ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് സ്ഥിരമായി മനുഷ്യസാന്നിധ്യം ഉറപ്പാക്കാനും ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമാണ് നാസ ലക്ഷ്യമിടുന്നത്. അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യമാണ് ഒരു ദൗത്യത്തിന്റെ ഭാഗമായി എത്ര ബഹിരാകാശ സഞ്ചാരികൾക്ക് ഒരേ സമയം ചന്ദ്രനിൽ താമസിക്കാനാവും എന്നത്. ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം.

To advertise here,

ചന്ദ്രനിൽ സ്ഥിരമായി താവളമൊരുക്കാനുള്ള പദ്ധതി വിജയമാകണമെങ്കിൽ, ചന്ദ്രനിൽ പരമാവധി ആറ് പേർ ഒരേസമയം താമസിക്കുന്നതാണ് ഉചിതമെന്ന് അമേരിക്കയിലെ ജോർജ് മേസൺ സർവകലാശാലയിലെ ഗവേഷകർ 'PLOS ONE' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇവർക്ക് സ്ഥിരമായ ഇടവേളകളിൽ ഭൂമിയിൽ നിന്നുള്ള അവശ്യസാധനങ്ങൾ നൽകുകയും വേണം. ഈ രീതിയാണ് ദൗത്യത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും അപ്രതീക്ഷിത വെല്ലുവിളികളെ നേരിടാനും ഏറ്റവും അനുയോജ്യമെന്ന് പഠനം പറയുന്നു.

അതേസമയം ആളുകളുടെ എണ്ണം കുറയുന്നതും അവശ്യസാധനങ്ങൾ എത്തിക്കുന്നതിന്റെ ഇടവേള വർധിക്കുകയും ചെയ്താൽ അത് വലിയ വെല്ലുവിളിയായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

സഞ്ചാരികളുടെ എണ്ണം ചരക്കുകൾ എത്തിക്കുന്നതിന്റെ സമയക്രമം എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള വിവിധ സാഹചര്യങ്ങൾ ഗവേഷകർ പരിശോധിച്ചു. ഇതിലാണ് രണ്ടാഴ്ച കൂടുമ്പോൾ ഭൂമിയിൽ നിന്നുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കിക്കൊണ്ട് ആറ് ബഹിരാകാശയാത്രികർ ഒരേസമയം ചന്ദ്രനിൽ താമസിക്കുന്നതാണ് ഏറ്റവും മികച്ചതും വിജയസാധ്യതയുള്ളതുമായ രീതിയെന്ന നിഗമനത്തിൽ ഗവേഷകർ എത്തിയത്.

കേവലം നാല് യാത്രികർ മാത്രം ചന്ദ്രനിൽ കഴിയുകയും, മാസത്തിൽ ഒരു തവണ മാത്രം ഭൂമിയിൽ നിന്ന് സാധനങ്ങൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നും ഈ അവസ്ഥയിൽ റേഡിയേഷൻ, ഉൽക്കാ ശകലങ്ങൾ എന്നിവയുടെ ആഘാതം തുടങ്ങിയവയിൽ നിന്നുള്ള വെല്ലുവിളികൾക്ക് സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

ഗവേഷകർ 'ഏജന്റ്-ബേസ്ഡ് മോഡലിംഗ്' (agent-based modelling) എന്ന കംപ്യൂട്ടർ സിമുലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്. ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശയാത്രികർ പരസ്പരം എങ്ങനെ ഇടപഴകുന്നുവെന്നും അവർ ചുറ്റുപാടുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു.

ഒറ്റപ്പെട്ടതും പരിമിതികളുള്ളതുമായ ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുമ്പോൾ യാത്രികരുടെ മാനസികാരോഗ്യത്തിനും, അവർ തമ്മിലുള്ള മികച്ച ആശയവിനിമയത്തിനും വലിയ പ്രാധാന്യമുണ്ട്. യാത്രികരുടെ വ്യക്തിപരമായ കഴിവുകൾ പോലെ തന്നെ പ്രധാനമാണ് അവർ തമ്മിലുള്ള ഇടപെടലുകളും. കേവലം പരിശീലനം വർദ്ധിപ്പിക്കുന്നത് കൊണ്ട് മാത്രം ദീർഘകാല ചാന്ദ്ര ദൗത്യങ്ങളിലെ വെല്ലുവിളികൾ നേരിടാൻ കഴിയില്ല. പകരം യാത്രികരുടെ എണ്ണം, ദൗത്യത്തിന്റെ കാലാവധി, സാധനങ്ങൾ എത്തിക്കുന്ന സമയം, അടിയന്തര സാഹചര്യങ്ങൾക്കുള്ള മുൻകരുതലുകൾ എന്നിവ കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

അന്റാർട്ടിക്കയിലെ ഗവേഷണ കേന്ദ്രങ്ങൾ, അന്തർവാഹിനികൾ, കടലിലെ എണ്ണ ഖനന കേന്ദ്രങ്ങൾ തുടങ്ങിയ ഒറ്റപ്പെട്ട ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരിൽ നിന്നുള്ള പാഠങ്ങളും ഈ പഠനത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.