിക ശ്രമങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ ഛിന്നഗ്രഹത്തിന്റെ പാത, ഛിന്നഗ്രഹത്തിന്റെ ഘടന, വലുപ്പം, ആകൃതി എന്നിവയുമായി ബന്ധപ്പെട്ട വിശകലനത്തിനും അപകടസാധ്യത പഠിക്കുപന്നതിനും മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കുന്നതിനുമുള്ള ദൂരദര്‍ശിനികള്‍ ഉള്‍പ്പടെയുള്ളവ ഒരുക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി.