2027-ലെ സെൻസസിന് വേണ്ടി ഇന്ത്യൻ രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുത്ത എസ്റി ആർക് ജിഐഎസ് (Esri ArcGIS) എന്ന ജിയോഗ്രഫിക് ഇൻഫർമേഷൻ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകൾ ഉയരുന്നു. മുമ്പ് ചൈനീസ് ഹാക്കർമാർ കടന്നുകയറിയ സോഫ്റ്റ്‌വെയർ ആണിതെന്നത് ഉൾപ്പെടെയുള്ള ആശങ്കകളാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐഎഫ്എഫ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

To advertise here,

ഈ സോഫ്റ്റ്‌വെയറിൽ മുമ്പ് ചൈനീസ് സർക്കാർ പിന്തുണയുള്ള ഫ്ളാക്സ് ടൈഫൂൺ എന്ന ഹാക്കർ സംഘം ഒരു വർഷത്തോളം ആരുമറിയാതെ കടന്നുകയറി പ്രവർത്തിച്ചതായി കണ്ടെത്തിയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. 145 കോടി ജനങ്ങളുടെ സെൻസസ് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ ഇങ്ങനെയൊരു സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് വലിയ സുരക്ഷാ വെല്ലുവിളിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ടെൻഡറില്ലാതെ 14.38 കോടി രൂപയുടെ കരാർ

ഇത് മറ്റ് കമ്പനികൾക്ക് മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിക്കൊണ്ട് 'പ്രൊപ്രൈറ്ററി ആർട്ടിക്കിൾ സർട്ടിഫിക്കറ്റ്' എന്ന മാർഗത്തിലൂടെയാണ് ഈ സോഫ്റ്റ്‌വെയർ വാങ്ങിയത്. 2026 ജൂൺ 10-നാണ് 'കോർപ്പറേറ്റ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് 14,38,74,322 രൂപയ്ക്ക് കരാർ നൽകിയത്.

എസ്റി ആർക് ജിഐഎസ് (Esri ArcGIS)

അമേരിക്കയിലെ കാലിഫോർണിയയിലെ റെഡ്‌ലാൻഡ്സ് ആസ്ഥാനമായ എസ്റി ( Esri Inc.) ആണ് ArcGIS പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്. എസ്റിയുടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ അമേരിക്കൻ കമ്പനിയായ എസ്റി ഐഎൻസിയ്ക്ക് വലിയ ഓഹരി പങ്കാളിത്തമുണ്ട്. സോഫ്റ്റ്‌വെയറിന്റെ ലൈസൻസ് ആക്ടിവേഷൻ, സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയുടെ നിയന്ത്രണവും എസ്റിക്കാണ്. എസ്റി അമേരിക്കൻ കമ്പനിയായതിനാൽ, യുഎസ് ക്ലൗഡ് ആക്റ്റ് പ്രകാരം യുഎസ് അന്വേഷണ ഏജൻസികൾക്ക് ഡാറ്റയിൽ നിയന്ത്രണം ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഇതിൽ ഇന്ത്യയുമായി ഉഭയകക്ഷി കരാറുകളൊന്നുമില്ലെന്നും ഐഎഫ്എഫ് പറയുന്നു.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിവിധ പ്രവർത്തനങ്ങൾക്കായി എസ്റി ഇന്ത്യയുടെ സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുക. വീടുകളുടെ സ്ഥാനം ഉൾപ്പെടെ ജാതി, മതം, ഭിന്നശേഷി, ലിംഗ സ്വത്വം, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, കുടുംബത്തിലെ അംഗങ്ങളുടെ ഘടന തുടങ്ങിയ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ചൈനീസ് ഹാക്കർമാർ നുഴഞ്ഞുകയറി സോഫ്റ്റ്‌വെയർ

  • ആർക് ജിഐഎസ് സെർവറിനുള്ളിൽ ചൈനീസ് സർക്കാർ പിന്തുണയുള്ള ഫ്ലാക്സ് ടൈഫൂൺ എന്ന ഹാക്കിങ് സംഘം രഹസ്യമായി കടന്നുകയറി ഒരുവർഷത്തിലേറെ കാലം പ്രവർത്തിച്ചു. 2025 ഓഗസ്റ്റിൽ റെലിയക്വസ്റ്റ് എന്ന സ്ഥാപനമാണ് ഇത് കണ്ടെത്തിയത്. സിസ്റ്റത്തിലെ ജാവ സെർവർ ഒബ്ജക്റ്റ് എക്സ്റ്റൻഷൻ (SOE) രൂപമാറ്റം വരുത്തിയാണ് അവർ നുഴഞ്ഞുകയറിയത്.
  • ഈ സുരക്ഷാ വീഴ്ച പരിഹരിക്കാൻ എസ്റി പ്രത്യേകം പാച്ചുകളൊന്നും നൽകിയിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള മുഴുവൻ ബാധ്യതയും ഉപഭോക്താവിന്റെ കോൺഫിഗറേഷനിലേക്ക് മാറ്റുകയാണ് കമ്പനി ചെയ്തത്.
  • ഇതിന് പുറമെ 2024 മുതൽ 2026 വരെ ഗുരുതരമായ മൂന്ന് സുരക്ഷാ വീഴ്ചകളും ഈ സോഫ്റ്റ്‌വെയറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2024 ഓഗസ്റ്റിൽ മാത്രം 12 സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള അപ്ഡേറ്റുകൾ എസ്റിക്ക് പുറത്തിറക്കേണ്ടി വന്നിട്ടുണ്ട്.
  • 45 കോടി ജനങ്ങളുടെ സെൻസസ് വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന ഈ സംവിധാനത്തിന് പ്രത്യേകമായ സ്വതന്ത്ര സൈബർ സുരക്ഷാ മേൽനോട്ടം ഉണ്ടോയെന്ന കാര്യത്തിൽ പൊതുരേഖകളിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
  • ഐഎസ്ആർഒയുടെ ഭുവൻ (Bhuvan), കൂടാതെ ക്യുജിഐഎസ് (QGIS), പോസ്റ്റ്ജിഐഎസ് (PostGIS) തുടങ്ങിയ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഇന്ത്യയിൽ ലഭ്യമായിരിക്കെ, എന്തുകൊണ്ടാണ് അവ ഒഴിവാക്കി എസ്റിയുടെ സുരക്ഷാ വീഴ്ചകൾക്ക് പേരുകേട്ട ഒരു സോഫ്റ്റ്‌വെയർ വാങ്ങിയത് എന്നതിന് വ്യക്തമായ സാങ്കേതിക കാരണങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നും ഐഎഫ്എഫ് റിപ്പോർട്ടിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ രജിസ്ട്രാർ ജനറൽ ഓഫീസിൽ വിവരാവകാശ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. രജിസ്ട്രാർ ജനറൽ ഓഫീസിനും Esri ഇന്ത്യയ്ക്കും വിശദീകരണം തേടി കത്തുകളും അയച്ചിട്ടുണ്ട്.

പുതിയ രാഷ്ട്രീയ വിവാദം

രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നാരോപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ കുടുംബങ്ങളുടെ താമസസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കൻ, ചൈനീസ് സ്ഥാപനങ്ങളുടെ കൈകളിലെത്തിയിരിക്കുകയാണെന്നും ഇത് വെറുമൊരു സ്വകാര്യതാ ലംഘനമല്ല, രാജ്യത്തിന്റെ ദേശീയ സുരക്ഷയെപ്പോലും ഗുരുതരമായി ബാധിക്കാവുന്ന വിഷയമാണിതെന്നും ആരോപിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പവൻ ഖേര രംഗത്തുവന്നു.

സൈനികരുടെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയുമെല്ലാം താമസസ്ഥലം വെളിപ്പെടുത്താൻ ഇത് ഇടയാക്കുമെന്നും അത് തെറ്റായ കൈകളിലെത്തിയാൽ സുരക്ഷാഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഡാറ്റാ സുരക്ഷയിൽ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹത്തിന്റെ ആശങ്കകൾ എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.