അപ്രതീക്ഷിതമായി സ്‌പെയ്‌സില്‍വെച്ച് പ്രതിസന്ധിയിലാവുക. എട്ടുദിവസത്തെ ദൗത്യം എട്ടു മാസവും കടന്നു നീളുക. ഒടുവില്‍ ഭൂമിയില്‍നിന്ന് രക്ഷകരെത്തി അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതരായി തിരികെയെത്തിക്കുക. നാസയുടെ ബഹിരാകാശസഞ്ചാരികളായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വില്‍മോറിന്റെയും കഴിഞ്ഞ ഒമ്പതുമാസത്തെ അനുഭവം ഏത് ഹോളിവുഡ് സസ്‌പെന്‍സ് ത്രില്ലറിനെയും തോല്‍പ്പിക്കുന്നത്ര നാടകീയമാണ്.

To advertise here,

നാസയുടെ സഹായത്തോടെ ബോയിങ് കമ്പനി നിര്‍മിച്ച 'സ്റ്റാര്‍ലൈനര്‍' ബഹിരാകാശ പേടകത്തില്‍, 2024 ജൂണ്‍ അഞ്ചിന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിയവരായിരുന്നു സുനിതയും വില്‍മോറും. ആ പേടകത്തിന്റെ മനുഷ്യരെയുംവഹിച്ചുള്ള ആദ്യ യാത്ര, ബഹിരാകാശനിലയത്തിലേക്കുള്ള സുനിതയുടെയും വില്‍മോറിന്റെയും മൂന്നാം യാത്ര. പേടകത്തിലെ അപ്രതീക്ഷിതമായ ഹീലിയം ചോര്‍ച്ചയും അതിന്റെ ത്രസ്റ്ററുകള്‍ക്ക് സംഭവിച്ച തകരാറും ഇരുവരുടെയും മടക്കയാത്ര വൈകിപ്പിച്ചു. ലോകമെങ്ങും ആകാംക്ഷ പടര്‍ന്നു. നാസയുടെ വിശദീകരണം അത് വര്‍ധിപ്പിച്ചു. അത്തരം ആകാംക്ഷകള്‍ക്ക് പരിസമാപ്തികുറിച്ചുകൊണ്ടാണ് ഇപ്പോള്‍ ഇരുവരുടെയും തിരിച്ചുവരവ്.

2024 സെപ്റ്റംബര്‍ അവസാനം നാസ വിക്ഷേപിച്ച സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ വാഹനത്തിലായിരുന്നു (ക്രൂ-9 ദൗത്യവാഹനം) മറ്റു രണ്ട് യാത്രികര്‍ക്കൊപ്പം സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്ര. സ്‌പെയ്‌സ് എക്‌സിനും ബോയിങ്ങിനും നാസ ഒരേസമയം കരാര്‍ നല്‍കിയതിന്റെ ഫലങ്ങളാണ് ക്രൂ ഡ്രാഗണ്‍ വാഹനവും സ്റ്റാര്‍ലൈനര്‍ പേടകവും എന്നതാണ് കൗതുകകരമായ വസ്തുത!

ഐഎസ്എസ് നാളുകള്‍

എട്ടുദിവസം ചെലവിടാന്‍ പോയ സുനിതയും വില്‍മോറും 286 ദിവസം കഴിഞ്ഞാണ് മടങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം അതത്ര പുതുമയല്ല. സുനിതതന്നെ മുന്‍പ് രണ്ടുതവണയായി 322 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചിട്ടുണ്ട്. മാത്രമല്ല, മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുംപോലെ, അപകടത്തില്‍പ്പെട്ട രണ്ടുപേരെപ്പോലെയല്ല ഇരുവരും ബഹിരാകാശനിലയത്തില്‍ കഴിഞ്ഞത്. നിലയത്തിലെ 'എക്‌സ്പെഡിഷന്‍ 72'ന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇരുവരും. എന്നുവെച്ചാല്‍, നിലയത്തില്‍ എത്തുന്ന ഗവേഷകരെപ്പോലെ അവിടെ പരീക്ഷണങ്ങള്‍ നടത്തിയും കര്‍ത്തവ്യങ്ങളില്‍ ഏര്‍പ്പെട്ടും കഴിയുകയായിരുന്നു ഇരുവരും.

287 ദിവസംകൂടി സുനിതയ്ക്ക് ബഹിരാകാശനിലയത്തില്‍ കഴിയാന്‍ സാധിച്ചല്ലോ എന്ന് വിചാരിക്കുന്നവരുണ്ട്. ഓര്‍ക്കുക, പലരുടെയും സ്വപ്നമാണെങ്കിലും സ്‌പെയ്‌സില്‍ കഴിയുക എന്നത് അത്ര സുഖകരമായ സംഗതിയല്ല.

ബഹിരാകാശനിലയത്തിന്റെ കാര്യമെടുക്കാം. ഭൂമിയില്‍നിന്ന് 408 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് നിലയം ഭൂമിയെ ചുറ്റുന്നത്. മണിക്കൂറില്‍ ഏതാണ്ട് 28,000 കിലോമീറ്റര്‍ വേഗത്തില്‍! ഒരു വെടിയുണ്ടയുടെ ശരാശരി വേഗം മണിക്കൂറില്‍ 3000 കിലോമീറ്റര്‍ മാത്രമാണ് എന്നറിയുമ്പോഴാണ് ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം നമ്മളെ സ്തംഭിപ്പിക്കുക.

ഒരുദിനം, 16 സൂര്യോദയം

ഇത്രയും വേഗത്തില്‍ ചലിക്കുന്നതിനാല്‍ ദിവസവും 16 തവണ ബഹിരാകാശനിലയം ഭൂമിയെ വലംവെക്കും. എന്നുവെച്ചാല്‍, ഭൂമിയില്‍ ദിവസം ഒരു സൂര്യോദയവും അസ്തമയവും കാണുമ്പോള്‍ ബഹിരാകാശ നിലയത്തില്‍ അത് 16 തവണ ദൃശ്യമാകും. മനുഷ്യരുടെ ശരീരത്തില്‍ ഒരു ജൈവഘടികാരമുണ്ട്. 24 മണിക്കൂറില്‍ സെറ്റ് ചെയ്തുവെച്ചിരിക്കുന്ന ഒന്ന്. ബഹിരാകാശനിലയത്തില്‍ 16 തവണ സൂര്യനുദിക്കുമ്പോള്‍ അവിടെയുള്ള സഞ്ചാരികളുടെ ജൈവഘടികാരം കീഴ്മേല്‍ മറിയും. 

പരിശീലനം ലഭിച്ചിട്ടുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് ഒരുവിധം അതിനോട് പിടിച്ചുനില്‍ക്കാന്‍ പറ്റും. അതുപോലെത്തന്നെ, നമുക്കിവിടെ നിസ്സാരമെന്ന് തോന്നുന്ന പല സംഗതികളും ബഹിരാകാശത്ത് അതിസങ്കീര്‍ണമായി വേണം കൈകാര്യം ചെയ്യാന്‍. മൈക്രോഗ്രാവിറ്റി സിറ്റുവേഷന്‍ ആണ് ബഹിരാകാശ നിലയത്തിലുള്ളത്. തീരെ ഗുരുത്വാകര്‍ഷണം കുറഞ്ഞ അവസ്ഥ. ഭൂമിയിലേതുപോലെ നടക്കാനോ സഞ്ചരിക്കാനോ ആവില്ല, ഒഴുകിനടക്കാനേ പറ്റൂ. അത്തരം ഒരവസ്ഥയില്‍ ദൈനംദിന കൃത്യങ്ങള്‍പോലും എത്ര സങ്കീര്‍ണമായി മാറും എന്നോര്‍ക്കുക.

സുനിതയെപ്പോലെയുള്ളവര്‍ എന്തിന് ഇത്രയും ത്യാഗംസഹിച്ച് ഇത്തരം അവസ്ഥകളില്‍ കഴിയണം എന്ന് ചോദിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ അവരുടെ ത്യാഗവും സമര്‍പ്പണവും ഭാവി തലമുറകള്‍ക്കുള്ള മുതല്‍ക്കൂട്ടാണ്. ബഹിരാകാശനിലയത്തില്‍ കഴിയുമ്പോള്‍ സുനിതയെപ്പോലുള്ളവരുടെ ശരീരംപോലും പരീക്ഷണവസ്തുവാണ്. ഭാവിയിലെ ബഹിരാകാശ യാത്രകള്‍ക്കുള്ള വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്ന പരീക്ഷണവസ്തു!