ഓപ്പണ്‍ എ.ഐയോടൊപ്പം ഉണ്ടായിരുന്ന കഴിഞ്ഞ ഒരുവര്‍ഷം ഏറ്റവും മികച്ചതായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി. ഓപ്പൺ എ.ഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്. എ.ഐയിൽ ജോലി ചെയ്തിരുന്ന ഉദയ് കഴിഞ്ഞ വർഷമാണ് ഓപ്പൺ എ.ഐയിൽ ടെക് എക്‌സിക്യുട്ടീവ് ആയി ചേർന്നത്. ഉദയ് രുദ്ദരാജു തന്നെയാണ് ഈ വിവരം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്.
ഓപ്പൺ എ.ഐയോടൊപ്പം ഉണ്ടായിരുന്ന കഴിഞ്ഞ ഒരുവർഷം ഏറ്റവും മികച്ചതായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഏറ്റവും നവീനമായ എ.ഐ. മോഡലുകൾക്ക് പരിശീലനം നൽകുന്നതിന് ആവശ്യമായ കംപ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കാൻ തന്റെ ടീമിന് സാധിച്ചുവെന്നാണ് ഉദയ് രുദ്ദരാജു ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം കംപ്യൂട്ട് ടീം വിപുലമായ കംപ്യൂട്ടിങ് ശേഷി വികസിപ്പിക്കുന്നതിലും ജിടിപി-5.6 ഉൾപ്പെടെയുള്ള ഏറ്റവും പുതിയ എ.ഐ. മോഡലുകൾക്ക് കരുത്തേകുന്ന നെറ്റ്‌വർക്കിങ്, സ്‌റ്റോറേജ്, മെഷിൻ ലേണിങ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ട് ഫുട്ട്പ്രിന്റ് നിർമിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഉദയ്‌യുടെ കുറിപ്പിൽ പറയുന്നു.
ഹൈദരാബാദിലെ ചൈതന്യ ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ഉദയ്, പഠനത്തിനിടെ തന്നെ ആമസോൺ വെബ് സർവീസിൽ ഇന്റൺഷിപ്പ് നേടിയിരുന്നു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം മിനിസോട്ട യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയത്. 2013-ൽ ഇബേയ്‌ക്കൊപ്പമാണ് ഉദയ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് റോബിൻഹുഡ്, എക്‌സ്.എ.ഐ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചു.
25000-ത്തിൽ അധികം ജിപിയു ഉപയോഗിച്ച് പ്രവർത്തിക്കുന്ന എക്‌സ്.എ.ഐയുടെ എ.ഐ.സൂപ്പർ കംപ്യൂട്ടറായ കൊളോസസ് വികസിപ്പിച്ചത് രുദ്ദരാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഒടുവിൽ ഓപ്പൺ എ.ഐയിൽ എത്തി ഒരുവർഷം പിന്നിട്ടതോടെയാണ് തന്ത്രപ്രധാന മേഖലയിലേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. കമ്പനിയുടെ നെക്സ്റ്റ് ജനറേഷൻ എ.ഐ. മോഡലുകൾക്കുള്ള കംപ്യൂട്ടിങ് സൗകര്യങ്ങൾ ഒരുക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.
Content Highlights: Uday Ruddaraju appointed as Chief Technology Officer (CTO) of OpenAI., Previously led the development of xAI's Colossus supercomputer., Focusing on computing infrastructure for next-gen AI models like GPT-5.6., Alumnus of Chaitanya Bharathi Institute of Technology and University of Minnesota.
Published: 20 Jul 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented