കാലിഫോര്ണിയ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ശ്രീധര് വെമ്പുവിന്റെ അഭിഭാഷകന് രംഗത്തെത്തിയിട്ടുണ്ട്.

വിവാഹമോചന കേസിൽ 1.7 ബില്യൺ (170 കോടി) ഡോളറിന്റെ (ഏകദേശം 1,53,23,06,90,000 ഇന്ത്യൻ രൂപ) ബോണ്ട് ഹാജരാക്കാൻ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പുവിനോട് നിർദേശിച്ച് യു.എസ് കോടതി. മുൻ ഭാര്യ പ്രമീള ശ്രീനിവാസന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ നടപടി എന്നാണ് വിശദീകരണം. കാലിഫോർണിയയിലെ അലമേഡ കൗണ്ടിയിലെ സുപ്പീരിയർ കോടതിയുടേതാണ് ഉത്തരവ്.
സോഹോയുടെ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കാൻ കോടതി റിസീവറെ നിയമിക്കുകയും സുപ്രധാന കോർപ്പറേറ്റ് പുനഃസംഘടനാ നീക്കം തടയുകയും ചെയ്തിട്ടുണ്ടെന്ന് ദി ന്യൂസ് മിനിട്ട് റിപ്പോർട്ടു ചെയ്തു.
തദ്ദേശീയമായി വികസിപ്പിച്ച അരാട്ടൈ മെസേജിങ് ആപ്പ്, സോഹോ മെയിൽ എന്നിവയിലൂടെ ശ്രദ്ധനേടിയ ടെക് കമ്പനിയാണ് സോഹോ കോർപ്പറേഷൻ. തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
തദ്ദേശീയ ഡിജിറ്റൽ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾ കമ്പനിക്ക് ഏറെ ഗുണംചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്റെ ഔദ്യോഗിക ആശയവിനിമയങ്ങൾ സോഹോ മെയിലിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ജെ.പി നഡ്ഡ എന്നിവരും സോഹോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
തദ്ദേശീയ സാങ്കേതിക മുന്നേറ്റത്തിന്റെ പേരിൽ സോഹോ ശ്രദ്ധ നേടുന്നതിനിടെയാണ് സഹസ്ഥാപകൻ ശ്രീധർ വെമ്പുവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ്. സ്വത്തവകാശവുമായി ബന്ധപ്പെട്ട് പ്രമീള ശ്രീനിവാസൻ നേരിടാൻ ഇടയുള്ള വിവേചനം തടയാൻ ഈ നടപടിആവശ്യമാണെന്ന് യു.എസ് കോടതി ചൂണ്ടിക്കാട്ടി.
സ്വത്തുക്കളുടെ കാര്യത്തിൽ പ്രമീളയുടെ താത്പര്യങ്ങൾ അവഗണിച്ചും നിയമത്തെ മാനിക്കാതെയുമാണ് ശ്രീധർ വെമ്പു പ്രവർത്തിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.
2024 നവംബറിൽ പ്രമീള ശ്രീനിവാസൻ ഫയൽ ചെയ്ത അപേക്ഷയിലാണ് കോടതി വിധി. സോഹോയിലെ ഓഹരികളിൽ വലിയൊരു ഭാഗം ശ്രീധർ വെമ്പു തന്റെ അറിവില്ലാതെ ഉപേക്ഷിച്ചതായി അവർ ആരോപിക്കുന്നു. എന്നാൽ വെമ്പു ഈ വാദം നിഷേധിച്ചു. സഹസ്ഥാപകനായിരുന്നിട്ടും വളരെക്കാലം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (CEO) പ്രവർത്തിച്ചിട്ടും സോഹോയിൽ തനിക്ക് 5 ശതമാനം ഓഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ സഹോദരങ്ങൾക്കാണ് ഇപ്പോൾ ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശം (80 ശതമാനത്തിലധികം). 2025 ലെ ഫോർബ്‌സ് പട്ടിക അനുസരിച്ച് വെമ്പുവിനും സഹോദരങ്ങൾക്കും 6 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.
ശ്രീധർ വെമ്പുവും പ്രമീള ശ്രീനിവാസനും മൂന്ന് പതിറ്റാണ്ടോളം ദമ്പതിമാരായി കഴിഞ്ഞിരുന്നു. വെമ്പു 2019-ലാണ് ഇന്ത്യയിലേക്ക് താമസം മാറ്റുന്നത്. അതിനുമുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ താമസിച്ചിരുന്നു. 2021-ലാണ് ഇരുവരും തമ്മിലുള്ള വിവാഹമോചന നടപടികൾ ആരംഭിക്കുന്നത്. കാലിഫോർണിയ നിയമപ്രകാരം വിവാഹസമയത്ത് നേടിയെടുത്ത സ്വത്തുക്കളിൽ ദമ്പതിമാർക്ക് തുല്യ അവകാശമുള്ളതായി കണക്കാക്കപ്പെടും. ഏതെങ്കിലും രേഖാമൂലമുള്ള കരാർ ഇല്ലാത്തപക്ഷം അവ തുല്യമായി വിഭജിക്കപ്പെടണം എന്നാണ് നിയമം.
അതിനിടെ, കാലിഫോർണിയ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ശ്രീധർ വെമ്പുവിന്റെ അഭിഭാഷകൻ രംഗത്തെത്തിയിട്ടുണ്ട്. പ്രമീളയ്ക്ക് സോഹോയിലെ തന്റെ ഓഹരികളുടെ 50 ശതമാനം നൽകാമെന്ന് വെമ്പു വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ അവർ അത് സ്വീകരിക്കാൻ വിസമ്മതിച്ചു. ശ്രീധർ ഇതിനകം കുടുംബ വീട്ടിലെ തന്റെ ഓഹരി അവർക്ക് കൈമാറിയിട്ടുണ്ട്. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകൻ ആരോപിച്ചു.
Content Highlights: California court orders Zoho co-founder Sridhar Vembu to furnish $1.7 billion bond in divorce case. Learn about the ongoing legal battle and its implications.
Published: 09 Jan 2026, 01:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented