2022 ജൂണിനും 2023 ജൂലായ്ക്കും ഇടയില്‍ തലസ്ഥാന നഗരത്തിലെ എ.ടി.എം. മെഷീനുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം ഫോര്‍ട്ടിലെ എസ്.ബി.ഐ. എം.ടി.എം. മെഷീനില്‍ നിന്ന് ഇക്കാലയളവില്‍ 2.52 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. എ.ടി.എം. മെഷീനിലെ പിഴവ് മുതലെടുത്താണ് മോഷ്ടാക്കള്‍ പണം കൊള്ളയടിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

To advertise here,

എ.ടി.എം. മെഷീനുകളില്‍ നിന്ന് പണം പിന്‍വലിച്ചുകൊണ്ടായിരുന്നു മോഷണം. എന്നാല്‍ മോഷ്ടിക്കപ്പെട്ട എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ പണം പിന്‍വലിച്ചത്. 'ബുദ്ധിപരമായ' തന്ത്രമാണ് മോഷ്ടാക്കള്‍ പണം തട്ടാനായി ഇവിടെ പ്രയോഗിച്ചത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

എ.ടിഎം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കുകയാണ് മോഷണത്തിന്റെ ആദ്യപടി. ഇതിന് ശേഷം മെഷീന്‍ പണം പുറത്തേക്ക് നല്‍കുന്ന സമയത്താണ് മോഷ്ടാക്കള്‍ തന്ത്രം പ്രയോഗിക്കുന്നത്. മെഷീനിന്റെ ചെറിയൊരു പിഴവിനെയാണ് ഇവര്‍ ഇവിടെ മുതലെടുക്കുന്നത്. 

പിന്‍വലിച്ച പണം എ.ടി.എമ്മിന്റെ ക്യാഷ് ഡെലിവറി കമ്പാര്‍ട്ട്‌മെന്റില്‍ എത്തുമ്പോള്‍ അതില്‍ ഒരു നോട്ട് ബാക്കി വെച്ച് ബാക്കി മുഴുവന്‍ മോഷ്ടാക്കള്‍ എടുക്കും. ഇതോടെ എ.ടി.എം. മെഷീന്‍ ഇടപാട് പൂര്‍ത്തിയായില്ല എന്ന് രേഖപ്പെടുത്തുകയും ടൈം ഔട്ടായി എന്ന എറര്‍ സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ടൈം ഔട്ട് എറര്‍ ആയതിനാല്‍ അക്കൗണ്ട് ഉടമയുടെ പണം അക്കൗണ്ടില്‍ നിന്ന് നഷ്ടമാകുകയുമില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ആര്‍ക്കും പരാതിയുമുണ്ടാകില്ല. 

എന്നാല്‍ എ.ടി.എമ്മില്‍ നിക്ഷേപിച്ച പണത്തിന്റേയും പിന്‍വലിക്കപ്പെട്ട പണത്തിന്റേയും കണക്കുകളില്‍ ഇത് പൊരുത്തക്കേടുണ്ടാക്കി. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ബാങ്ക് അന്വേഷണത്തിനായി സമിതിക്ക് രൂപം നല്‍കി. സമിതിക്കും ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരുവേള ബാങ്ക് ജീവനക്കാര്‍ തന്നെയാണോ ഇതിന് പിന്നില്‍ എന്ന് പോലും സമിതി സംശയിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.

പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രതികളെയും അവരുടെ മോഷണരീതിയും ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞതോടെ ബാങ്ക് അധികൃതര്‍ ഉടന്‍ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയാണ്.