മേരിക്കക്കാരുടെ സാമൂഹികമാധ്യമജീവിതത്തിലെ നിര്‍ണായകദിനമാണ് ഞായറാഴ്ച. ചൈനീസ് ആപ്ലിക്കേഷനായ ടിക്ടോക്കിന്റെ നിരോധനം അന്ന് നിലവില്‍വരും. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടിക്ടോക് നിരോധിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് യു.എസ്. കോണ്‍ഗ്രസ് തീരുമാനിച്ചത്. ഒന്നുകില്‍ ടിക്ടോക് പൂട്ടുക, അല്ലെങ്കില്‍ ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക-ഇതായിരുന്നു തീരുമാനം. ടിക്ടോക്കിന്റെ ഉടമകളായ ബൈറ്റ്ഡാന്‍സ് ഇതിനെതിരേ സുപ്രീംകോടതിയില്‍വരെ പോയി. പക്ഷേ, വെള്ളിയാഴ്ചത്തെ കോടതിവിധി ബൈറ്റ്ഡാന്‍സിനെതിരായി.

To advertise here,

പൂട്ടുന്നതെന്തിന്?

2018-ലാണ് ടിക്ടോക് അമേരിക്കയില്‍ അവതരിച്ചത്. വീഡിയോ പങ്കിടാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷന്‍ ലോകത്തെ മറ്റിടങ്ങളിലെന്നപോലെ അമേരിക്കയിലും വേഗം ജനകീയമായി. 17 കോടി അമേരിക്കക്കാര്‍ ടിക്ടോക് ഉപയോഗിക്കുന്നു. ഇവരുടെ രഹസ്യങ്ങള്‍ ചൈന ചോര്‍ത്തുമോ എന്ന ആശങ്കകൂടിയാണ് ടിക്ടോക്കിനൊപ്പം എത്തിയത്. ബൈറ്റ്ഡാന്‍സിന്റെ ഉപകമ്പനികളിലൊന്നില്‍ ചൈനീസ് സര്‍ക്കാരിന് പങ്കാളിത്തമുണ്ടെന്ന വിവരം വന്നതോടെ ഈ ആശങ്ക ശക്തമായി. ടിക്ടോക്കിനെതിരേ അന്വേഷണങ്ങളും നിരോധനഭീഷണിയുമുണ്ടായി. 

പിടിച്ചുനില്‍ക്കാന്‍ കമ്പനി 2022-ല്‍ 'പ്രോജക്ട് ടെക്‌സസ്' തുടങ്ങി. അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ അവിടത്തെ സര്‍വറുകളില്‍ത്തന്നെ സൂക്ഷിക്കുന്ന ഈ പദ്ധതിയും കോണ്‍ഗ്രസ് അംഗങ്ങളുടെ ആശങ്കയകറ്റിയില്ല. പദ്ധതി അത്ര കാര്യക്ഷമമല്ലെന്നും ചില ഡേറ്റകള്‍ ചൈനയിലേക്കുപോകുന്നുണ്ടെന്നും നീതിന്യായവകുപ്പ് പറഞ്ഞു. അതോടെ ടിക്ടോക് നിരോധിക്കാനുള്ള നിയമം 2024 ഏപ്രിലില്‍ പാര്‍ലമെന്റ് പാസാക്കി. വിദേശശത്രു നിയന്ത്രിക്കുന്ന ആപ്ലിക്കേഷനുകളില്‍നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്ന നിയമം (എ.എ.എഫ്.എ.സി.എ.) എന്നാണ് ഇതിനുപേര്. ഇതനുസരിച്ച്, ടിക്ടോക് ആപ്ലിക്കേഷനുകള്‍ വിതരണംചെയ്യുന്നതും നിലനിര്‍ത്തുന്നതും നവീകരിക്കുന്നതും നിയമവിരുദ്ധമാണ്.

