ബെംഗളൂരു: ബഹിരാകാശരംഗത്ത് ഇന്ത്യയെ അഭിമാനനേട്ടത്തിലെത്തിച്ച ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ട് ഒരു വര്‍ഷം. ചന്ദ്രന്റെ നിഗൂഢതകളിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ ശാസ്ത്രവിവരങ്ങളാണ് ദൗത്യം ലഭ്യമാക്കിയത്.

To advertise here,

2023 ഓഗസ്റ്റ് 23-ന് വൈകീട്ട് 6.04-നായിരുന്നു വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചത്. ഇതോടെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അഭിമാനനേട്ടത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഓഗസ്റ്റ് 23 ബഹിരാകാശ ദിനമായി രാജ്യം ആചരിക്കുന്നത്.

14 ദിവസത്തെ പ്രവര്‍ത്തനത്തിനുശേഷം ലാന്‍ഡറിനെയും റോവറിനെയും 'സ്ലീപ്പ് മോഡി'ലേക്ക് മാറ്റിയെങ്കിലും റോവര്‍ ഭ്രമണപഥത്തില്‍ തുടരുന്നുണ്ട്. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് രാജ്യം നല്‍കിയ 'ശിവശക്തി പോയന്റ്' എന്ന പേരിന് ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്റെ (ഐ.എ.യു.) അംഗീകാരം ലഭിച്ചു. ചന്ദ്രയാന്‍-3 ദൗത്യത്തിന് അന്താരാഷ്ട്ര അസ്ട്രോനോട്ടിക്കല്‍ ഫെഡറേഷന്റെ (ഐ.എ.എഫ്.) ലോക ബഹിരാകാശ പുരസ്‌കാരം (വേള്‍ഡ് സ്‌പെയ്സ് അവാര്‍ഡ്) അടുത്തിടെ ലഭിച്ചിരുന്നു.

ശാസ്ത്രനേട്ടങ്ങള്‍

• ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി.

• ചന്ദ്രന്റെ മേല്‍മണ്ണിലും 80 മില്ലീമീറ്റര്‍ ആഴത്തിലും താപനിലയില്‍ വന്‍ വ്യത്യാസമുള്ളതായി കണ്ടെത്തി.

• ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തി.