
തങ്ങളുടെ ആയുധശേഖരത്തിലേക്ക് പുതിയ അത്യാധുനിക ഡ്രോണ്‍ കൂട്ടിച്ചേര്‍ത്ത് യുക്രൈന്‍. റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ് സേനയ്ക്ക് കരുത്തേകാന്‍ പുതിയ ഡ്രോണ്‍ എത്തുന്നത്. ശത്രുവിന്റെ താവളത്തില്‍ പോയി ആക്രമണം നടത്തിയ ശേഷം തിരികെയെത്താന്‍ കഴിയുമെന്നതിനാല്‍ പുതിയ ഡ്രോണ്‍ പുനരുപയോഗിക്കാനും കഴിയും.
യുക്രൈന്‍ സൈന്യത്തിന്റെ ഡ്രോണ്‍ വിഭാഗം പുതിയ ഡ്രോണ്‍ എത്തിയ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 'യുദ്ധഭൂമിയിലെ കളിയുടെ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ കഴിയുന്ന സവിശേഷമായ ഒന്ന്' എന്നാണ് സേന ഡ്രോണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് റഷ്യ ആക്രമിക്കാന്‍ ആരംഭിച്ചതുമുതല്‍ യുക്രൈന്റെ എഞ്ചിനീയര്‍മാര്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിരുന്നു.
അടുത്തിടെ 1610 കിലോമീറ്റര്‍ ദൂരെയുള്ള റഷ്യന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടന്നതോടെയാണ് യുക്രൈന്‍ പുനരുപയോഗിക്കാവുന്ന ബോംബര്‍ ഡ്രോണുകള്‍ വികസിപ്പിച്ചതായുള്ള അഭ്യൂഹം ശക്തമായത്. യുക്രൈന്റെ ഡ്രോണ്‍ ദീര്‍ഘദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് ബോംബ് വര്‍ഷിച്ചശേഷം സുരക്ഷിതമായി തിരികെയെത്തി എന്ന് ഫോര്‍ബ്‌സ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
250 കിലോഗ്രാം ബോംബ് വഹിച്ചുകൊണ്ട് 2000 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് യുക്രൈന്റെ പുതിയ ഡ്രോണ്‍. ലക്ഷ്യത്തില്‍ ബോംബാക്രമണം നടത്തിയശേഷം സുരക്ഷിതമായി തിരികെ പറന്ന് സൈനിക ബേസിലെത്താനും ഇതിന് കഴിയും. അതേസമയം ഡ്രോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സാധാരണക്കാര്‍ ഉപയോഗിക്കുന്ന എയ്‌റോപ്രാക്റ്റ് എ-22 എന്ന സ്‌പോര്‍ട് വിമാനത്തെ പരിഷ്‌കരിച്ചാണ് പുതിയ ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. എ-22 വിമാനത്തിന്റെ അടിഭാഗത്ത് ബോംബ് വഹിക്കാനുള്ള റാക്കും റിമോട്ട് കണ്‍ട്രോള്‍ ഉപകരണങ്ങളും ഘടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരം ഡ്രോണുകള്‍ ഒരുവശത്തേക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്നവയാണ്. ലക്ഷ്യസ്ഥാനത്ത് ഇടിച്ചിറങ്ങി ആക്രമിക്കുന്ന 'ചാവേര്‍' ഡ്രോണാണ് ഇത്. അതിനാല്‍ പുതിയ ഡ്രോണിന്റെ വിവരങ്ങള്‍ യുക്രൈന്‍ പുറത്തുവിട്ടാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകു.
Content Highlights: 2,000 Km Range, 250 Kg Payload: Ukraine's Latest Addition To Drone Arsenal
Published: 01 Feb 2025, 05:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented