വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഇനി നേരിട്ട് ഐപാഡിൽനിന്ന് അക്കൗണ്ടിൽ ലോഗിൻ ചെയ്യാം. ഇതിനായുള്ള പുതിയ അപ്ഡേറ്റ് കമ്പനി അവതരിപ്പിച്ചു. ഇതുവരെയും ഒരു കമ്പാനിയൻ മോഡിൽ അഥവാ, ഒരു സെക്കൻഡറി ഡിവൈസ് എന്ന രീതിയിലാണ് ഐപാഡ് പ്രവർത്തിച്ചിരുന്നത്. അതായത് ഐഫോണിലോ ആൻഡ്രോയിഡിലോ വാട്സാപ്പ് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഐപാഡിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. നിലവിൽ വാട്സാപ്പ് വെബ്ബിൽ ലോഗിൻ ചെയ്യുന്നതുപോലെ ക്യൂആർ കോഡ് സ്കാൻ ചെയ്താണ് ഐപാഡിൽ ലോഗിൻ ചെയ്തിരുന്നത്. പുതിയ മാറ്റം വരുന്നതോടെ ഉപഭോക്താക്കൾക്ക് മറ്റൊരു ഉപകരണത്തിന്റെ സഹായമില്ലാതെ ഐപാഡിൽത്തന്നെ ലോഗിൻ ചെയ്യാം.

To advertise here,

സെക്കൻഡറി ഉപകരണം എന്ന നിലയിലുള്ള ഐപാഡിലെ വാട്സാപ്പ് അനുഭവം മികച്ച രീതിയിൽ തന്നെയായിരുന്നു എന്നതിൽ തർക്കമില്ല, എന്നാൽ അതിൽ പരിമിതികൾ ഏറെയുണ്ടായിരുന്നു. ഉദാഹരണത്തിന്, കമ്പാനിയൻ മോഡിൽ ലൈവ് ലൊക്കേഷൻ അയക്കാനോ ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനോ സാധിക്കുമായിരുന്നില്ല. 14 ദിവസങ്ങൾക്കിടയിൽ ഒരിക്കലെങ്കിലും പ്രൈമറി ഫോണിൽ വാട്സാപ്പ് തുറന്നില്ലെങ്കിൽ ഐപാഡ് ഉൾപ്പെടെ ബന്ധപ്പെട്ട ഉപകരണങ്ങളിൽ നിന്നെല്ലാം അക്കൗണ്ട് ലോഗ് ഔട്ട് ആകുമായിരുന്നു.

വാട്സാപ്പിന്റെ ഐപാഡ് ഒഎസിനുവേണ്ടിയുള്ള 26.25.74 അപ്ഡേറ്റിലാണ് ഈ മാറ്റം ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് വാട്സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റ ഇൻഫോ പറഞ്ഞു.

ഒരു ഫോണിൽ വാട്സാപ്പ് എങ്ങനെയാണോ ലോഗിൻ ചെയ്യുന്നത്, അതുപോലെതന്നെ ഇനി ഐപാഡിലെ വാട്സാപ്പ് ആപ്പിലും ലോഗിൻ ചെയ്യാം. ഫോൺ നമ്പർ നൽകിയതിനുശേഷം വരുന്ന ആറക്ക വെരിഫിക്കേഷൻ കോഡ് നൽകിയാൽ ലോഗിൻ പൂർത്തിയാവും. പാസ് കീ നേരത്തേ സെറ്റ് ചെയ്തവരാണെങ്കിൽ വെരിഫിക്കേഷൻ കോഡിനുപകരം അത് ഉപയോഗിക്കാം.

അതേസമയം കമ്പാനിയൻ മോഡ് വാട്സാപ്പ് ഒഴിവാക്കില്ല. ഐഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു കമ്പാനിയൻ ഡിവൈസായി മാത്രം ഐപാഡ് ഉപയോഗിച്ചാൽ മതിയെങ്കിൽ തുടർന്നും അത് അങ്ങനെ ചെയ്യാം. അതിനായി ഐപാഡിൽ ആദ്യമായി വാട്സാപ്പ് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഓപ്ഷനുകൾ ലഭ്യമാകും.

നിലവിൽ ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളതെന്നാണ് വിവരം. മറ്റുള്ളവർക്ക് താമസിയാതെ എത്തിയേക്കും.