യുറ്റ്യൂബ് ഉപയോഗിക്കുന്ന രീതി ഉടൻ അടിമുടി മാറിയേക്കാം. വാക്കുകൾ ടൈപ്പ് ചെയ്തും തമ്പ് നെയിൽ സ്‌ക്രോൾ ചെയ്തും  യുറ്റ്യൂബിൽ വീഡിയോ തിരയുന്ന രീതിയിൽ മാറ്റംവരികയും കൂടുതൽ മെച്ചപ്പെട്ട അനുഭവം ഉപയോക്താക്കൾക്ക് ലഭിക്കുകയും ചെയ്യുമെന്നാണ് സൂചനകൾ. വീഡിയോകൾക്കായി കോൺവർസേഷണൽ AI ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നവീകരണമാണ് നിലവിൽ ഗൂഗിൾ പരീക്ഷിക്കുന്നത്. Ask YouTube എന്ന ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് വിവരങ്ങൾ കണ്ടെത്താനും വീഡിയോകൾ സംഗ്രഹിക്കാനും യാത്രാ പദ്ധതികൾ ആസുത്രണം ചെയ്യാനും സാധിക്കും. സെർച്ച് റിസൾട്ട്‌സിൽ നിന്നോ വീഡിയോ പ്ലേയറിൽ നിന്നോ പുറത്തുപോകാതെ ഇതെല്ലാം സാധ്യമാക്കാനാണ് കോൺവർസേഷണൽ AI ഉപയോഗിക്കുന്നത്.

To advertise here,

'Ask' ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു

ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതോടെ സെർച്ച് ബാറിലോ വീഡിയോയുടെ താഴെയോ ഒരു പുതിയ ബട്ടൺ ദൃശ്യമാകും. വീഡിയോകളുടെ ലിസ്റ്റ് നൽകുന്നതിനു പകരം, AIക്ക് സ്മാർട്ട് സംഗ്രഹങ്ങൾ, തുടർച്ചയായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, വീഡിയോയിലെ ഇടപെടലുകൾ എന്നിവ അടക്കമുള്ള 'ചാറ്റ്' അനുഭവം നൽകാൻ കഴിയും.

ആർക്കൊക്കെ ഇത് ഉപയോഗിക്കാം

ഈ ഫീച്ചർ നിലവിൽ 'ലാബ്‌സ്' ടെസ്റ്റിങ് ഘട്ടത്തിലാണ്. ഇതിൽ പ്രവേശിക്കാൻ ചില നിബന്ധനകളുണ്ട്. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള യുറ്റ്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് ഇത് ടെസ്റ്റ് ചെയ്യാൻ ലഭ്യമാണ്. ടെസ്റ്റ് ഇപ്പോൾ ലൈവാണ്. അത് 2026 ജൂൺ എട്ടുവരെ പ്രവർത്തിക്കുന്ന തരത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ്, കൊറിയൻ, അറബിക്, തായ്, ഇൻഡോനീഷ്യൻ, ജാപ്പനീസ് ഭാഷകളിൽ ഈ ടൂൾ ലഭ്യമാണ്.

എങ്ങനെ പരീക്ഷിക്കാം

പ്രീമിയം സബ്‌സ്‌ക്രൈബമാർക്ക് യുറ്റ്യൂബ്  ലാബ്‌സ് പേജ് വഴി ഇതിലേക്ക് ഓപ്റ്റ്-ഇൻ ചെയ്യാവുന്നതാണ്. ഒരിക്കൽ ആക്ടീവ് ആക്കിയാൽ അത് പല ഉപകരണങ്ങളിലും ഉപയോഗിക്കാം:

മൊബൈലിലും വെബിലും ഉപയോഗിക്കാൻ വീഡിയോയുടെ താഴെയുള്ള Ask ബട്ടണിലോ സെർച്ച് ബാറിലോ ടാപ്പ് ചെയ്യുക. തുടർന്ന് ഒരു ചോദ്യ ടൈപ്പ് ചെയ്യുക അല്ലെങ്കിൽ 'ഈ വീഡിയോ സംഗ്രഹിക്കുക' പോലുള്ള പ്രോംപ്റ്റുകൾ തിരഞ്ഞെടുക്കുക. സ്മാർട്ട് ടിവികളിലും ഗെയിം കൺസോളുകളിലും വീഡിയോ കാണുമ്പോൾ വിശദാംശങ്ങൾ ലഭിക്കാൻ റിമോട്ടിലെ അപ്പ് അല്ലെങ്കിൽ ഡൗൺ ആരോ അമർത്തിയാൽ മതിയാകും. വോയിസ് ഇൻപുട്ട് ഉപയോഗിക്കാൻ AI ബട്ടൺ തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിർദ്ദേശിക്കപ്പെട്ട പ്രോംപ്റ്റ് തിരഞ്ഞെടുക്കുക.

ഈ ടൂൾ ഇപ്പോഴും വികസന ഘട്ടത്തിലാണെന്ന് യുറ്റ്യൂബ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. AI ജനറേറ്റ് ചെയ്ത പ്രതികരണങ്ങൾ യുറ്റ്യൂബിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിക്കുന്നില്ലെന്നും അവർ പറയുന്നു. ടെസ്റ്റിംഗ് കാലയളവിൽ ഗുണമേന്മയിലും കൃത്യതയിലും വ്യത്യാസങ്ങളും വന്നേക്കാം.