ആദ്യകാല ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പായ 'വൈൻ' (Vine) ഒരു പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു. ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസിയുടെ പിന്തുണയോടെ 'ഡിവൈൻ' (Divine) എന്ന പേരിലാണ് ഈ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. പഴയ വൈൻ ആപ്പിലെ ജനപ്രിയമായ ആറ് സെക്കൻഡ് ദൈർഘ്യമുള്ള ലൂപ്പിങ് (looping) വീഡിയോ ഫോർമാറ്റ് തന്നെയാണ് ഡിവൈനിന്റെയും പ്രധാന ആകർഷണം.

To advertise here,

ഉപയോക്താക്കൾക്ക് പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാമെന്നതിന് പുറമെ, പഴയ വൈൻ ആപ്പിലെ വീഡിയോകളുടെ വലിയൊരു ആർക്കൈവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം വരുന്ന പഴയ ക്രിയേറ്റർമാരുടെ ഏകദേശം അഞ്ചു ലക്ഷത്തോളം വീഡിയോകൾ ഈ പ്ലാറ്റ്‌ഫോമിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. ആർക്കൈവ് ടീം സൂക്ഷിച്ചുവെച്ചിരുന്ന പഴയ ഡാറ്റ ഉപയോഗിച്ച്, എവൻ ഹെൻഷാ-പ്ലാത്ത് എന്നയാളുടെ നേതൃത്വത്തിലാണ് ഡിവൈൻ വികസിപ്പിച്ചിരിക്കുന്നത്.

ഡിവൈൻ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ഉപയോക്താക്കൾക്കായി ലഭ്യമായിത്തുടങ്ങിയെന്ന് ടെക് ക്രഞ്ച് (TechCrunch) റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പ്ലാറ്റ്‌ഫോമുകളിലും നോസ്റ്റർ (Nostr) അധിഷ്ഠിത സാപ്‌സ്റ്റോറിലും (Zapstore) ആപ്പ് സൗജന്യമായി ലഭ്യമാണ്. നിലവിൽ പ്രവേശനം പരിമിതമാണ്; വെയ്റ്റ്‌ലിസ്റ്റിലുള്ള ഉപയോക്താക്കൾക്കാണ് ആദ്യം ലഭ്യമാക്കുന്നത്. മറ്റുള്ളവർക്ക് ഇൻവൈറ്റ് കോഡുകളിലൂടെ ഘട്ടംഘട്ടമായി ഇതിൽ ചേരാമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർമിത ബുദ്ധി വീഡിയോകൾ അനുവദിക്കില്ല

നിർമിത ബുദ്ധി (AI) നിർമിത വീഡിയോകളെ ഈ പ്ലാറ്റ്‌ഫോം കർശനമായി നിയന്ത്രിക്കുന്നു എന്നതാണ് ഡിവൈനിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ആപ്പിനുള്ളിൽ നേരിട്ട് റെക്കോർഡ് ചെയ്യുന്നതോ അല്ലെങ്കിൽ നിർമ്മാണ രീതി വ്യക്തമാക്കുന്ന C2PA മാനദണ്ഡങ്ങൾ പാലിക്കുന്നതോ ആയ മനുഷ്യനിർമിത വീഡിയോകൾക്ക് മാത്രമാണ് ഇതിൽ മുൻഗണന നൽകുന്നത്. അതുപോലെ തന്നെ, പൂർണ്ണമായും വികേന്ദ്രീകൃതമായ നോസ്റ്റർ (Nostr) പ്രോട്ടോക്കോളിലാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.

മേയ് 2025-ൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നതിനായി രൂപീകരിച്ച 'ആൻഡ് അതർ സ്റ്റഫ്' (And Other Stuff) എന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് ഡിവൈൻ പ്രോജക്റ്റിന് പിന്നിലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ജാക്ക് ഡോർസി ഇതിനെ ഒരു വാണിജ്യ സംരംഭമായല്ല കാണുന്നത്, മറിച്ച് തന്റെ ട്വിറ്റർ കാലഘട്ടത്തിൽ വൈൻ നിർത്തലാക്കിയതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്.

ആദ്യകാല വൈൻ ക്രിയേറ്റർമാരായ ലിലി പോൺസ്, ജിമ്മിഹിയർ, മൈറ്റിഡക്ക്, ജാക്ക് ആൻഡ് ജാക്ക് എന്നിവർ വൈൻ പ്ലാറ്റ്‌ഫോമിനെ തിരികെ കൊണ്ടുവരുന്നതിൽ ഏറെ താല്പര്യം കാണിച്ചിട്ടുണ്ട്. ഇവരുടെ സഹായവും ആപ്പിന്റെ നിർമാണത്തിലുണ്ടെന്നാണ് വിവരം.