പാകിസ്താന്റെ അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനങ്ങളിൽ മറ്റൊന്നു കൂടി വീഴ്ത്തിയെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. എന്നാൽ, ഒരു വ്യാജ വീഡിയോയെ ആസ്പദമാക്കിയുള്ള തെറ്റായ അവകാശവാദമാണിതെന്ന് എക്സിലെ (X) എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് (Grok) പറയുന്നു. വിശ്വസനീയമായ ഒരു പ്ലാറ്റ്‌ഫോമും ഇത്തരമൊരു കാര്യം പരാമർശിച്ചിട്ടില്ലെന്നും ഗ്രോക്ക് ചൂണ്ടിക്കാട്ടി. ഇത് യഥാർത്ഥ വീഡിയോ ആണോ എന്ന ഒരു ഉപഭോക്താവിന്റെ ചോദ്യത്തിനാണ് ഗ്രോക്കിന്റെ മറുപടി.
"ഇല്ല, പ്രചരിപ്പിക്കപ്പെടുന്ന ഈ വീഡിയോ യഥാർത്ഥമല്ല. തകർന്ന അവശിഷ്ടങ്ങളിൽ 85510 എന്ന ടെയിൽ നമ്പറും പാകിസ്താൻ്റെ അടയാളങ്ങളുമുള്ള വലിയൊരു വിമാനമാണുള്ളത്, എന്നാൽ, ഇതിന് എഫ്-16 യുദ്ധവിമാനവുമായി സാമ്യമില്ല (വലുപ്പത്തിലും ആകൃതിയിലും മാറ്റമുണ്ട്). പ്രചാരണത്തിനായി തെറ്റായി ഉപയോഗിച്ച പഴയതോ ബന്ധമില്ലാത്തതോ ആയ ദൃശ്യങ്ങളാകാനാണ് സാധ്യത എന്ന് " ഗ്രോക്ക് വ്യക്തമാക്കി. ഇത് യഥാർത്ഥമെന്ന് തോന്നുന്ന ദൃശ്യങ്ങളാണെന്ന് പറയുന്നുണ്ടെങ്കിലും എഐ ദൃശ്യങ്ങളാണോ എന്ന് സ്ഥിരീകരിക്കുന്നില്ല.
അഫ്ഗാൻ ഡിഫൻസ് എന്ന എക്സ് അക്കൗണ്ടിലാണ് എഫ്-16 വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന രീതിയിലുള്ള വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്. ഇത് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക സർക്കാർ അക്കൗണ്ട് അല്ല. പാകിസ്താന്റെ പതാകയും ഒപ്പം 85510 എന്ന നമ്പറും വിമാനത്തിന് മേൽ പതിപ്പിച്ചതായി കാണാം.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ രണ്ടോ അതിലധികമോ പാകിസ്താനി എഫ്-16 യുദ്ധവിമാനങ്ങൾ തകർന്നിട്ടുണ്ട്.
കാബൂളിൽ ഉൾപ്പടെ വിവിധ അഫ്ഗാൻ നഗരങ്ങളിൽ പാകിസ്താൻ ബോംബാക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഈ വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. അഫ്ഗാനു നേരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താൻ. വ്യാഴാഴ്ച രാത്രി അഫ്ഗാൻ സൈന്യം പാകിസ്ഥാൻ അതിർത്തിയിൽ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഈ വ്യോമാക്രമണങ്ങളെന്ന് പാകിസ്താൻ പറയുന്നു.
ദൃശ്യത്തിലെ വിവരങ്ങളും വെബ്ബിൽ നിന്നുള്ള തത്സമയ വിവരങ്ങളും എക്സിലെ തന്നെ മറ്റ് ഡാറ്റയുമെല്ലാം വിശകലനം ചെയ്താണ് ഗ്രോക്ക് ഫാക്ട് ചെക്ക് നടത്തുന്നത്. എക്സ് ഉപഭോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഫീച്ചറാണിത്. പോസ്റ്റിന് കീഴിൽ ഇത് സത്യമാണോ എന്ന് ചോദിച്ചാൽ അതിനുള്ള മറുപടി നൽകും.
Content Highlights: Elon Musk's Grok AI debunks viral video of crashed Pakistani fighter jet.
Published: 27 Feb 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented