ഫോണ്‍ കോള്‍ വരുമ്പോള്‍ സ്‌ക്രീനില്‍ ആ ഫോണ്‍ നമ്പര്‍ ഉടമയുടെ പേരും കാണിക്കുന്ന ഔദ്യോഗിക കോളര്‍ ഐഡി സംവിധാനത്തിന് അനുമതി നല്‍കിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) എന്ന് പേരിട്ടിരിക്കുന്ന ഈഫീച്ചര്‍ ഇപ്പോള്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പരീക്ഷിച്ചുവരികയാണ്. 2026 മാര്‍ച്ച് 31 ന് ഈ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

ഇന്‍കമിങ് കോളുകള്‍ എളുപ്പം തിരിച്ചറിയാനും തട്ടിപ്പ് ഫോണ്‍ വിളികള്‍ തടയാനും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു നീക്കം.

ട്രൂകോളര്‍ പോലുള്ള തേഡ് പാര്‍ട്ടി ആപ്പുകളാണ് നിലവില്‍ ഒരു അപരിചിത ഫോണ്‍ നമ്പര്‍ തിരിച്ചറിയുന്നതിനായി ആളുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൂ കോളര്‍ ആപ്പില്‍ കാണിക്കുന്ന വിവരങ്ങളില്‍ ചിലപ്പോള്‍ പിശകുകള്‍ ഉണ്ടാവാം.

അതേസമയം സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ CNAP സംവിധാനം പ്രവര്‍ത്തിക്കുന്നത് ടെലികോം ഉപഭോക്താക്കളുടെ കെവൈസി രേഖയിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ്. അതായത് സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്തത് ആരുടെ പേരിലാണോ അയാളുടെ പേരാണ് സ്‌ക്രീനില്‍ കാണിക്കുക.

നിലവിലുള്ള കോളിങ് ലൈന്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനത്തില്‍ നിന്നുള്ള വലിയൊരു മാറ്റമാണിത്. അതായത് ഇപ്പോള്‍ ഒരു ഫോണ്‍ കോള്‍ വരുമ്പോള്‍ ആ ഫോണ്‍ നമ്പര്‍ ഏതാണെന്ന് മാത്രമാണ് സ്‌ക്രീനില്‍ കാണിക്കുക. അതില്‍ പേരുണ്ടാവില്ല.

ടെലികോം നെറ്റ് വര്‍ക്ക് വഴിയുള്ള കോളര്‍ ഐഡി സംവിധാനമായതിനാല്‍ ടെലികോം സേവനദാതാക്കള്‍ക്ക് ഉപഭോക്താക്കളുടെ പേരും ഫോണ്‍നമ്പറും സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറുകയോ ഇതിനായി ഒരു കേന്ദ്രീകൃത ഡാറ്റാബേസ് ഒരുക്കുകയോ ചെയ്യാം.

സ്പാം കോളുകള്‍ തടയുന്നതിനും ഈ സംവിധാനം സഹായകമാവും. ഫോണ്‍ വിളിക്കുന്നത് ഏതെങ്കിലും വ്യക്തിയാണോ അതോ സ്ഥാപനമാണോ എന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും.

2022 ല്‍ ഈ പുതിയ സംവിധാനത്തിനുള്ള കരട് രേഖ നല്‍കുമ്പോള്‍ അതില്‍ സിഎന്‍എപി സംവിധാനം ഉപയോഗിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന് നല്‍കണം എന്നായിരുന്നു നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് മാറി, എല്ലാവര്‍ക്കും ഈ സംവിധാനം ഡിഫോള്‍ട്ട് ആയി ലഭ്യമാക്കുകയാണ് ട്രായ് ചെയ്യുക. താത്പര്യമില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട സേവനദാതാക്കളെ ബന്ധപ്പെട്ട് സിഎന്‍എപി ഒഴിവാക്കാം.

എങ്ങനെയാണ് ഇത് നടപ്പിലാക്കുക എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങുന്ന കേന്ദ്രീകൃത ഡാറ്റാ ബേസ് ഒരുക്കുന്നതും അതിന്‍രെ പകര്‍പ്പ് നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ സൂക്ഷിക്കുന്നതുംട്രായ് പരിഗണിക്കുന്നുണ്ട്. ഈ സംവിധാനം ലഭ്യമാക്കുന്നതിന് നിലവിലുള്ള സാങ്കേതിക സംവിധാനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള വിവരക്കൈമാറ്റം മെച്ചപ്പെടുത്തേണ്ടതായിവരും.

വോഡഫോണ്‍ ഐഡിയ ഇതിനകം ഹരിയാനയില്‍ സിഎന്‍എപിയുടെ ആദ്യ പരീക്ഷണം ആരംഭിച്ചതായാണ് വിവരം. ജിയോയും താമസിയാതെ ഇവിടെ സിഎന്‍എപി പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടക്കത്തില്‍ 4ജി, 5ജി നെറ്റ് വര്‍ക്കുകളില്‍ മാത്രമായിരിക്കും ഈ പുതിയ കോളര്‍ ഐഡി സംവിധാനം ലഭിക്കുക. അതായത് ഇപ്പോഴും 2ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന 20 കോടിയാളുകള്‍ക്ക് ഈ സേവനം ലഭ്യമാവില്ല.

വ്യക്തികളുടെ പേരിലുള്ള ഫോണ്‍ നമ്പറാണെങ്കില്‍ ആ വ്യക്തിയുടെ പേരും , ടെലി മാര്‍ക്കറ്റര്‍മാര്‍, ടോള്‍ ഫ്രീ നമ്പറുകള്‍ ഉള്‍പ്പടെ വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകളില്‍ ആ സ്ഥാപനത്തിന്റെ പേരുമായിരിക്കും കാണിക്കുക.