ബഹിരാകാശത്തെ ചെറുചലനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സെന്‍സര്‍ വികസിപ്പിക്കാനുള്ള സിദ്ധാന്തവുമായി മലയാളി ഉള്‍പ്പെട്ട ഗവേഷകസംഘം. കേരള കേന്ദ്രസര്‍വകലാശാലയിലെ ഫിസിക്സ് അധ്യാപിക ഡോ. മഞ്ജു പെരുമ്പിലാണ് ഓസ്ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാല, കേംബ്രിജ് സര്‍വകലാശാല എന്നിവയിലെ ഗവേഷകരോടൊപ്പം ചേര്‍ന്ന് സെന്‍സറുമായി ബന്ധപ്പെട്ട പ്രബന്ധം തയ്യാറാക്കിയത്. നാസയുടെ പിന്തുണയുള്ള നെയ്ചര്‍ എന്ന പ്രസിദ്ധീകരണവിഭാഗത്തിന്റെ മൈക്രോഗ്രാവിറ്റിയില്‍ ഇത് പ്രസിദ്ധീകരിച്ചു.

To advertise here,

ആറ്റോമിക് ഫാബ്രി പെറോട്ട് ഇന്റര്‍ഫെറോമീറ്റര്‍ എന്ന ക്വാണ്ടം സെന്‍സറിനെക്കുറിച്ചുള്ളതാണ് പഠനം. ബഹിരാകാശത്തെ ഏറ്റവും ചെറിയ ചലനവ്യതിയാനംപോലും കണ്ടെത്താന്‍ ശേഷിയുള്ളവയാണ് ഈ പഠനം നിര്‍ദേശിക്കുന്ന സെന്‍സര്‍. ബഹിരാകാശദൗത്യങ്ങള്‍, ഉപഗ്രഹങ്ങള്‍ എന്നിവയ്ക്കുവേണ്ടി രൂപപ്പെടുത്തിയവയാണെങ്കിലും ഇവയ്ക്ക് ഭൗമോപരിതലത്തിലും വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയും. ക്വാണ്ടം ടെക്നോളജി അതിവേഗം പുരോഗമിക്കുമ്പോള്‍ ഇത്തരം കൃത്യതയുള്ള ഉപകരണങ്ങള്‍ക്ക് ജലഗതാഗതം, ദുരന്തനിവാരണം, ഭൂഗര്‍ഭജലനിരീക്ഷണം, ധാതുപര്യവേക്ഷണം എന്നീ രംഗങ്ങളിലും സഹായകരമായി പ്രവര്‍ത്തിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ബഹിരാകാശത്ത് ഉപയോഗപ്പെടുത്തേണ്ടുന്നതിനാല്‍ കൊണ്ടുനടക്കാന്‍ പറ്റുന്ന തരത്തില്‍ വലുപ്പം കുറഞ്ഞ സെന്‍സര്‍ എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് (ബിഇസി) എന്നറിയപ്പെടുന്ന ഒരു പ്രത്യേക ദ്രവ്യാവസ്ഥയെയാണ് ഈ ഗവേഷണം ഉപയോഗപ്പെടുത്തുന്നത്. ഐന്‍സ്റ്റീനൊപ്പം ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസ് നടത്തിയ പരീക്ഷണങ്ങളില്‍നിന്നാണ് ഈ ദ്രവ്യാവസ്ഥ പ്രവചിച്ചതെന്നതിനാല്‍ പുതിയ ഗവേഷണവും രാജ്യത്തെ സംബന്ധിച്ചിടത്തോളം നേട്ടമാണ്.