ഒടുവില്‍ ഒമ്പത് മാസത്തിലധികം നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിതാ വില്യംസും ബുച്ച് വില്‍മോറും ക്രൂ 9-ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സ്പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലെത്തി നാല് യാത്രികരെയും കപ്പിലിലേക്ക് മാറ്റുകയായിരുന്നു.

To advertise here,

നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമാണ് ഇരുവരെയും കൂടാതെ ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയിലെത്തിയത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഇതോടെയാണ് ഇവര്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയത്. ഇതിനിടെ ഏറ്റവുമധികം സമയം ബഹിരാകാശ നടത്തത്തിലേര്‍പ്പെട്ട വനിത എന്ന റെക്കോഡ് സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു.

സുനിതാ വില്യംസിന്റെ തിരിച്ചുവരവിനു മുമ്പുള്ള ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ അവരെക്കുറിച്ച് ഗൂഗിളില്‍ ധാരാളം സെര്‍ച്ചുകള്‍ നടത്തിയിരുന്നു. സുനിതയെ ചുറ്റിപ്പറ്റി ഇന്ത്യക്കാര്‍ തിരഞ്ഞത് നിരവധി കാര്യങ്ങളാണ്. അവ ഇങ്ങനെ:

സുനിതാ വില്യംസിന്റെ ശമ്പളമെത്ര?

നാട്ടില്‍ ആൾക്കാർ സാധാരണയായി പരസ്പരം സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് നിങ്ങള്‍ക്ക് എത്ര ശമ്പളം കിട്ടുമെന്നത്. സുനിതയുടെ കാര്യത്തിലും ഇന്ത്യക്കാരെ ആകാംക്ഷയിലാക്കിയ സംഗതി നാസയിലെ ശാസ്ത്രജ്ഞയായ സുനിതയ്ക്ക് എത്ര രൂപ ശമ്പളമായി കിട്ടുമെന്നതാണ്. സുനിതാ വില്യംസിന് പ്രതിവര്‍ഷം എത്ര ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും എന്നതാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ മുന്നിലെത്തിയ അന്വേഷണങ്ങളില്‍ ഒന്ന്.

യുഎസ് ജനറല്‍ പേ ഷെഡ്യൂളിലെ ഉയര്‍ന്ന റാങ്കുകാരിയാണ് സുനിത. ജിഎസ്-15 എന്ന ശമ്പള ഗ്രേഡിലാണ് സുനിതയും സഹയാത്രികനായ ബുച്ച് വില്‍മോറും വരിക. അതിനാല്‍തന്നെ ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമായിരിക്കും ഇരുവര്‍ക്കും ലഭിക്കുക.  ജിഎസ്-15 ശമ്പള ഗ്രേഡിന് കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അടിസ്ഥാന ശമ്പളം 125,133 ഡോളര്‍ മുതല്‍ 162,672 ഡോളര്‍ വരെയാണ്. അതായത് ഏകദേശം 1.08 കോടി രൂപ മുതല്‍ 1.41 കോടി രൂപവരെ.

ഓവര്‍ടൈം അലവന്‍സ് ലഭിക്കുമോ?

ദൗത്യം നീണ്ടുപോയതോടെ അവര്‍ക്ക് ഓവര്‍ടൈം അലവന്‍സ് ലഭിക്കുമോ എന്നതായിരുന്നു മറ്റൊരു സംശയം. ദൗത്യം നീണ്ടുപോയതോടെ അത്രയും ദിവസത്തെ ആനുപാതിക ശമ്പളംകൂടെ സുനിതയ്ക്കും ബുച്ചിനും ലഭിക്കും. ബഹിരാകാശ നിലയത്തിലെ ഒമ്പത് മാസക്കാലയളവില്‍ ഇരുവര്‍ക്കും ആനുപാതികമായി ലഭിക്കുന്ന തുക 93,850 ഡോളറിനും 122,004 ഡോളറിനും ഇടയിലാണ്. അതായത് ഏകദേശം 81 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെ.

സുനിത പോയത് എവിടേക്ക്?

ബഹിരാകാശ യാത്രികയായ സുനിതാ വില്യംസ് ഒമ്പത് മാസത്തിലേറെ സമയം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ താമസിച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ബഹിരാകാശ നിലയം പരിക്രമണം ചെയ്യുന്നത്. സുനിത എവിടേക്കാണ് പോയതെന്നാണ് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ മറ്റൊരു കാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കുറിച്ചും അന്വേഷണങ്ങള്‍ വന്നു.

അമേരിക്ക (നാസ), റഷ്യ (ആര്‍കെഎ), ജപ്പാന്‍ (ജാക്‌സ), കാനഡ (സിഎസ്എ) തുടങ്ങിയ രാജ്യങ്ങളിലെയും പിന്നെ പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേത്യത്വം കൊടുക്കുന്നത്.