യു.എസ് ഭരണകൂടത്തിന്റെ കടുത്ത സമ്മർദത്തിനും ഭീഷണിക്കും വഴങ്ങാതെ നിർമിതബുദ്ധി (എഐ) കമ്പനി ആന്ത്രോപിക്. പെന്റഗൺ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയി ആവർത്തിച്ച് വ്യക്തമാക്കി. എഐ മോഡലുകൾ യു.എസ് സൈന്യത്തിന് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയണം എന്നാണ് പെന്റഗൺ മുന്നോട്ടുവെക്കുന്ന ആവശ്യം. എന്നാൽ നീരിക്ഷണം, ഓട്ടോണമസ് ആയുധങ്ങളുടെ വിന്യാസം എന്നിവയ്ക്ക് തങ്ങളുടെ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആന്ത്രോപിക്..

To advertise here,

ഇതോടെ ആന്ത്രോപിക് ടെക്‌നോളജിയുടെ ക്ലോഡ് അടക്കമുള്ള എഐ ടൂളുകൾ ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച എല്ലാ യുഎസ് ഫെഡറൽ ഏജൻസികൾക്കും നിർദ്ദേശം നൽകി. ആറു മാസത്തിനുള്ളിൽ ആന്ത്രോപിക്കിന്റെ ടൂളുകൾ സൈനിക, രഹസ്യാന്വേഷണ മേഖലകളിൽനിന്ന് ഘട്ടം ഘട്ടമായി ഒഴിവാക്കണമെന്നാണ് നിർദേശം. പിന്നാലെ 'വിതരണ ശൃംഖലയിലെ ദേശീയ സുരക്ഷാ ഭീഷണി' എന്ന വിശേഷണം ആന്ത്രോപിക്കിന് യു.എസ് നൽകി. അമേരിക്ക ശത്രുവായി കണക്കാക്കുന്ന ചൈനയിലെ വാവേ പോലുള്ള വിദേശ കമ്പനികൾക്ക് മാത്രം നൽകിയിരുന്ന വിശേഷണമാണിത്. യുഎസ് സൈന്യവുമായി ഇടപാടുകൾ നടത്തുന്ന എല്ലാ കരാറുകാരും വിതരണക്കാരും അടക്കമുള്ളവർ ആന്ത്രോപിക്കുമായി വാണിജ്യപരമായി സഹകരിക്കുന്നത് തടയുന്നതാണ് ഈ നീക്കം.

ഈ ആഴ്ച ആദ്യം ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയിയ്ക്ക് അന്ത്യശാസനം നൽകിയിരുന്നു. പെന്റഗണിന് നിയന്ത്രണങ്ങളില്ലാതെ ക്ലോഡ് ഉപയോഗിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ കമ്പനിയുടെ 200 മില്യൺ (20 കോടി) ഡോളറിന്റെ സർക്കാർ കരാർ നഷ്ടപ്പെടുത്തുക എന്നതായിരുന്നു ഭീഷണി. എന്നാൽ അതിനെ ആന്ത്രോപിക് തള്ളിക്കളഞ്ഞു. കമ്പനിയുടെ എഐ ടൂളുകൾ അമേരിക്കക്കാരെ നിരീക്ഷിക്കാനോ മനുഷ്യന്റെ മേൽനോട്ടം ആവശ്യമില്ലാതെ ഓട്ടോണമസ് ആയുധ സംവിധാനങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കരുതെന്ന് തറപ്പിച്ച് പറഞ്ഞു.

'ദേശീയ സുരക്ഷാ ഭീഷണി' എന്ന വിശേഷണത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന്  ആന്ത്രോപിക് വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധകാര്യ വകുപ്പിൽ നിന്നുള്ള ഭീഷണിയോ ശിക്ഷയോ ഭയന്ന് നിലപാട് മാറ്റില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷാ ഭീഷണി എന്ന ടാഗ് അസാധാരണവും' 'നിയമവിരുദ്ധവുമാണെന്ന് കമ്പനി പറയുന്നു. ഒരു അമേരിക്കൻ കമ്പനിയുടെമേലും ഭരണകൂടം മുമ്പൊരിക്കലും ഇത് പ്രയോഗിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഈ വിശേഷണം യുദ്ധകാര്യ വകുപ്പുമായി ബന്ധപ്പെട്ട കരാർ ജോലികളെ മാത്രമേ ബാധിക്കൂവെന്നും മറ്റ് ഉപഭോക്താക്കൾക്ക് ക്ലോഡ് സേവനം നൽകുന്നതിനെ ബാധിക്കില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത ഉപയോക്താക്കളെയും വാണിജ്യ ഉപഭോക്താക്കളെയും ഇത് ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കമ്പനി പറയുന്നത്.

അതിനിടെ 70 ഓപ്പൺഎഐ ജീവനക്കാരും 175 ഗൂഗിൾ ജീവനക്കാരും ആന്ത്രോപിക് കമ്പനിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന തുറന്ന കത്തിൽ ഒപ്പിട്ടിട്ടുണ്ട്. പെന്റഗൺ കമ്പനികളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. അതിനിടെ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഓപ്പൺഎഐയും പെന്റഗണും ഏർപ്പെട്ടിട്ടുണ്ട്. സാം ഓൾട്ട്മാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.