അമേരിക്കയിലെ ടെക് ഇന്‍ഡസ്ട്രിയില്‍ വ്യാപകമാകുന്ന പുതിയ പ്രവണതയെ പിന്തുണച്ച് സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു രംഗത്ത്. മിടുക്കരായ ഹൈസ്‌കൂള്‍ ബിരുദധാരികള്‍ കോളേജ് പഠനം പൂര്‍ണമായി ഉപേക്ഷിച്ച് ജോലിക്ക് പ്രവേശിക്കുന്ന പുതിയ ട്രെന്‍ഡിനെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്. 'വലിയൊരു മാറ്റം' എന്ന് ഇതിനെ വിശേഷിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇത് പ്രാധാന്യത്തോടെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.

To advertise here,

'സമര്‍ഥരായ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കോളേജില്‍ പോകാതെ ജീവിതത്തില്‍ മുന്നോട്ട് പോകുന്നു. ദീര്‍ഘവീക്ഷണമുള്ള തൊഴില്‍ ദാതാക്കള്‍ അവരെ പിന്തുണയ്ക്കുന്നു' പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന സര്‍വകലാശാലാ വിദ്യാഭ്യാസത്തെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് 22 ഹൈസ്‌കൂള്‍ ബിരുദധാരികളെ നിയമിച്ച അമേരിക്കന്‍ ടെക് കമ്പനിയായ പാലന്റീറിന്റെ നിയമന പരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് വെമ്പു എക്‌സില്‍ കുറിച്ചു.

ഈ നീക്കം യുവജനങ്ങളെ യഥാര്‍ത്ഥത്തില്‍ ശാക്തീകരിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതാണ് യഥാര്‍ത്ഥ 'യൂത്ത് പവര്‍'. യുവജനങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്നു. ഒരു ബിരുദം നേടുന്നതിനുവേണ്ടി വലിയ കടബാധ്യത ഉണ്ടാക്കിവെക്കാതെ സ്വന്തം വഴികള്‍ കണ്ടെത്താനും ഇത് പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പകളുടെ ഭീമമായ ഭാരമടക്കം ചൂണ്ടിക്കാട്ടിയാണ് ശ്രീധര്‍ വെമ്പുവിന്റെ പരാമര്‍ശം. കോളേജ് വിദ്യാഭ്യാസം എന്തുവില കൊടുത്തും നേടേണ്ട ഒന്നാണെന്ന ഇന്ത്യന്‍ രക്ഷിതാക്കളുടെ ചിന്താഗതി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിദ്യാസമ്പന്നരായ ഇന്ത്യന്‍ രക്ഷിതാക്കളും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും പ്രമുഖ കമ്പനികളും അമേരിക്കയിലെ പുതിയ പ്രവണത ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ ഇടത്തരക്കാര്‍ക്ക് ഈ അമേരിക്കന്‍ പ്രവണത പ്രധാനപ്പെട്ട പാഠങ്ങള്‍ നല്‍കുന്നതാണ്. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കോളേജ് വിദ്യാഭ്യാസവും ബിരുദങ്ങളും വിജയത്തിന്റെ അടയാളങ്ങളായി ഇവിടെ ഇന്നും പരിഗണിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഹോയില്‍ ജോലികിട്ടാന്‍ കോളേജ് ബിരുദം ആവശ്യമില്ല

പുതിയ ആശയത്തെ പിന്തുണയ്ക്കുക മാത്രമല്ല അത് നടപ്പിലാക്കുകയും ചെയ്യുമെന്നാണ് ശ്രീധര്‍ വെമ്പു പറയുന്നത്. സോഹോയില്‍ ഒരു ജോലിക്കും കോളേജ് ബിരുദം ആവശ്യമില്ല. ബിരുദമില്ലാത്ത യുവാക്കളായ ജീവനക്കാര്‍ സോഹോയെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഉന്നത വിദ്യാഭ്യാസത്തോടുള്ള അമേരിക്കന്‍ ജനതയുടെ മനോഭാവത്തില്‍ നാടകീയമായ മാറ്റമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം വെമ്പു ഇന്ത്യന്‍ രക്ഷിതാക്കള്‍ക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. 70 ശതമാനം അമേരിക്കക്കാരും ഉന്നത വിദ്യാഭ്യാസം തെറ്റായ ദിശയിലാണ് പോകുന്നതെന്ന് വിശ്വസിക്കുന്നു എന്നാണ് സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നത്. 55 ശതമാനം കോളേജുകള്‍ക്കും നല്ല ശമ്പളമുള്ള ജോലികള്‍ ലഭിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ കഴിയുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം യുവബിരുദധാരികള്‍ വലിയ കടബാധ്യത പേറുകയും ചെയ്യുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.