
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള നിർണായക ദൗത്യമായ ബെപികൊളംബോ ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും (ESA) ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയും (JAXA) സംയുക്തമായി നടത്തുന്ന ദൗത്യമാണിത്. പേടകവുമായി വീണ്ടും ആശയവിനിമയം സ്ഥാപിച്ചതായും ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചുവെന്ന് ഫ്ലൈറ്റ് ഡൈനാമിക്സ് സംഘം സ്ഥിരീകരിച്ചതായും ദൗത്യസംഘം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പേടകത്തിൽനിന്ന് ഇതുവരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ഇനിയുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന വിവരങ്ങൾ അടുത്തയാഴ്ച ആദ്യം പുറത്തുവിടും.
2018 ഒക്ടോബർ 20-നാണ് ബെപികൊളംബോ വിക്ഷേപിച്ചത്. എട്ടുവർഷത്തിലേറെ നീണ്ട യാത്രയ്ക്കിടെ കോടിക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പേടകം ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനും എൻജിനിയറുമായ ഗ്യൂസെപ്പെ കൊളംബോയുടെ വിളിപ്പേരിൽനിന്നാണ് ദൗത്യത്തിന് ബെപികൊളംബോ എന്ന പേര് ലഭിച്ചത്.
പേടകം ബുധനെ ചുറ്റുന്ന ഭ്രമണപഥത്തിലെത്തിയതോടെ അതിൽനിന്ന് രണ്ട് ഓർബിറ്ററുകൾ വേർപെടും. യൂറോപ്യൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ച മെർക്കുറി പ്ലാനറ്ററി ഓർബിറ്റർ (MPO) ബുധന്റെ ഉപരിതലം, ആന്തരിക ഘടന, രാസഘടന, ഭൂമിശാസ്ത്രപരമായ പരിണാമം എന്നിവ പഠിക്കും. ജപ്പാൻ വികസിപ്പിച്ച മെർക്കുറി മാഗ്നറ്റോസ്ഫെറിക് ഓർബിറ്ററായ മിയോ (Mio) ഗ്രഹത്തിന്റെ കാന്തികമണ്ഡലവും സൗരവാതവുമായുള്ള പ്രതിപ്രവർത്തനങ്ങളും നിരീക്ഷിക്കും.
സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായ നിരവധി സവിശേഷതകളുള്ള ഗ്രഹമാണ് ബുധൻ. വലുപ്പത്തിൽ ഏറ്റവും ചെറുതാണെങ്കിലും ഇരുമ്പ് സമ്പുഷ്ടമായ വലിയ അകക്കാമ്പാണ് ഗ്രഹത്തിനുള്ളത്. ദുർബലമായ കാന്തികമണ്ഡലവും വളരെ നേർത്ത എക്സോസ്ഫിയറുമാണ് മറ്റൊരു പ്രത്യേകത. ഗ്രഹത്തിന്റെ രൂപീകരണവും പരിണാമവും മനസ്സിലാക്കുന്നതിനൊപ്പം ബുധനിലെ ധ്രുവപ്രദേശങ്ങളിലെ സ്ഥിരമായി നിഴൽ വീഴുന്ന ഗർത്തങ്ങളിൽ ജലമഞ്ഞ് നിലനിൽക്കുന്നുണ്ടോയെന്നും ബെപികൊളംബോ പരിശോധിക്കും. സൂര്യനിൽനിന്നുള്ള ചാർജുള്ള കണങ്ങളുമായി ബുധന്റെ കാന്തികമണ്ഡലം എങ്ങനെ ഇടപെടുന്നുവെന്നും പേടകം പഠിക്കും. ഉപരിതലത്തിലെ ധാതുക്കൾ, പുരാതന ആഘാത ഗർത്തങ്ങൾ, അഗ്നിപർവത പ്രവർത്തനങ്ങളുടെ അടയാളങ്ങൾ എന്നിവയും നിരീക്ഷണവിധേയമാകും.
നവംബർ 21-ന് ഭ്രമണപഥത്തിൽ പ്രവേശിച്ചെങ്കിലും ദൗത്യത്തിന്റെ നിർണായക ഘട്ടങ്ങൾ ഇനിയും ബാക്കിയുണ്ട്. നിലവിൽ രണ്ട് ഓർബിറ്ററുകളും പേടകത്തിൽനിന്ന് വേർപെട്ടിട്ടില്ല. 2026 ഡിസംബർ ഒൻപത്, 10 തീയതികളിലായി ഇവ വേർപെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. തുടർന്ന് ഇവയുടെ ഭ്രമണപഥം ക്രമീകരിക്കും. 2027 ഏപ്രിലിൽ ശാസ്ത്രീയ നിരീക്ഷണങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: The joint European-Japanese space mission BepiColombo, operated by ESA and JAXA, has successfully entered Mercury's orbit after an eight-year journey since its launch in October 2018.
Published: 22 Nov 2026, 09:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented