
കൊച്ചി : തങ്ങളുടെ പുതിയ പ്രയോറിറ്റി പ്രീ പെയ്ഡ് സേവനം നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങളെ ലംഘിക്കുന്നില്ലെന്നും പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കുള്ള സേവന നിലവാരം കുറയ്ക്കുകയില്ലെന്നും ഭാരതി എയർടെൽ. പുതിയ സേവനം 5ജി നെറ്റ്‌വർക്ക് സ്ലൈസിംഗ് അധിഷ്ഠിതമാണെന്നും കമ്പനി പറയുന്നു. ടെലികോം വകുപ്പിന്റെ കമ്മ്യൂണിക്കേഷൻ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടതുപ്രകാരം സമർപ്പിച്ച വിശദീകരണത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ സേവനം തികച്ചും കോൺടെന്റ്-ന്യൂട്രൽ രീതിയിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും അത് ട്രായുടെയും (TRAI) ടെലികോം വകുപ്പിന്റെയും നിലവിലെ നിയമങ്ങൾക്ക് ഉള്ളിലാണെന്നും കമ്പനി അറിയിച്ചു. ഇന്റർനെറ്റിലെ ഏതെങ്കിലും പ്രത്യേക ആപ്പുകൾക്കോ വെബ്സൈറ്റുകൾക്കോ അമിത പരിഗണന നൽകുകയോ, ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുകയോ വേഗത നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്ന് എയർടെൽ പറയുന്നു.
കൂടാതെ, ഈ പുതിയ സേവനം സാധാരണ പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഒട്ടും കുറയ്ക്കില്ല. നിലവിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ പോലും ആകെ ലഭ്യമായ 5ജി ഇന്റർനെറ്റ് ശേഷിയുടെ 38 ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. ഇതിൽ പോസ്റ്റ് പെയ്ഡ് ട്രാഫിക് ഏകദേശം 4 ശതമാനം മാത്രമാണ്. പ്രയോറിറ്റി സേവനത്തിനായി ഒരു പ്രത്യേക വെർച്വൽ "ടണൽ" (സ്ലൈസ്) തുടങ്ങിയാൽ പോലും ഇത് പരമാവധി 6 ശതമാനം വരെയേ എത്തുവാൻ സാധ്യതയുള്ളൂ. അതിനാൽ പ്രീ പെയ്ഡ് ഉൾപ്പെടെയുള്ള മറ്റ് ഇന്റർനെറ്റ് ഉപയോഗം ആകെ ശേഷിയുടെ 60 ശതമാനം വരെ എത്തിയാൽ പോലും പ്രയോറിറ്റി പ്ലാനുകൾ കാരണം സാധാരണ ഉപഭോക്താക്കൾക്ക് സേവനത്തിൽ യാതൊരു കുറവും അനുഭവപ്പെടില്ലെന്ന് കമ്പനി വ്യക്തമാക്കി.
മേയ് 19-നാണ് തിരക്കേറിയ സ്ഥലങ്ങളിൽ പോലും ഉയർന്ന ഇന്റർനെറ്റ് വേഗത ഉറപ്പുനൽകുന്ന ഈ പുതിയ പ്രയോറിറ്റി പ്ലാൻ എയർടെൽ ആരംഭിച്ചത്. 5ജിയുടെ ഇത്തരം പ്രധാന സവിശേഷതകൾ ഉപയോഗിച്ച് സേവനങ്ങൾ നൽകാൻ കമ്പനികളെ അനുവദിച്ചില്ലെങ്കിൽ, അത് രാജ്യത്ത് ഭാവിയിൽ വരാനിരിക്കുന്ന 6ജിയുടെ സാധ്യതകളെ ഇല്ലാതാക്കുമെന്നും എയർടെൽ പാനലിനെ അറിയിച്ചിട്ടുണ്ട്.
Content Highlights: Bharti Airtel has clarified to the Department of Telecommunications that its new 5G network slicing-based priority prepaid service strictly complies with net neutrality and will not degrade internet quality for regular prepaid users.
Published: 27 May 2026, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented