സൗരയൂഥത്തിന് പുറത്ത് ഭൂമിയിലെ പോലെ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം. ഇപ്പോഴിതാ അന്യഗ്രഹ ജീവനുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും ശക്തമായ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. K2-18b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന കേംബ്രിഡ്ജ് സര്‍വകലാശാലയിലെ നിക്കു മധുസൂധന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമിയില്‍ ചെറുജീവികളില്‍നിന്ന് മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന തന്മാത്രകളുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. 

To advertise here,

ഇത് രണ്ടാം തവണയാണ് ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുടെ സഹായത്തോടെ ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍നിന്ന് ജീവനുമായി ബന്ധപ്പെട്ട രാസവസ്തുക്കളെ കണ്ടെത്തുന്നത്. അന്യഗ്രഹ ജീവനുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും ശക്തമായ തെളിവുകളാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഈ ഫലങ്ങള്‍ സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് ഗവേഷക സംഘവും ജ്യോതിശാസ്ത്രജ്ഞരും പറയുന്നു. 

കെ2-18ബി ഗ്രഹത്തില്‍ ജീവനുണ്ടാകാന്‍ സാധ്യതയുള്ളതിന്റെ ഏറ്റവും ശക്തമായ തെളിവുകളാണിതെന്ന് നിക്കു മധുസൂദന്‍ ബിബിസിയോട് പറഞ്ഞു. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഭൂമിയേക്കാള്‍ വലിയ കെ2-18ബി 

ഭൂമിയില്‍നിന്ന് 125 പ്രകാശ വര്‍ഷം അകലെ ലിയോ നക്ഷത്രസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് കെ2-18ബി(ഏകദേശം 1126 ട്രില്യൺ കിലോ മീറ്ററാണ്). ഒരു ജീവിതകാലത്തിനുള്ളില്‍ മനുഷ്യന് യാത്രചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദൂരമുണ്ടിത്. ഭൂമിയേക്കാള്‍ രണ്ടര ഇരട്ടി വലിപ്പവും ഭൂമിയേക്കാള്‍ 8.6 ഇരട്ടിയിലധികം പിണ്ഡവുമുണ്ടിതിന്. ഇക്കാരണം കൊണ്ടുതന്നെ സൂപ്പര്‍ എര്‍ത്ത്, മിനി നെപ്ട്യൂണ്‍ എന്നീ വിളിപ്പേരുകളും ഈ വിദൂര ഗ്രഹത്തിനുണ്ട്. 

2015-ല്‍  കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ സഹായത്തോടെയാണ് ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഇത് ചുറ്റിക്കൊണ്ടിരിക്കുന്ന ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത് ഭൂമിയെ പോലെ ജീവന്‍ നില്‍ക്കാനിടയുള്ള അകലത്തിലുള്ള ഭ്രമണപഥത്തിലാണ്.  

ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുടെ കണ്ടെത്തല്‍

ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയിലെ നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍, സ്ലിറ്റ്‌ലെസ് സ്‌പെക്ട്രോഗ്രാഫ്, നിയര്‍ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോഗ്രാഫ് എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്  കെ2-18ബി ഗ്രഹത്തിന്റെ അന്തരീക്ഷം വിശകലനം ചെയ്തത്. ഈ ഗ്രഹം ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു ചുവന്ന സൂര്യനില്‍ നിന്നുള്ള പ്രകാശത്തിന്റെ സഹായത്തോടെ  ഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ രാസസംയുക്തകങ്ങള്‍ വിശകലനം ചെയ്യാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനിക്ക് സാധിക്കും. 

ഡൈ മീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈ മീഥൈല്‍ ഡൈ സള്‍ഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളാണ് ഇതുവഴി കണ്ടെത്തിയത്. ഭൂമിയില്‍ മറൈന്‍ ഫൈറ്റോപ്ലാങ്ടണും ബാക്ടീരിയയുമാണ് ഈ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. ഭൂമിയേക്കാള്‍ വളരെ കൂടിയ അളവില്‍ കെ2-18ബി ഗ്രഹത്തില്‍ ഈ വാതകങ്ങളുടെ സാന്നിധ്യമുണ്ടെന്നും നിക്കു മധുസൂധന്‍ പറയുന്നു. ഈ വാതകത്തിന് ജീവനുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ആ ഗ്രഹത്തില്‍ നിറയെ ജീവനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

സൗരയൂഥത്തിനപ്പുറത്ത് ജീവന്‍ കണ്ടെത്താനുള്ള അന്വേഷണത്തിലെ പരിവര്‍ത്തന നിമിഷമാണിതെന്ന് ഡോ. നിക്കു മധുസൂധന്‍ പറയുന്നു. "നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്നെ വാസയോഗ്യമായ ഗ്രഹങ്ങളില്‍ ജീവന്റെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന്  തെളിയിച്ചുകഴിഞ്ഞതാണ്. നിരീക്ഷണാത്മക ജ്യോതിര്‍ ജീശാസ്ത്ര യുഗത്തിലേക്ക് നമ്മള്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു." അദ്ദേഹം പറഞ്ഞു. 

ആരാണ് നിക്കു മധുസൂധന്‍?

ഇന്ത്യന്‍-ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞനായ ഡോ. നിക്കു മധുസൂദന്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമിയിലെ ജ്യോതിശാസ്ത്ര, എക്‌സോപ്ലാനറ്ററി സയന്‍സ് പ്രൊഫസറാണ്. 1980-ല്‍ ഇന്ത്യയില്‍ ജനിച്ച അദ്ദേഹം, വാരാണസി ഐഐടിയില്‍നിന്ന് ബിടെക് ബിരുദവും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പ്ലാനറ്ററി സയന്‍സില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. വിദൂര ഗ്രഹങ്ങളെകുറിച്ചുള്ള ഗവേഷണങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.