സഞ്ചാര്‍ സാഥി ആപ്പ് കേവലം നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനുള്ള ഒരു സംവിധാനമല്ലെന്നും പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഒരു ഡിജിറ്റല്‍ നിരീക്ഷണ ഉപകരണമാണെന്നും മുൻ ധനമന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക്. സഞ്ചാര്‍ സാഥി ആപ്പ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുമായി ബന്ധപ്പെട്ടാണ് തോമസ് ഐസകിന്റെ പ്രതികരണം.

To advertise here,

ആപ്പ് ഓരോ ഫോണ്‍ ഉടമയോടും ഒരു ഡസണിലേറെ അനുമതികള്‍ ചോദിക്കുന്നുണ്ടെന്നും അവ വിശകലനം ചെയ്താല്‍ തന്നെ ആപ്പിന്റെ അപകടം മനസിലാവുമെന്നും തോമസ് ഐസക് പറയുന്നു. ആപ്പ് ചോദിക്കുന്ന ഓരോ അനുമതിയും പൗരന്റെ സ്വകാര്യതയ്ക്ക് നേരെ ഉയര്‍ത്തുന്ന ഭീഷണി വലുതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഈ അനുമതികളിലൂടെ ഭീവിയില്‍ ചെറിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ നിരോധിത ആപ്പുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും സര്‍ക്കാര്‍ വിരുദ്ധ സന്ദേശങ്ങള്‍ ഉണ്ടോ എന്ന് സ്‌കാന്‍ ചെയ്യാനും ഈ ആപ്പിനെ ഉപയോഗിക്കാനാവുമെന്നുമുള്ള ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (IFF) മുന്നറിയിപ്പ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യത മൗലികാവകാശമാണെന്ന 2017-ലെ പുട്ടസ്വാമി വിധിക്ക് വിരുദ്ധമായി, കൃത്യമായ നിയമപരിരക്ഷയോ മേല്‍നോട്ടമോ ഇല്ലാതെയാണ് ഇത്രയും വ്യാപകമായ വിവരശേഖരണം നടക്കുന്നത്. ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസും സഞ്ചാര്‍ സാഥിയും തമ്മിലുള്ള താരതമ്യം വെറും ആരോപണമല്ലെന്നും മറിച്ച് സാങ്കേതികമായ ചില സമാനതകള്‍ ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെഗാസസ് എന്നത് കള്ളനെപ്പോലെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്ന ഒന്നാണെങ്കില്‍, സഞ്ചാര്‍ സാഥി എന്നത് 'സുരക്ഷയുടെ' പേരില്‍ മുന്‍വാതിലിലൂടെ വന്ന്, നിങ്ങളുടെ കിടപ്പുമുറിയില്‍ സ്ഥിരമായി ക്യാമറ സ്ഥാപിക്കുന്നതിന് തുല്യമാണെന്നും ആപ്പ് ചോദിക്കുന്ന പെര്‍മിഷനുകള്‍ തെളിയിക്കുന്നത്, ഇതിന് നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശേഷിയുണ്ട് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദം കനത്തപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്, അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടവര്‍ക്ക് അത് ചെയ്യാമെന്നാണ്. അങ്ങനെയെ ങ്കില്‍, അത് പ്ലേസ്റ്റോറില്‍ കൊടുത്താല്‍ പോരേ എന്നും ആവശ്യമുള്ളവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമല്ലോ എന്നും തോമസ് ഐസക് പറഞ്ഞു.