
എല്ലാ തരത്തിലും വേറിട്ടതാണ് ബഹിരാകാശത്തെ ജീവിതം. ഭൂമിയില്‍ നിന്നും ഒരു സാധാരണ മനുഷ്യന് കാണാനും അനുഭവിക്കാനും സാധിക്കാത്ത പലതും ബഹിരാകാശനിലയത്തിലെ ഒരു സഞ്ചാരിക്ക് സാധ്യമാണ്. അതിലൊന്നാണ് സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും. ബഹിരാകാശനിലയത്തില്‍ നിന്ന് 16 തവണ ഉദയാസ്തമയങ്ങള്‍ കാണാം.
2013-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിക്കിടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഈ അസാധാരണമായ അനുഭവം പങ്കുവെച്ചിരുന്നു. താന്‍ ബഹിരാകാശത്ത് പോവാന്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്തത് കൊണ്ട്, അതിവേഗം നീങ്ങുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് ഒരു ദിവസം 16 ഉദയാസ്തമയങ്ങള്‍ കാണാന്‍ ഭാഗ്യമുണ്ടായി എന്ന് അവര്‍ പറഞ്ഞു.
2024 ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ത്ഥം ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് പേടകത്തിലെ തകരാറുകള്‍ കാരണം ഇപ്പോള്‍ നിലയത്തില്‍ തുടരുകയാണ്. 2025 ഫെബ്രുവരിയിലാണ് സുനിത വില്യംസും സഹയാത്രികനായ ബച്ച് വില്‍മോറും തിരികെ എത്തുക. അതുവരെ ഇരുവരും നിലയത്തിലെ ശാസ്ത്ര ദൗത്യങ്ങളുടെ പങ്കാളിയാവും.
ഒരു ദിവസം ഒന്നിലധികം ഉദയാസ്തയങ്ങള്‍
മണിക്കൂറില്‍ 28000 കിമീ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നത്. വെറും 90 മിനിറ്റുകൊണ്ട് നിലയം ഒരുതവണ ഭൂമിയെ പൂര്‍ണമായും വലം വെക്കും. അതായത് ഓരോ 45 മിനിറ്റിലും ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഉദയാസ്തമയങ്ങള്‍ കാണാനാവും. ഭൂമിയുടെ ഇരുട്ട് പരന്ന ഭാഗത്ത് നിന്ന് ഓരോതവണ സൂര്യ വെളിച്ചം പതിക്കുന്ന ഭാഗത്തേക്ക് എത്തുമ്പോഴും സൂര്യോദയം കാണാം.
സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ പൂര്‍ണമായി തിരിയാന്‍ ഭൂമിക്ക് 24 മണിക്കൂര്‍ വേണം. സൂര്യന് നേരെ നില്‍ക്കുന്ന ഭൂമിയുടെ വശത്ത് 12 മണിക്കൂര്‍ പകലും മറുവശത്ത് 12 മണിക്കൂര്‍ രാത്രിയുമായിരിക്കും.
ബഹിരാകാശ നിലയത്തില്‍ 45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയുമാണുണ്ടാവുക. ഭൂമിയിലെ 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ദിവസത്തിനിടെ 16 തവണ ബഹിരാകാശ നിലയത്തില്‍ രാപ്പകലുകള്‍ മാറി മാറി വരും.
ബഹിരാകാശ നിലയത്തിലെ സമയം കണക്കാക്കുന്നതെങ്ങനെ?
ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റിവരുന്ന ബഹിരാകാശ നിലയത്തില്‍ ഭൂമിയിലേത് പോലെ രാപ്പകലുകള്‍ കണക്കാക്കിയുള്ള സമയം കണക്കാക്കുക പ്രാവര്‍ത്തകമല്ല.
പകരം കോര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ ടൈം (യുടിസി) ആണ് നിലയത്തില്‍ പിന്തുടരുന്നത്. ഗ്രീനിച്ച് സമയത്തെ അടിസ്ഥാനമാക്കി 1880-ല്‍ അന്താരാഷ്ട്രാവശ്യത്തിനായി ഏര്‍പ്പെടുത്തിയ സമയഗണനാസമ്പ്രദായമാണ് യുടിസി. ഇത് ലോകത്തെല്ലായിടത്തും ഒന്നായിരിക്കും. ഈ സമയം അടിസ്ഥാനമാക്കിയാണ് ജോലി, ഭക്ഷണം, വിശ്രമം ഉള്‍പ്പടെയുള്ള ബഹിരാകാശ നിലയത്തിലെ ദിനചര്യകള്‍ ക്രമീകരിച്ചിരിക്കുന്നത്.
Content Highlights: Discover the unique experience of witnessing 16 sunrises and sunsets daily from the ISS
Published: 05 Nov 2024, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented