നിർമിതബുദ്ധി (എഐ)യിൽ പ്രവർത്തിക്കുന്ന ഇൻവെന്ററി ടൂൾ ഉപയോഗം അവസാനിപ്പിക്കാൻ ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ചെയിനായ സ്റ്റാർബക്ക്‌സ്. അമേരിക്കൻ സ്റ്റോറുകളിൽ എഐ ടൂൾ വിന്യസിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് സ്റ്റാർബക്ക്‌സ് അത് ഉപേക്ഷിക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

To advertise here,

സിഇഒ ബ്രയാൻ നിക്കോൾ നേതൃത്വം നൽകുന്ന കോഫി ഹൗസ് ചെയിൻ നിരന്തരമായി നേരിട്ടിരുന്ന ഉത്പന്ന ലഭ്യതക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എഐ ടൂൾ വിന്യസിച്ചത്. എഐ പവർഡ് ഓട്ടോമേറ്റഡ് കൗണ്ടിങ് സംവിധാനം സ്റ്റാർബക്ക്‌സിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് സിടിഒ ഡെബ് ഹാൾ ഒരു ബ്ലോഗ് പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, എഐ ടൂൾ വിൽപ്പനയെ ദോഷകരമായി ബാധിച്ചതിനെത്തുടർന്നാണ് ഇപ്പോൾ അത് ഒഴിവാക്കാനൊരുങ്ങുന്നത്.

2025 സെപ്റ്റംബറിലാണ് സ്റ്റാർബക്ക്‌സ് ഓട്ടോമേറ്റഡ് കൗണ്ടിങ് സോഫ്റ്റ്‌വെയർ പുറത്തിറക്കിയത്. സ്റ്റോറുകളിലെ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് ഉടൻ തിരിച്ചറിയാനും ഇൻവെന്ററി ട്രാക്കിങ് വേഗത്തിലാക്കാനും രൂപകൽപ്പന ചെയ്തതായിരുന്നു എഐ പവേഡ് ടൂൾ. എഐ ടൂൾ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഡിവൈസുകൾ ഉപയോഗിച്ച് ജീവനക്കാർ ഷെൽഫുകൾ സ്‌കാൻ ചെയ്താൽ മാത്രം മതിയാകും. തുടർന്ന നടപടികൾ എഐ സഹായത്തോടെ സ്വീകരിക്കും. പാൽ, സിറപ്പുകൾ എന്നിവയുടെ എണ്ണം കണക്കാക്കുന്ന വിരസമായ ജോലി ഓട്ടോമേറ്റ് ചെയ്യുക, കൃത്യത വർധിപ്പിക്കുക, വിതരണം ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിട്ടത്.

എന്നാൽ, സ്റ്റാർബക്ക്‌സ് വികസിപ്പിച്ചെടുത്ത എഐ ടൂൾ ഉത്പന്നങ്ങളെ തെറ്റിദ്ധരിക്കുകയോ പലപ്പോഴും തെറ്റായ കണക്കുകൂട്ടൽ നടത്തുകയോ തെറ്റായി ലേബൽ ചെയ്യുകയോ ചെയ്യുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഓട്ടോമേറ്റഡ് കൗണ്ടിങ് പിൻവലിക്കുമെന്ന് കമ്പനി ആഭ്യന്തര മെമ്മോയിൽ വ്യക്തമാക്കി.

സ്റ്റാർബക്ക്‌സ് സിഇഒ ബ്രയാൻ നിക്കോൾ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി സാങ്കേതികവിദ്യയെ വൻതോതിൽ ആശ്രയിക്കുന്നു എന്നാണ് പറയപ്പെടുന്നത്. കമ്പനിയുടെ വിൽപ്പന വളർച്ച നിലനിർത്താനും ലാഭം മെച്ചപ്പെടുത്താനും സമ്മർദം നേരിട്ടതോടെ ആയിരുന്നു ഇത്. ഈ മാസം ആദ്യം വിവിധ ഓഫീസുകളിലെ 300 യുഎസ് കോർപറേറ്റ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കമ്പനി 1,100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.