
ലോകത്തെ വലിയ കോടീശ്വരന്മാരില്‍ ഒരാളായി മാറേണ്ടിയിരുന്ന വ്യക്തിയാണ് സ്റ്റീവ് വോസ്‌നിയാക്. സ്റ്റീവ് ജോബ്സിനൊപ്പം ആദ്യത്തെ ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുകയും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന് തുടക്കമിടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ അറിയപ്പെടുന്ന ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹമില്ല. ആപ്പിള്‍ ഇന്ന് കാണുന്ന കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള കമ്പനിയായി വളരുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അദ്ദേഹം സമ്പത്തിന്റെ വലിയൊരു ഭാഗം ദാനംചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച 75 വയസ് തികഞ്ഞ വേളയില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് കോടീശ്വരന്‍ ആകാതിരുന്നത് എന്തുകൊണ്ടാണെന്നും സമ്പത്ത് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്നും അദ്ദേഹം വിശദീകരിച്ചത്. സമ്പത്തും അധികാരവുമല്ല എന്റെ ജീവിതലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിലും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിലും, ജീവിതം ആസ്വദിക്കുന്നതിലുമാണ് താത്പര്യം. ജനിച്ച് വളര്‍ന്ന നഗരമായ സാന്‍ ഹോസെയിലെ മ്യൂസിയങ്ങള്‍, കലാസംഘങ്ങള്‍, വിദ്യാഭ്യാസ സംരംഭങ്ങള്‍ എന്നിവയ്ക്ക് അദ്ദേഹം തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കൈമാറി.
ഇത്തരം സംഭാവനകളെ മാനിച്ച് നഗരത്തിലെ ഒരു സ്ട്രീറ്റിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടുണ്ട്. കോടീശ്വരന്മാരുടെ പട്ടികയിലെ സ്ഥാനത്തേക്കാള്‍ പ്രധാനം ചെറുതും എന്നാല്‍ അര്‍ത്ഥവത്തുമായ ഈ അടയാളപ്പെടുത്തലുകളാണെന്ന് അദ്ദേഹം പറയുന്നു. ടെക് ലോകത്തെ പലരില്‍നിന്നും വ്യത്യസ്തനായി പണം കുന്നുകൂട്ടാന്‍ വോസ്‌നിയാക്ക് ശ്രമിച്ചിട്ടില്ല. പ്രസംഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നതെന്നും, അതിന്റെ പകുതിയിലധികവും നികുതിയായി അടയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
20 വര്‍ഷത്തിലേറെ നീണ്ട പ്രസംഗ ജീവിതത്തിന് ശേഷം ഏകദേശം 10 മില്യണ്‍ ഡോളറും രണ്ട് വീടുകളും സമ്പാദിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇത് സുഖമായി ജീവിക്കാന്‍ ധാരാളമാണ്. എന്നാല്‍ തന്റെ സമ്പത്ത് സിലിക്കണ്‍ വാലിയിലെ മറ്റ് പ്രമുഖരുടെ ഭീമമായ സമ്പത്തിന് അരികില്‍ പോലും എത്തുന്നില്ല. എന്നിരുന്നാലും താന്‍ എക്കാലത്തും സന്തോഷവാനാണെന്ന് അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചെറുപ്പത്തില്‍ത്തന്നെ രൂപപ്പെടുത്തിയ തത്ത്വചിന്തയാണ് അതിന് കാരണമെന്ന് അദ്ദേഹം പറയുന്നു. ജീവിതം എന്നാല്‍ സന്തോഷമാണ് എന്ന ആശയം 18 - 20 വയസിലാണ് ലഭിച്ചതെന്നും അതില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഈ ലളിതമായ കാഴ്ചപ്പാട് പതിറ്റാണ്ടുകളോളം അദ്ദേഹത്തെ അവസരങ്ങളിലും വെല്ലുവിളികളിലും നയിച്ചു. അതിമോഹത്തിനോ ശത്രുതയ്ക്കോ കീഴ്പ്പെടുന്ന ചിലരില്‍ നിന്ന് വ്യത്യസ്തമായി വോസ്‌നിയാക്ക് തന്റെ മൂല്യങ്ങളില്‍ ഉറച്ചുനിന്നു. ഒരിക്കലും ആദര്‍ശങ്ങളെ പണയപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു. അതിനിടെ ബഹിരാകാശ മാലിന്യങ്ങള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കമ്പനി അടക്കമുള്ള സംരംഭങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയ്ക്ക് ഒട്ടും കുറവുവന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണത്. എന്നാല്‍ അത്തരം നേട്ടങ്ങളേക്കാള്‍ ജീവിതത്തിലെ സമാധാനത്തിനും സന്തോഷത്തിനുമാണ് അദ്ദേഹം എക്കാലത്തും മുന്‍ഗണന നല്‍കിയത്.
Content Highlights: Apple co-founder Steve Wozniak reflects on choosing happiness and giving back over chasing wealth
Published: 19 Aug 2025, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented