ആ നിമിഷങ്ങളിൽ ഹൂസ്റ്റണിലെ ഗ്രൗണ്ട് കൺട്രോൾ റൂമിൽ നിശ്ശബ്ദത തളംകെട്ടിനിന്നു. ചന്ദ്രനെ വലംവെച്ചുള്ള 10 ദിവസത്തെ ചരിത്രയാത്രയ്ക്ക് ശേഷം ഓറിയോൺ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന ദിവസം. ഒൻപതു ദിവസത്തെ സുഗമമായ യാത്രയ്ക്ക് ശേഷം, ഏറ്റവും വെല്ലുവിളി നിറഞ്ഞ പത്താം ദിവസം. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച പേടകത്തിലുള്ളത് നാല് ജീവനുകൾ. മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിലാണ് പേടകം അന്തരീക്ഷത്തിലൂടെ കടന്നുവന്നത്. അതായത് ശബ്ദത്തേക്കാൾ 30 മടങ്ങ് വേഗത്തിൽ. ഈ സമയത്ത് പേടകത്തിന് പുറത്തെ താപനില 2,760 ഡിഗ്രി സെൽഷ്യസ് ആയിരുന്നു; അതായത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും ഈ താപനില.
അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതും ചുട്ടുപഴുത്ത ചുവന്ന പ്ലാസ്മയാൽ ഓറിയോൺ പേടകം ആവരണം ചെയ്യപ്പെട്ടു. ഒരു തീഗോളം കണക്കെ അന്തരീക്ഷത്തിൽ അത് കുതിച്ചുവീണുകൊണ്ടിരുന്നു. ഈസമയം ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെട്ടു. ആറു മിനിറ്റുകൾ നീണ്ട 'ബ്ലാക്ക് ഔട്ട്' ആരംഭിച്ചു.
2022-ൽ ആളില്ലാതെ നടത്തിയ ആർട്ടെമിസ് 1 മിഷനിൽ പേടകത്തിന്റെ ഹീറ്റ് ഷീൽഡിന് അപ്രതീക്ഷിതമായി സംഭവിച്ച കേടുപാടുകൾ നാസയുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതിന് കാരണമായിരുന്നു. ഈ അപകടസാധ്യത കുറയ്ക്കുന്നതിനായി ഇത്തവണ കൂടുതൽ കുത്തനെയുള്ളതും ചെറിയതുമായ പാതയിലൂടെയാണ് പേടകം തിരിച്ചിറക്കിയത്. യാത്രികരുടെ ജീവൻ രക്ഷിക്കുന്ന ഹീറ്റ് ഷീൽഡ് ഈ കൊടുംചൂടിൽ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കും എന്നതിലായിരുന്നു ഏവരുടെയും പ്രതീക്ഷ മുഴുവൻ.
ആറു മിനിറ്റുകൾക്ക് ശേഷം പേടകത്തിന്റെ പാരച്യൂട്ടുകൾ സുരക്ഷിതമായി തുറന്നു. കൺട്രോൾ റൂമിലെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മിഷൻ കമാൻഡർ റീഡ് വൈസ്മാന്റെ ശബ്ദം മുഴങ്ങി: "ഹൂസ്റ്റൺ. ഇന്റഗ്രിറ്റി. നിങ്ങളെ ഞങ്ങൾ വ്യക്തമായി കേൾക്കുന്നുണ്ട്".
യാത്രികരുടെ കുടുംബാംഗങ്ങളും നാസ ഉദ്യോഗസ്ഥരും ശ്വാസമടക്കിപ്പിടിച്ചിരുന്ന ഹൂസ്റ്റൺ കൺട്രോൾ റൂമിൽ അതോടെ ആശ്വാസത്തിന്റെ വലിയ കൈയടികൾ ഉയർന്നു. ഒടുവിൽ ശാന്തസമുദ്രത്തിൽ പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തു (splashdown).
ചരിത്രം കുറിച്ച് യാത്രികർ റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോച്ച് (ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിത), വിക്ടർ ഗ്ലോവർ (ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വെള്ളക്കാരനല്ലാത്ത വ്യക്തി), ജെറമി ഹാൻസെൻ (ആദ്യ അമേരിക്കക്കാരനല്ലാത്ത, കാനഡക്കാരനായ യാത്രികൻ) എന്നിവരായിരുന്നു ഈ ചരിത്രയാത്രയിലെ അംഗങ്ങൾ.
ഭൂമിയിൽ നിന്നും 4,06,771 കിലോമീറ്റർ അകലെവരെ ഇവർ യാത്ര ചെയ്തു. 1970-ലെ അപ്പോളോ 13 മിഷനേക്കാൾ 6,400 കിലോമീറ്റർ കൂടുതൽ ദൂരം സഞ്ചരിച്ച ഇവർ, ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് മനുഷ്യൻ നടത്തിയ യാത്ര എന്ന പുതിയ റെക്കോഡ് കുറിച്ചു. അതുവരെ നിർമിതബുദ്ധിയാൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ മാത്രം കണ്ടിട്ടുള്ള ചന്ദ്രന്റെ ഇരുണ്ട ഭാഗത്തുകൂടി ആർട്ടെമിസ് 2 സഞ്ചരിച്ചു.
സുപ്രധാന ലക്ഷ്യങ്ങൾ കൈവരിച്ചുവെങ്കിലും ചില പ്രശ്നങ്ങളും യാത്രികർക്ക് നേരിടേണ്ടി വന്നിരുന്നു. പേടകത്തിലെ ശൗചാലയം (toilet) തകരാറിലായതും, കുടിവെള്ള, പ്രൊപ്പല്ലന്റ് സിസ്റ്റങ്ങളിലെ വാൽവ് തകരാറുകളും സ്വകാര്യ കംപ്യൂട്ടിങ് ഡിവൈസുകളിലെ കണക്ടിവിറ്റി പ്രശ്നങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
എന്തായാലും നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വ്യക്തമാക്കിയത് പോലെ, വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനും സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള വലിയൊരു ചുവടുവെപ്പായിരുന്നു ഈ യാത്ര. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്നതിനും, ഭാവിയിൽ മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിനുമുള്ള ബൃഹത്തായ പദ്ധതികളുടെ തുടക്കം കൂടിയാണിത്.
Content Highlights: The Artemis 2 mission successfully concluded with four astronauts returning to Earth after a historic 10-day journey, breaking the record for the farthest human spaceflight while overcoming extreme re-entry temperatures and technical glitches.
Published: 11 Apr 2026, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented