ജീവന്റെ നിലനില്‍പ്പിന് സൂര്യപ്രകാശം അനിവാര്യമാണ്. ഈ മനോഹര ഭൂമിയില്‍ ജീവിക്കാന്‍ ആവശ്യമായ ചൂടും പ്രകാശവും ജീവിതത്തിന് അനുയോജ്യമായ പ്രകൃതി സാഹചര്യങ്ങളും നല്‍കുന്നത് സൂര്യനാണ്. എന്നാല്‍ ഇതൊന്നും എല്ലാകാലവും നിലനില്‍ക്കില്ല. ഏതൊരു നക്ഷത്രത്തേയും പോലെ സൂര്യനും ഒരിക്കല്‍ കത്തിത്തീരും. ഭാഗ്യമെന്ന് പറയട്ടെ, അതിന് ഭാവിയില്‍ ഇനിയും വര്‍ഷങ്ങളേറെയെടുക്കും.
സൂര്യന്റെ മരണം എപ്പോള്‍?
സൂര്യന്റെ നാശം ആരംഭിക്കാന്‍ 500 കോടി വര്‍ഷങ്ങളെടുക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സൂര്യനിലെ ഹൈഡ്രജന്‍ തീരുമ്പോഴാണ് അത് സംഭവിക്കുക.
ഒരു വെള്ളക്കുള്ളന്‍ നക്ഷത്രമായാണ് സൂര്യന്റെ ജീവിതം അവസാനിക്കുകയെന്ന് സ്‌പേസ്.കോം റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തിക്കൊണ്ടിരിക്കുന്ന ആണവ ഇന്ധനമെല്ലാം തീരുമ്പോഴാണ് വെള്ളക്കുള്ളന്‍ എന്ന മരണപ്പെട്ട നക്ഷത്രമായി മാറുക. ഈ വെളുത്ത കുള്ളന്‍ നക്ഷത്രം പതിയെ താപനില കുറയുകയും തണുത്തുറയുകയും ചെയ്യും. സൂര്യനുള്‍പ്പടെ കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രങ്ങളുടെയെല്ലാം അവസാനം ഇങ്ങനെയാണ്. സൂര്യന് ഭൂമിയേക്കാള്‍ ദശലക്ഷക്കണക്കിന് വ്യാപ്തിയുണ്ടെങ്കിലും വെള്ളക്കുള്ളന്‍ ഭൂമിയോളം മാത്രമേ വ്യാപ്തിയുണ്ടാവൂ.
സൂര്യന്‍ വെള്ളക്കുള്ളനായി മാറിയാല്‍ അതിലെ അകക്കാമ്പ് കാര്‍ബണും ഓക്‌സിജനും ആയിരിക്കുമെന്നും ഹീലിയം കത്തിത്തീര്‍ന്നതിന്റെ അവശിഷ്ടങ്ങളായിരിക്കും അതെന്നും അതിന്റെ ബാഹ്യകവചം കത്തിത്തീരാത്ത ഹൈഡ്രജന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൂര്യന്‍ മരിച്ചാല്‍ ഭൂമിയ്‌ക്കെന്ത് സംഭവിക്കും?
സൂര്യന്‍ മരിക്കുന്ന സമയം ഭൂമിയുണ്ടാവാനിടയില്ല. 500 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം സുര്യന്‍ പതിയെ വലുതാവുകയും ചുവന്ന ഭീമനായി മാറുകയും ചെയ്യും. ഈ ഘട്ടത്തില്‍ സൂര്യന് ചുറ്റുമുള്ള ഹൈഡ്രജന്‍ കത്താന്‍ തുടങ്ങുന്നു. അത് ഹീലിയമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
ഇതുവഴിയുണ്ടാകുന്ന ശക്തമായ ഊര്‍ജത്തിന്റെ ഫലമായി സൂര്യന്റെ വലിപ്പം 200 ഇരട്ടിയിലേറെ വര്‍ധിക്കും. ഇങ്ങനെ പരമാവധി വലിപ്പത്തിലെത്തുന്ന ഘട്ടത്തില്‍ ഭൂമി ഉള്‍പ്പടെയുള്ള ഗ്രഹങ്ങളെ അത് വിഴുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇങ്ങനെ വലുതാവുന്ന ഒരു ഘട്ടത്തിലെത്തുമ്പോള്‍ സൂര്യനിലെ ഹീലിയം കത്താന്‍ തുടങ്ങുന്നു. ഇതുവഴി സൂര്യന്റെ പിണ്ഡം വന്‍തോതില്‍ കുറയാന്‍ തുടങ്ങുന്നു. ഇപ്പോഴും അത് സംഭവിക്കുന്നുണ്ട്. സൗരവാതങ്ങള്‍ അതിന് തെളിവാണ്.
ഇപ്പോള്‍ പോലും സൗരവാതം ഭൂമിയിലെത്തുമ്പോഴുണ്ടാകുന്ന വികിരണങ്ങളും പദാര്‍ഥങ്ങളും ഭൂമിയിലെ ജലകണങ്ങളെ വിഘടിപ്പിക്കുന്നത് വഴി ഭൂമിയില്‍ നിന്ന് ജലം നഷ്ടമാവുന്നുണ്ട്. ഇതുവഴി സ്വതന്ത്രമാകുന്ന ഭാരം കുറവുള്ള ഹൈഡ്രജന് ഭൂമിയിലെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് എളുപ്പം പുറത്തുകടക്കാനാവും. ഭൂമിക്ക് ചുറ്റും ഹൈഡ്രജന്‍ മേഘങ്ങളുടെ സാന്നിധ്യം വിവിധ ഭൗമനിരീക്ഷണ ദൗത്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറം ഭൂമിയിലെ ജലം മുഴുവന്‍ നഷ്ടമാകുമെന്നും ചന്ദ്രനെ പോലെയാവുമെന്നുമുള്ളതിന്റെ സൂചനയാണിത്.
ചുവന്ന ഭീമനായുള്ള സൂര്യന്റെ വളര്‍ച്ചയുടെ ഫലമായുണ്ടാകുന്ന ശക്തമായ പ്രകാശവും സൗരക്കാറ്റും കാരണം ഭൂമിയിലെ സമുദ്രങ്ങളും അന്തരീക്ഷവും അപ്രത്യക്ഷമാകുമെന്നും സൂര്യന്റെ മരണശേഷം ഭൂമി ബാക്കിയുണ്ടെങ്കില്‍ അത് ഒരു വെളുത്ത കുള്ളനെ വലം വെക്കുന്ന വെറുമൊരു ചാരക്കട്ടമാത്രമായിരിക്കുമെന്നും സ്‌പേസ്.കോം റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടേയും അവസ്ഥ മറിച്ചല്ല. വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ പോലുള്ള ഗ്രഹങ്ങളിലും സമാനമായ പ്രത്യാഘാതങ്ങളുണ്ടാവും. സൂര്യന്റെ മരണത്തിന്റെ ഭാഗമായുണ്ടാകുന്ന കടുത്ത താപനിലയെ അതിജീവിക്കാന്‍ ഈ ഗ്രഹങ്ങള്‍ക്കുമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്തായാലും ഈ സമയമാവുമ്പോഴേക്കും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ലെന്ന് ഉറപ്പിക്കാം. ഉയര്‍ന്ന താപവും റേഡിയേഷനും എല്ലാ ജീവികളുടേയും വംശനാശത്തിലേക്കും നയിക്കും. സൂര്യന്റെ നാശം മുഴുവന്‍ സൗരയൂഥത്തിന്റെ കൂടി നാശമായിരിക്കും.
ജീവന് അനുയോജ്യമായ മറ്റ് നക്ഷത്രവ്യൂഹങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും ചേക്കേറാന്‍ മനുഷ്യര്‍ക്ക് സാധിച്ചാല്‍ മാത്രം സൗരയൂഥം നശിച്ചാലും മനുഷ്യര്‍ നിലനില്‍ക്കും.
Content Highlights: Discover the Sun`s eventual fate and its impact on Earth.
Published: 08 Jul 2025, 10:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented