നാലായിരം വര്‍ഷത്തിനുമുമ്പ് ഇംഗ്ലണ്ടില്‍ നടന്ന കൂട്ടക്കൊലയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി ഗവേഷകര്‍. നരഭോജനം നിലവിലിരുന്നതിന്റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ അവശേഷിപ്പുകളെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം 37 മനുഷ്യരുടെ അവശിഷ്ടങ്ങളാണ് അമ്പതടി ആഴത്തിലുള്ള ഉത്ഖനനത്തില്‍ കണ്ടെത്തിയത്. 

To advertise here,

ഇംഗ്ലണ്ടിലെ ചാര്‍ട്ടര്‍ഹൗസ് വാറന്‍ ഫാമില്‍ നടത്തിയ ഉത്ഖനനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പൊട്ടിയ തുടയെല്ലുകള്‍, തകര്‍ന്ന തലയോടുകള്‍ തുടങ്ങിയവ ഈ അവശിഷ്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഇരകള്‍ കശാപ്പുചെയ്യപ്പെടുകയും വിരുന്നുസത്കാരത്തില്‍ ഭക്ഷണമാക്കപ്പെടുകയും ചെയ്തതാകാമെന്നാണ് ഗവേഷകരുടെ അനുമാനം. ചില അസ്ഥികളിലെ ദന്തക്ഷതങ്ങളുടെ പാടുകളുണ്ട്. ഇത് നരഭോജനത്തിന്റെ സാധ്യത മുന്നോട്ടുവെക്കുന്നതായി ഗവേഷകര്‍ പറയുന്നു.

2210-2010 ബി.സി.വരെയുള്ള കാലയളവിനിടെ എപ്പൊഴൊ നടന്ന ബൃഹത്തായ ഒരു ചടങ്ങിലാകണം ഈ കൂട്ടക്കുരുതി നടന്നതെന്നാണ് ഗവേഷകര്‍ സംശയിക്കുന്നത്. ബ്രിസ്റ്റോളിന് സമീപമുള്ള ചാര്‍ട്ടര്‍ഹൗസ് വാറന്‍ ഫാമിലെ സൈറ്റില്‍നിന്ന് 1970ല്‍ തന്നെ മനുഷ്യവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും വെങ്കലയുഗത്തിലെ (Bronze Age) ശവസംസ്‌കാരത്തിന്റെ അവശേഷിപ്പുകളാണെന്നാണ് കരുതി ഗവേഷകര്‍ കണ്ടെത്തലിന് അമിതപ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന പഠനങ്ങള്‍ കൂട്ടക്കൊലയുടെ സാധ്യതകളിലേക്ക് ഗവേഷകരെ നയിക്കുകയായിരുന്നു.

കണ്ടെത്തിയ തലയോടുകളിലെ പകുതിയിലധികവും തടികൊണ്ടുള്ള ദണ്ഡുകളാലുള്ള ക്ഷതങ്ങളാണ് കണ്ടത്. കാലുകളുടെ അസ്ഥികളിലെ അടയാളങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് മാംസം ചീകിയെടുത്തതായും നീളമുള്ള അസ്ഥികളിലെ മുറിപ്പാടുകള്‍ അസ്ഥിമജ്ജ ഊറ്റിയെടുത്തതിനേയും സൂചിപ്പിക്കുന്നതായാണ് ഗവേഷകരുടെ അനുമാനം. ഇവയെല്ലാം നരഭോജനത്തിന്റെ സൂചനകളാണ് നല്‍കുന്നത്. മനുഷ്യരുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. ആചാരത്തിന്റെ ഭാഗമായാകണം അങ്ങനെ ചെയ്തിട്ടുണ്ടാകുക എന്ന് ഗവേഷകര്‍ കരുതുന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് പഠനത്തിലുണ്ടായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ആര്‍ക്കിയോളജി വിഭാഗം പ്രൊഫസര്‍ റിക്ക് ഷൂള്‍ടിങ് പ്രതികരിച്ചു. ഹിസയുടെ തോതും പിന്നിലെ ഉദ്ദേശ്യങ്ങളും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയിലെ പ്രതികാരത്തിന്റെ തുടര്‍ച്ചയാകാം കൂട്ടക്കൊലയ്ക്ക് പിന്നിലെ ഒരു കാരണമെന്നും ഗവേഷകര്‍ കരുതുന്നു. ഇത്രയും ഹീനമായ ഹിംസയുടെ തെളിവുകള്‍ ഇതിനുമുമ്പ് ബ്രിട്ടനില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും ഷൂള്‍ടിങ് പറഞ്ഞു.

ചാല്‍ക്കോലിത്തിക് അഥവാ ചെമ്പുയുഗം(Chalcolithic Age), വെങ്കലയുഗത്തിന്റെ ആദ്യഘട്ടം എന്നിവയില്‍ ഇതുവരെ രേഖപ്പെടുത്തിയിരുന്ന സമാധാനപരമായ ബ്രിട്ടനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചരിത്രമാണ് ചാര്‍ട്ടര്‍ഹൗസ് വാറന്‍ ഫാമം നല്‍കുന്നത്. കൂട്ടക്കൊലയും മരണശേഷം ശരീരത്തില്‍ ചെയ്യുന്ന ക്രൂരതകളും നിലവിലിരുന്നു എന്ന സൂചനയാണ് പുതിയ പഠനം നല്‍കുന്നത്. സാമ്പ്രദായിക ശ്മശാനസംസ്‌കാരം അന്നുമിന്നും നിലനിന്നിരുന്ന ബ്രിട്ടന്‍ പോലൊരു രാജ്യത്ത്, ഈ പുതിയ പഠനം മറ്റൊരു വശമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ചരിത്രഗവേഷകലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.