അതിനാല്‍, തങ്ങളുടെ ആപ്സ്റ്റോറുകളില്‍നിന്ന് ഇത് ഒഴിവാക്കാന്‍ ആപ്പിളും ഗൂഗിളും നിര്‍ബന്ധിതരാകും. ടിക് ടോക്കിന് മറ്റുസേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് അത് അവസാനിപ്പിക്കേണ്ടിവരും. അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഈ നിരോധനമെന്ന അഭിപ്രായം നിയമനിര്‍മാതാക്കളില്‍ ചിലര്‍ക്കെങ്കിലുണ്ട്.

ആരുവാങ്ങും?

അമേരിക്കയില്‍ നിലനില്‍ക്കാന്‍ ടിക്ടോക്കിനുമുന്നിലുള്ള ഏറ്റവും നല്ലവഴി വില്‍പ്പനയാണ്. എന്നാല്‍, ടിക്ടോക് വില്‍ക്കില്ലെന്ന് പറയുന്നു ബൈറ്റ്ഡാന്‍സ്. ഇനി ബൈറ്റ്ഡാന്‍സിന് അതിന് ആഗ്രഹമുണ്ടെങ്കില്‍ത്തന്നെ ചൈനീസ് സര്‍ക്കാര്‍ സമ്മതിക്കാനിടയില്ല. ടിക്ടോക് വാങ്ങാനുള്ള അമേരിക്കയുടെ ശ്രമം 'പിടിച്ചുപറി'യാണെന്നാണ് ചൈന അഭിപ്രായപ്പെട്ടത്. എന്നാല്‍, ആഗോളസമ്പന്നന്‍ ഇലോണ്‍ മസ്‌കിനാണെങ്കില്‍ വില്‍ക്കാമെന്ന് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞെന്നാണ് 'ബ്ലൂംബെര്‍ഗി'ന്റെ റിപ്പോര്‍ട്ട്. അമേരിക്കയുടെ പ്രസിഡന്റായി തിങ്കളാഴ്ച അധികാരമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മിത്രമാണ് മസ്‌ക്. സാമൂഹികമാധ്യമമായ 'എക്‌സി'ന്റെയും വൈദ്യുതവാഹനക്കമ്പനിയായ 'ടെസ്ല'യുടെയും ഉടമ. 'ടെസ്ല'യുടെ വന്‍ പണിശാലകളിലൊന്ന് ചൈനയിലാണ്.

ട്രംപ് രക്ഷിക്കുമോ?

ടിക്ടോക്കിനെ സഹായിക്കാന്‍ കഴിയുന്ന ഒരാളേയുള്ളൂ. ഡൊണാള്‍ഡ് ട്രംപ്. ഒരിക്കല്‍ ടിക്ടോക്കിന്റെ ശത്രുവായിരുന്ന അദ്ദേഹം കഴിഞ്ഞവര്‍ഷം അതില്‍ അംഗമായി. ടിക്ടോക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷൂ ച്യൂവിനെ തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞച്ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട് അദ്ദേഹം. ച്യൂ പങ്കെടുക്കുമെന്നാണ് വാര്‍ത്തകള്‍. ടിക്ടോക് നിരോധനം നിലവില്‍വരുന്നതിന്റെ പിറ്റേന്ന് അധികാരമേല്‍ക്കുന്ന അദ്ദേഹത്തിന് പി.എ.എഫ്.എ.സി.എ. നിയമം നടപ്പാക്കരുതെന്ന് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിക്കാം. ടിക്ടോക് വില്‍പ്പനയ്ക്ക് തയ്യാറാണെന്ന് ബൈറ്റ്ഡാന്‍സ് തെളിവുനല്‍കിയാല്‍ നിരോധനം 90 ദിവസത്തേക്ക് സ്റ്റേ ചെയ്യാനും അദ്ദേഹത്തിനുകഴിയും.

പുതിയ തട്ടകം റെഡ്നോട്ട്

ടിക്ടോക് അമേരിക്കയില്‍നിന്നുപോയാല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമകളായ മെറ്റയ്ക്കായിരിക്കും നേട്ടമേറെ. യൂട്യൂബിന്റെ ഉടമകളായ ഗൂഗിളിനും സ്‌നാപ്പ്ചാറ്റ് പോലുള്ള ചെറിയ ആപ്പുകള്‍ക്കും ഗുണമുണ്ടാകും. പക്ഷേ, ഒരു ചൈനാ ആപ്പുപോയാല്‍, വേറെ ചൈനാ ആപ്പില്‍ത്തന്നെ കുടിയേറുമെന്ന് നിശ്ചയിച്ചിട്ടുണ്ട് കുറെ അമേരിക്കക്കാരെങ്കിലും. അവരുടെ പ്രിയ ആപ്പാണ് 'ഷിയാവോഹോങ്ഷു'. ചെറിയ ചെമ്പുസ്തകം എന്നാണ് ഈ ചൈനീസ് പദത്തിനര്‍ഥം. മാവോ സെതുങ്ങിന്റെ പ്രശസ്തമായ ഉദ്ധരണിപ്പുസ്തകത്തെ (ക്വട്ടേഷന്‍സ് ഫ്രം ചെയര്‍മാന്‍ മാവോ) അനുസ്മരിപ്പിക്കുന്നു ഇത് എന്ന അഭിപ്രായമുണ്ട്. അതിനാല്‍, അമേരിക്കയിലെ ടിക്ടോക് ഉപയോക്താക്കള്‍ 'ഷിയാവോഹോങ്ഷു'വിന് 'റെഡ്നോട്ട്' എന്ന് പേരിട്ടു. പക്ഷേ, കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്‌കൂളില്‍ പഠിച്ച ഷിയാവോഹോങ്ഷു സി.ഇ.ഒ.യാകട്ടെ തന്റെ വിദ്യാലയത്തിന്റെ ചുവപ്പുനിറത്തിന്റെ സൂചകമാണ് ഈ പേരെന്ന് അവകാശപ്പെടുന്നു. അതെന്തായാലും അമേരിക്കയില്‍ ഈ ആപ്പിന് ഉപയോക്താക്കളേറെയുണ്ട്.

ഇലോണ്‍ മസ്‌കിന്റെ അമ്മ മേയ് മസ്‌കാണ് പ്രശസ്തയായ ഒരു ഉപയോക്താവ്. മേയ്ക്ക് 'ഷിയാവോഹോങ്ഷു'വില്‍ ആറുലക്ഷം ഫോളോവേഴ്സുണ്ട്. ടിക് ടോക്കിന്റെപോലെ ചൈനയില്‍ ഒരുപതിപ്പ് മറ്റുരാജ്യങ്ങളില്‍ വേറൊരു പതിപ്പ് എന്നില്ല ഈ ആപ്പിന്. പല രാജ്യത്തുള്ളവര്‍ക്ക് ഈ ആപ്പില്‍ ഒന്നിച്ചുകൂടാം. ചൈനക്കാര്‍ ഇംഗ്ലീഷും അമേരിക്കക്കാര്‍ ചൈനീസും പഠിക്കുന്നുണ്ട് ഈ ആപ്പിലൂടെ.

ചൈനക്കാരല്ലാത്ത ഉപയോക്താക്കളുടെ വരവിനെ സ്വാഗതം ചെയ്യുന്നുമുണ്ട് അവര്‍. എന്നാല്‍, ഈ കൂട്ടക്കുടിയേറ്റം ആപ്പിനുമേല്‍ ചൈനീസ് സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് അധികാരികള്‍ പിടിമുറുക്കാന്‍ ഇടയാക്കുമോ എന്ന ആശങ്ക കുറേപ്പേര്‍ക്കെങ്കിലുമുണ്ട്.