വാഷിങ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍മേനോന്‍. 2026 ജൂണില്‍ റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തില്‍ അനില്‍ അന്താരാഷ്ട്രബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുമെന്ന് നാസ അറിയിച്ചു.
കസാഖ്സ്താനിലെ ബെയ്ക്ക്നൂറില്‍ നിന്നാകും വിക്ഷേപണം. റഷ്യയുടെ പയതോര്‍ ദുബ്രോവും അന്ന കികിനയുമാണ് ഒപ്പമുള്ള സഞ്ചാരികള്‍. പരീക്ഷണങ്ങള്‍ക്കായി എട്ടുമാസം നിലയത്തില്‍ ചെലവിടും. 2021-ലാണ് അനിലിനെ ബഹിരാകാശദൗത്യത്തിന് നാസ തിരഞ്ഞെടുത്തത്.
45കാരനായ ഡോ.അനില്‍ മേനോന്‍ 1976 ല്‍ മിനിസോട്ടയിലാണ് ജനിച്ചത്. യുഎസിലേക്ക് കുടിയേറിയ ശങ്കരന്‍ മോനോന്റേയും യുക്രൈന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് അദ്ദേഹം. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനുള്ള വിവിധ പര്യവേഷണങ്ങള്‍ക്കായി ക്രൂ ഫ്ളൈറ്റ് സര്‍ജനായി അദ്ദേഹം മുമ്പ് നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വ്യോമസേനയിലെ ഫ്ളെൈറ്റ് സര്‍ജനായിരുന്ന അദ്ദേഹം വ്യോമസേനയ്ക്ക് വേണ്ടിയുള്ള വിവിധ മെഡിക്കല്‍ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. 2010 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി ലെഫ്റ്റനന്റ് കേണല്‍ മേനോന്‍ 45-ാമത്തെ സ്പേസ് വിങില്‍ ഫ്ളൈറ്റ് സര്‍ജന്‍ എന്ന നിലയില്‍ പിന്തുണ നല്‍കുകയും 173-ആം ഫൈറ്റര്‍ വിംഗിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
2014 ലാണ് അനില്‍ മെനോന്‍ നാസയില്‍ ഫ്‌ളൈറ്റ് സര്‍ജനായെത്തുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. സോയൂസ് ദൗത്യങ്ങളിലെ ഡെപ്യൂട്ടി ക്രൂ സര്‍ജനായി പ്രവര്‍ത്തിച്ച അദ്ദേഹം ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ പിന്തുണ നല്‍കി.
2018 ലാണ് അനില്‍ സ്‌പേസ് എക്‌സിലെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനായി എത്തുന്നത്. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ദൗത്യങ്ങളിലും ഇന്‍സ്പിരേഷന്‍ 4, ഡെമോ 2 ദൗത്യങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 2021 ല്‍ അദ്ദേഹം സ്‌പേസ് എക്‌സ് വിട്ടു.
അതേവര്‍ഷമാണ് അനില്‍ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ടത്. 12000 അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരില്‍ ഒരാളായിരുന്നു അദ്ദേഹം. 2022 മുതല്‍ പരിശീലനം നേടി.
സ്പെയ്സ് എക്സില്‍ ജോലി ചെയ്യുന്ന അന്നാ മേനോനാണ് അനിലിന്റെ ഭാര്യ. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്ത് ഏറ്റവും അധികം ദൂരം എത്തിച്ച പൊളാരിസ് ഡൗണ്‍ ദൗത്യ സംഘത്തിലെ അംഗമായിരുന്നു അന്നാ മേനോന്‍. ഭൂമിയില്‍ നിന്ന് 1400 കിമി ദൂരെയുള്ള ഭ്രമണ പഥത്തിലാണ് ഇവരുടെ ദൗത്യപേടകം സഞ്ചരിച്ചത്. വ്യവസായിയായ ജാരെഡ് ഐസാക്ക്മാന്‍, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ് എന്നിവര്‍ക്കൊപ്പമായിരുന്നു അന്നയുടെ യാത്ര.
1995- ല്‍ മിനെസോട്ടയിലെ സമ്മിറ്റ് സ്‌കൂളില്‍ നിന്നും സെന്റ് പോള്‍ അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍ മോനോന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോളജിയില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദവും 2006 ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍, 2009 ല്‍ സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി മെഡിസില്‍ എന്നിവയിലും യോഗ്യതനേടി. വൈല്‍ഡെര്‍നെസ് മെഡിസിന്‍, എയറോസ്പേസ് മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയവയിലും ബിരുദമുണ്ട്.
ഹാര്‍വാര്‍ഡില്‍ ന്യൂറോബയോളജി പഠിക്കുകയും ഹണ്ടിംഗ്ടണ്‍സ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പോളിയോ വാക്സിനേഷന്‍ പഠിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അദ്ദേഹം ഇന്ത്യയിലും ഒരു വര്‍ഷം ചെലവഴിച്ചിട്ടുണ്ട്.
Content Highlights: NASA scientist Anil Menon, the first Malayali in space, will launch to the ISS in June 2026
Published: 02 Jul 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented