സൂര്യനില്‍ നിന്നുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME) ചന്ദ്രന്റെ നേര്‍ത്ത അന്തരീക്ഷത്തില്‍ (എക്‌സോസ്ഫിയര്‍) എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആദ്യത്തെ നിരീക്ഷണം നടത്തി ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2. ഓര്‍ബിറ്ററിലുള്ള ചന്ദ്രാസ് അറ്റ്‌മോസ്ഫറിക് കോമ്പോസിഷന്‍ എക്‌സ്‌പ്ലോറര്‍ -2 (CHACE-2) ഉപകരണം ഉപയോഗിച്ചാണ് ഇത് നിരീക്ഷിച്ചത്.

To advertise here,

സൗരവാതം അന്തരീക്ഷത്തില്‍ പതിച്ചപ്പോള്‍ പകല്‍ സമയത്തെ ചന്ദ്രന്റെ എക്‌സോസ്ഫിയറിലെ മര്‍ദം വര്‍ധിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇങ്ങനെ സ്വാധീനമുണ്ടാകുന്നുവെന്ന് നേരത്തെ സൈദ്ധാന്തികമായി വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായി നിരീക്ഷിച്ചത് ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററാണെന്നും അത്യപൂര്‍വമായി മാത്രമാണ് അങ്ങനെ ഒരു അവസരം ലഭിക്കുകയെന്നും ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രന്റെ എക്‌സോസ്ഫിയറിനെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളെയും മനസ്സിലാക്കുന്നതില്‍ നിര്‍ണായകമാണ് ഈ കണ്ടെത്തല്‍. ഭാവിയില്‍ ചന്ദ്രനില്‍ സ്ഥിരവാസത്തിനനുയോജ്യമായ താവളങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ക്ക് നേരിട്ടേക്കാവുന്ന വെല്ലുവിളികള്‍ സംബന്ധിച്ച സൂചനയും ഇത് നല്‍കുന്നു.

2019 ജൂലായ് 22 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് 3 എം1 റോക്കറ്റിലാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. ഓഗസ്റ്റ് 20 ന് പേടകം ചന്ദ്രനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തി. ദൗത്യത്തിന്റെ ഭാഗമായുണ്ടായിരുന്ന വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. എങ്കിലും ഭ്രമണപഥത്തിലെ ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമാണ്.