2029 ല്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന അപോഫിസ് ഛിന്നഗ്രഹത്തെ പഠിക്കാനും നിരീക്ഷിക്കാനും ലക്ഷ്യമിട്ട് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രഖ്യാപിച്ച റാംസസ് ദൗത്യത്തില്‍ (Ramses Mission) സഹകരിക്കാന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ). 

To advertise here,

ഭൂമിയോട് അടുത്തെത്തുന്ന അപോഫിസ് ഛിന്നഗ്രഹത്തിലേക്ക് പോവാനും കണ്ടുമുട്ടാനും ഇന്ത്യ ആഗ്രഹിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആഴ്ചകള്‍ക്ക് മുമ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സ്വന്തമായി എന്തെങ്കിലും ദൗത്യം വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായോ മറ്റ് ബഹിരാകാശ ഏജന്‍സികളുമായി സഹകരിക്കുന്നതായോ വ്യക്തമാക്കിയിരുന്നില്ല. 

റാപ്പിഡ് അപോഫിസ് മിഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്റ് സേഫ്റ്റി (റാംസസ്) ദൗത്യത്തില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ഐഎസ്ആര്‍ഒ ചര്‍ച്ചയിലാണെന്ന് വ്യാഴാഴ്ച പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വിദ്യാ മന്ത്രി ജിതേന്ദ്രസിങ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അപോഫിസ് ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടുള്ള റാംസസ് ദൗത്യം പ്രഖ്യാപിച്ചത്. 

ഭൂമിയുമായി ഒരു നാള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള പാതയില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹമാണ് അപോഫിസ്. 2029 ല്‍ അപോഫിസ് ഭൂമിയില്‍ നിന്ന് 32000 കിമീ ദൂരപരിധിയിലെത്തും. ഇത് ബഹിരാകാശ ഏജന്‍സികള്‍ക്ക് അപോഫിസിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്ക് അവസരം നല്‍കും. 5000 മുതല്‍ 10000 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രമേ ഇത്രയേറെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഇത്രയും അടുത്ത് എത്തുകയുള്ളൂ എന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു. 

ഭൂമിയോട് അടുക്കുന്ന അപോഫിസ് ഛിന്നഗ്രഹത്തിന് സമീപത്തെത്തുന്ന റാംസസ് പേടകം അല്‍പസമയം ഛിന്നഗ്രഹത്തിനൊപ്പം ഭ്രമണപഥത്തില്‍ സഞ്ചരിക്കും. നാസയുടെ ഒസിറിസ് റെക്‌സ് പേടക ദൗത്യത്തിന് സമാനമാണിത്. ഇത് ആദ്യമായാണ് ഐഎസ്ആര്‍ഒ ഒരു ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന് ഒരുങ്ങുന്നത്. ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങളില്‍ മാത്രമാണ് ഐഎസ്ആര്‍ഒ ഇത്രയും നാള്‍ ഏര്‍പ്പെട്ടിരുന്നത്. ഇതുവഴി, ഛിന്നഗ്രഹം ഉള്‍പ്പടെയുള്ള ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയാവുന്ന ബഹിരാകാശ വസ്തുക്കളെ പ്രതിരോധിക്കുന്നതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഇന്ത്യയും പങ്കാളിയാവും. 

പേടകം ഇടിച്ചിറക്കി ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാത തിരിച്ചുവിടാനാവുമെന്ന് ഡാര്‍ട്ട് എന്ന ദൗത്യത്തിലൂടെ നാസ തെളിയിച്ചിരുന്നു. 

ഐഎസ്ആര്‍ സിസ്റ്റംഫോര്‍ സേഫ് ആന്റ് സസ്റ്റൈനബിള്‍ സ്‌പേസ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റുമായി (ഐഎസ്4ഒഎസ്) ബന്ധപ്പെട്ട് ഛിന്നഗ്രഹ നിരീക്ഷണം, പ്ലാനറ്ററി ഡിഫന്‍സ് എന്നീ മേഖലകളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലുള്ള ജ്യോതിശാസ്ത്ര ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പ്രാഥമിക ശ്രമങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്. 

ഛിന്നഗ്രഹത്തിന്റെ പാത, ഛിന്നഗ്രഹത്തിന്റെ ഘടന, വലുപ്പം, ആകൃതി എന്നിവയുമായി ബന്ധപ്പെട്ട വിശകലനത്തിനും അപകടസാധ്യത പഠിക്കുപന്നതിനും മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കുന്നതിനുമുള്ള ദൂരദര്‍ശിനികളും ഈ ശ്രമങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നാഷണല്‍ ആസ്റ്ററോയിഡ് വാണിംഗ് നെറ്റ്വര്‍ക്ക്, സ്പേസ് മിഷന്‍ പ്ലാനിംഗ് അഡൈ്വസറി ഗ്രൂപ്പ് എന്നിലയുടെ ഭാ​ഗമാകാനും ഐഎസ്ആര്‍ഒ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭാവിയില്‍ പ്ലാനറ്ററി ഡിഫന്‍സുമായി ബന്ധപ്പെട്ട് നാസ, ഇഎസ്എ, ജാപ്പനീസ് സ്‌പേസ് ഏജന്‍സി പോലുള്ള ബഹിരാകാശ ഏജന്‍സികളുമായി സഹകരിക്കാനും ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.