ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്വീകര്‍ത്താവിന്റെ ഫോണില്‍ പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധിതമാക്കാനുളള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ടെലികോം വകുപ്പ് നല്‍കിയ നിര്‍ദേശത്തിന്‌ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തിങ്കളാഴ്ച അംഗീകാരം നല്‍കി. കോളിങ് നെയിം പ്രസന്റേഷന്‍ (സിഎൻഎപി) എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍, ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയുടെ ഉടമയുടെ വിവരങ്ങളാണ് ഉപയോഗപ്പെടുത്തുക.

To advertise here,

ഇന്ത്യയിലെ എല്ലാ ടെലികോം സേവന ദാതാക്കളും ഈ ഫീച്ചര്‍ ലഭ്യമാക്കണം. ഏതെങ്കിലും ഉപഭോക്താവിന് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍ അക്കാര്യം ടെലികോം സേവന ദാതാവിനെ അറിയിച്ചാല്‍ മതി. ഫീച്ചര്‍ നിലവില്‍ വരുന്നതോടെ അപരിചിതമായ നമ്പറില്‍ നിന്ന് ഫോണ്‍ വരുമ്പോള്‍ അത് ആരുടേതാണെന്ന് സ്‌ക്രീനില്‍ കാണാനാവും.

ഫോണ്‍ വിളിക്കുന്നത് ആരാണെന്ന് അറിഞ്ഞാല്‍ ആ ഫോണ്‍കോള്‍ എടുക്കണോ എന്ന് തീരുമാനിക്കാന്‍ ഇത് സഹായിക്കും. തട്ടിപ്പുകാരില്‍ നിന്നുള്ള കോളുകള്‍ തടയാനും ഇത് സഹായിക്കും. പുതിയ സംവിധാനത്തിൽ ഓരോ സേവനദാതാവും വരിക്കാരുടെ പേര് ഉൾക്കൊള്ളുന്ന കോൾ നെയിം ഡാറ്റാബേസ് കൈകാര്യം ചെയ്യേണ്ടതായി വരും.

‍നിലവിലുള്ള കോൾ ലൈൻ ഐഡന്റിഫിക്കേഷൻ സംവിധാനത്തിലൂടെ ഒരു ഫോണ്‍ കോള്‍ വരുമ്പോള്‍ സ്‌ക്രീനില്‍ ഫോണ്‍ നമ്പര്‍ മാത്രമാണ് കാണിക്കുക. ആ നമ്പറിന്റെ ഉടമയാരാണെന്ന് മനസിലാവില്ല. ഇതറിയാന്‍ നിലവില്‍ ട്രൂകോളര്‍ പോലുള്ള തേഡ് പാര്‍ട്ടി ആപ്പുകളാണ് ആളുകള്‍ ഉപയോഗിക്കുന്നത്.