പുണെ: രാജ്യത്തെ 5ജി വിന്യാസം തങ്ങളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമാണെന്ന് വോഡഫോണ്‍ ഐഡിയ. 5ജി രംഗത്തേക്ക് വളരെ വൈകി കടന്നുവരുന്നതിന്റെ ആനുകൂല്യം തങ്ങള്‍ക്കുണ്ടെന്നും 5ജി സേവനങ്ങള്‍ ഇതിനകം വിന്യസിച്ചുകഴിഞ്ഞ മറ്റ് കമ്പനികളുടെ അനുഭവങ്ങളും അവരുടെ പരീക്ഷണങ്ങളും തങ്ങള്‍ക്ക് മുന്നിലുണ്ടെന്നും, അതിനാല്‍ ജി വിന്യാസത്തിന് സ്വന്തമായി പരീക്ഷണങ്ങളോ മറ്റും നടത്തേണ്ടതില്ലെന്നും വോഡഫോണ്‍ പറഞ്ഞു.

To advertise here,

'ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒരു ട്രയലിന്റെ ആവശ്യമില്ല. എല്ലാ പരിശോധനകളും നേരത്തെ തന്നെ ചെയ്തുകഴിഞ്ഞതാണ്. ഞങ്ങള്‍ക്ക് അത് പകര്‍ത്തിയാല്‍ മാത്രം മതി. സാങ്കേതിക വിദ്യയെ കുറിച്ച് നേരത്തെ തന്നെ അറിയാം. വോഡഫോണ്‍ ഐഡിയ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജഗ്ബീര്‍ സിങ് തിങ്കളാഴ്ച പുണെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

5ജി രംഗത്ത് ഇതിനകം ഉപയോഗത്തിലുള്ള സാങ്കേതിക വിദ്യകളാണ് തങ്ങളുടെ പക്കലുള്ളതെന്നും അതിനാല്‍ തുടക്കക്കാരെ പോലെ പരീക്ഷണങ്ങളോ പ്രത്യേക സ്ട്രാറ്റജിയോ വേണ്ടെതില്ലെന്ന് സിടിഒ പറഞ്ഞുവെക്കുന്നു.

നിലവില്‍ വാണിജ്യ പ്രാധാന്യം നല്‍കുന്ന ഇടങ്ങളില്‍ മാത്രമാണ് 5ജി വിന്യസിച്ചുകൊണ്ടിരിക്കുന്നത്. 17 സര്‍ക്കിളുകളിലായി 29 നഗരങ്ങളില്‍ വോഡഫോണ്‍ 5ജി വിന്യസിച്ചുകഴിഞ്ഞു. ഘട്ടം ഘട്ടമായാണ് തങ്ങള്‍ 5ജി വിന്യാസം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അതില്‍ ആദ്യ ഘട്ടം നടപ്പിലാക്കിയെന്നും കമ്പനി വ്യക്തമാക്കി.

5ജി വിന്യാസത്തിന് പിന്നാലെ 20% മുതല്‍ 30 ശതമാനം വരെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഓരോ സര്‍ക്കിളുകളുടെ അടിസ്ഥാനത്തിലും ഉപഭോക്താക്കളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലും ഇതില്‍ മാറ്റമുണ്ടാവും. 5ജിയിലൂടെ അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതുവഴി നെറ്റ് വര്‍ക്ക് ട്രാഫിക്കും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജഗ്ബീര്‍ സിങ് പറഞ്ഞു.