ട്രൂകോളർ ഉപഭോക്താക്കളുടെ കോൺടാക്ട് ലിസ്റ്റിലെ വിവരങ്ങൾ പൂർണമായും സ്വകാര്യമായി സൂക്ഷിക്കുന്നുവെന്നും അവ പൊതുവായി പങ്കുവയ്ക്കുന്നില്ലെന്നും ട്രൂകോളർ മേധാവി റിഷിത് ജുൻജുൻവാല വ്യക്തമാക്കി. കോൺടാക്ട് ലിസ്റ്റ് മുഴുവൻ അപ്‌ലോഡ് ചെയ്യുകയോ പരസ്യമാക്കുകയോ ചെയ്യുന്നുവെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ കോൺടാക്ട് വിവരങ്ങൾ മറ്റാർക്കും തിരയാൻ കഴിയില്ലെന്നും, അവയുടെ പൂർണ നിയന്ത്രണം ഉപഭോക്താക്കൾക്ക് തന്നെയാണെന്നും റിഷിത് ഇടിടെലികോമിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു.

To advertise here,

ട്രൂകോളറിന്റെ വരുമാനം പ്രധാനമായും പ്രീമിയം സബ്‌സ്ക്രിപ്ഷനുകളിൽ നിന്നും പരസ്യങ്ങളിൽ നിന്നുമാണ്. സുതാര്യതയ്ക്ക് ഞങ്ങൾ ഏറെ പ്രാധാന്യം നൽകുന്നുവെന്നും റിഷിത് കൂട്ടിച്ചേർത്തു.

ട്രൂകോളർ സേവനത്തിനായി ഫോൺ നമ്പറുകളും പേര് പോലുള്ള അടിസ്ഥാന വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. കോൺടാക്ട് ലിസ്റ്റ് മുഴുവൻ അപ്‌ലോഡ് ചെയ്യുന്നില്ല. ഉപഭോക്താക്കൾക്ക് അവരുടെ ഡാറ്റ എപ്പോൾ വേണമെങ്കിലും അപ്‌ഡേറ്റ് ചെയ്യാനോ നീക്കം ചെയ്യാനോ സാധിക്കും.

മറ്റ് സമാന സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ട്രൂകോളർ കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള തത്സമയ റിപ്പോർട്ടുകളാണ് നൽകുന്നത്. ഒരു കോളിന് പിന്നിലെ ഉദ്ദേശവും തട്ടിപ്പ് കോളുകളുടെ സ്വഭാവവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ട്രൂകോളർ പ്രാപ്തമാണ്. സ്പാം കണ്ടെത്തൽ സംവിധാനം പൂർണമായും ഉപഭോക്താക്കളുടെ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്ന് റിഷിത് വ്യക്തമാക്കി.

സ്വീഡനിൽ നിന്നുള്ള കോളർ ഐഡി പ്ലാറ്റ്‌ഫോമായ ട്രൂകോളർ, അജ്ഞാത ഫോൺ കോളുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി ഉപഭോക്താക്കളെ സഹായിക്കുന്നു. 2025 ഏപ്രിലിലെ കണക്കനുസരിച്ച്, ട്രൂകോളറിന് ആഗോളതലത്തിൽ 45 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. ഇന്ത്യയാണ് ട്രൂകോളറിന്റെ ഏറ്റവും വലിയ വിപണി, 27.26 കോടിയിലേറെ പ്രതിമാസ സജീവ ഉപഭോക്താക്കളുമായി.