ബാല്യകാലത്ത് കടുത്ത മാനസിക സമ്മര്‍ദത്തിന് വിധേയരായ പുരുഷന്മാരുടെ ബീജത്തിലെ ഡി.എന്‍.എ.യില്‍ ആ അനുഭവങ്ങളുടെ സ്വാധീനം ഉണ്ടാകുമെന്ന് പുതിയ പഠനം.  ആര്‍.എന്‍.എ.യില്‍ ഇങ്ങനെ മാറ്റമുണ്ടാകുമെന്ന് മുന്‍പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയും പെരുമാറ്റ രീതികളും ഡിഎന്‍എയെ സ്വാധീനിക്കുന്നുവെന്നതും ശാസ്ത്രം മുന്‍പേ കണ്ടെത്തിയതാണ്. എന്നാല്‍, ഇത് ബീജത്തിലെ ഡി എന്‍ എ കളിലൂടെ വരുംതലമുറകളെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തല്‍ ഇതാദ്യമാണ്. ഫിന്‍ലന്‍ഡിലെ തുര്‍കു സര്‍വകലാശാല നടത്തിയ 'എപ്പിജനറ്റിക് 'പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. അടുത്ത തലമുറയെ ഇതെങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്ന് ഈ മാസമാദ്യം കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച 'മോളിക്കുളാര്‍ സൈക്യാട്രി'  ജേര്‍ണലില്‍ പറയുന്നു.

To advertise here,

30 നും 40 നും മദ്ധ്യേ പ്രായമുള്ള 58 പേരുടെ ബീജം പരിശോധിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഡിഎന്‍എയില്‍ അടങ്ങിയിട്ടുള്ള ജീനുകളെ കുറിച്ചുള്ള പഠനമാണ് എപ്പിജനറ്റിക്‌സ്. ഇത് 2 വിധത്തില്‍ ചെയ്യാം. 1. മെതലേഷന്‍. 2. നോണ്‍ കോഡിങ് ആര്‍ എന്‍ എ.

മാറ്റങ്ങള്‍ ഡി എന്‍ എ യില്‍ സംഭവ്യമാണെന്നും ജീനിന്റെ സ്വഭാവത്തെ മാറ്റാമെന്നും മുന്‍പ് തന്നെ പഠനം വ്യക്തമാക്കുന്നതാണ്. എന്നാല്‍ കുട്ടിക്കാലത്തെ ഒരു വ്യക്തിയുടെ മാനസിക സംഘര്‍ഷം അടുത്ത തലമുറയെ സ്വാധീനിക്കാമെന്ന കണ്ടെത്തല്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് അവസരമൊരുക്കും . ഇതില്‍ പങ്കെടുത്ത 58 പേരോടും സമാന ചോദ്യങ്ങള്‍ ഉന്നയിക്കുകയും മാനസികാഘാതം, ദുരിതാനുഭവം എന്നിവ സംബന്ധിച്ച അവരുടെ ഉത്തരങ്ങള്‍ രേഖപ്പെടുത്തുകയുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള  Trauma and Distress Scale (TADS) പ്രകാരമായിരുന്നു ഉത്തരങ്ങള്‍ പരിഗണിച്ചത്. 

വൈകാരിക, ശാരീരിക അവഗണനകളുടെ ഓര്‍മ്മകള്‍, അല്ലെങ്കില്‍ വൈകാരിക , ശാരീരിക, ലൈംഗിക പീഡനങ്ങള്‍ എന്നിവയായിരുന്നു പരിഗണിച്ചത്. ഉത്തരങ്ങള്‍ പരിഗണിക്കുമ്പോള്‍ പൂജ്യം മുതല്‍ 10 വരെ ഒരു വിഭാഗവും 39 വരെ മറ്റൊരു വിഭാഗവും ഉള്‍പ്പെടുത്തി. 10 വരെ പോയിന്റ് ഓര്‍മ്മയുള്ളവര്‍ തങ്ങള്‍ നേരിട്ട അവസ്ഥകളെ കുറിച്ച് അത്ര ബോധവാന്മാരല്ല. അല്ലെങ്കില്‍ അവര്‍ അധികം സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടില്ലാത്തവരാകും. എന്നാല്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന അടുത്ത വിഭാഗത്തില്‍ പെട്ടവര്‍ തങ്ങള്‍ നേരിട്ട അവസ്ഥകളെ കുറിച്ച് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ആശങ്കപ്പെടുന്നവരാണ്. ക്രൂരമായ അനുഭവങ്ങള്‍ നേരിട്ടവരുടെയും കുറഞ്ഞ അനുഭവങ്ങള്‍ നേരിട്ടവരുടെയും ബീജത്തിലെ ഡിഎന്‍എകളില്‍ വ്യത്യാസം കണ്ടെത്തുന്നതാണ് പഠനഫലം . 4000 കുടുംബങ്ങളിലെ കുട്ടികളുടെ വളര്‍ച്ചയും അവരുടെ വ്യക്തിത്വ വികസനവും സംബന്ധിച്ച പഠനത്തിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തല്‍. 

ഇതിന് പുറമേ മദ്യപിക്കുന്നവരുടെയും പുകവലിക്കുന്നവരുടെയും ഡിഎന്‍എയില്‍ മാറ്റം വരുത്തുമെന്നാണ് എപ്പിജനറ്റിക്‌സ് പഠനം വെളിപ്പെടുത്തുന്നത്. ഈ പഠനം ഏറെ നിര്‍ണായകമാണ്. കാരണം, പതിറ്റാണ്ടുകള്‍ക്ക് ശേഷവും കുട്ടിക്കാലത്തെ ഒരു ദുരനുഭവം അവരെ മാനസികമായി വേട്ടയാടാം. എന്നാല്‍ അത് ബീജത്തിലെ ഡിഎന്‍എയില്‍ സ്വാധീനം ചെലുത്തുകയെന്നത് അപ്രതീക്ഷിതമായ കണ്ടെത്തലാണ്.

hsa-mir-34c-5p എന്ന തന്മാത്രയില്‍ നിന്നാണ് ആര്‍എന്‍എയിലെ കണ്ടെത്തല്‍ നടത്തിയത്. ഈ ഘടകം എലികളിലെ തലച്ചോറിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നതാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍പഠനത്തിലാണ്  ബീജത്തിലെ ഡിഎന്‍എയുടെ നിര്‍ണായക കണ്ടെത്തല്‍.

ബീജാണുക്കളുടെ ചലനം 'അങ്ങനെ'യല്ലെന്ന് 

ബീജാണുക്കളുടെ ചലനം സംബന്ധിച്ച് നൂറ്റാണ്ടുകളായി വിശ്വസിച്ചു വന്ന ചിന്ത തെറ്റായിരുന്നുവെന്ന് സൂചന . 3D മൈക്രോസ്‌കോപ്പിന്റെയും ഹൈ-സ്പീഡ് വീഡിയോയുടെയും സഹായത്തോടെ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. മുമ്പ് കരുതിയിരുന്നതുപോലെ ഗര്‍ഭ പാത്രത്തിലേക്ക് ബീജാണുക്കള്‍ നേരെ മുന്നോട്ട് കുതിക്കുന്നില്ലത്രേ. വാല് പോലെയുള്ള പിന്‍ഭാഗം ഇരുവശത്തേക്കും ചലിപ്പിക്കുന്നുമില്ല. മറിച്ച് ഗര്‍ഭ പാത്രത്തിലേക്ക് തുള്ളിക്കളിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് കണ്ടെത്തല്‍. വാല്‍ പോലെയുള്ള പിന്‍ഭാഗമാകട്ടെ ഒരു വശത്തേക്ക് മാത്രമാണ് ചലിപ്പിക്കുന്നത്.

ഒരു വശത്തേക്ക് മാത്രം കാല്‍ ചലിപ്പിക്കാന്‍ കഴിയുന്ന ഒരു നീന്തല്‍ക്കാരനെ കരുതുക. അയാള്‍ നീന്തുമ്പോള്‍ ശരീരം നേരെ ചലിക്കില്ല. പകരം ചെറിയൊരു വൃത്തം സൃഷ്ടിക്കുന്നത് പോലെ മാത്രമേ മുന്നോട്ട് പോകാനാകൂ. സമാനമാണ് ഇവിടേയും. ഗര്‍ഭ പാത്രത്തില്‍നിന്നും മറ്റുമുള്ള ശ്രവങ്ങളില്‍ ബീജാണുക്കള്‍ക്ക് കറങ്ങി കറങ്ങി മുന്നോട്ട് കുതിക്കാന്‍ പ്രകൃതി പ്രത്യേക കഴിവ് നല്‍കിയിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. മുന്നോട്ടുള്ള ഈ ചലനത്തില്‍  ബീജം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു അച്ചുതണ്ടിന് ചുറ്റും കറങ്ങുന്നു. ഒരു സെക്കന്റില്‍ 55,000 ഫ്രെയിമുകള്‍ ചിത്രീകരിക്കാവുന്ന അത്യാധുനിക കാമറയുടെ സഹായത്തോടെയാണ് ശാസ്ത്രം പുതിയ കണ്ടെത്തല്‍ നടത്തിയത്. ബീജാണു മുന്നോട്ട് പോകുമ്പോള്‍ തലയും  കറങ്ങുന്നുണ്ട്. അതേസമയം വാല്‍ വിപരീത ദിശയില്‍ കറങ്ങുന്നതായാണ് കണ്ടെത്തല്‍ . ബീജാണുക്കളെ മുന്നോട്ട് നയിക്കുന്നതില്‍ ഈ ചലനം ഏറെ നിര്‍ണായകമാണ് . ഈ കണ്ടെത്തല്‍ ബീജാണുക്കളുടെ ചലനം മനസിലാക്കുന്നതിനുള്ള  സുപ്രധാന ചുവടുവയ്പ്പാണ്. ഇത് ഗര്‍ഭ ധാരണ പഠനങ്ങളെയും മറ്റ് ജീവശാസ്ത്ര ഗവേഷണങ്ങളെയും ഏറെ സ്വാധീനിക്കും.