മോസ്‌കോ:ആശങ്കകള്‍ക്ക് വിരാമമിട്ട്, 1972-ല്‍ സോവിയറ്റ് യൂണിയന്‍ ശുക്രനിലേക്ക് അയച്ച കോസ്മോസ് 482 ബഹിരാകാശപേടകത്തിന്റെ ലാന്‍ഡിങ് മൊഡ്യൂള്‍ അരനൂറ്റാണ്ടിനുശേഷം ഭൂമിയില്‍ പതിച്ചു. ശനിയാഴ്ച പ്രാദേശികസമയം രാവിലെ 9.24-നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അറിയിച്ചു. ഇന്‍ഡൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കുസമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്‌തെന്നാണ് ഏജന്‍സി പറഞ്ഞിരിക്കുന്നത്. അതേസമയം, പേടകം എവിടെയാണ് പതിച്ചത് എന്നതുസംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

To advertise here,

ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുന്നസമയത്ത് കാര്യമായൊന്നും സംഭവിച്ചില്ലെങ്കില്‍, ലണ്ടനും തെക്കേ അമേരിക്കയുടെ കേപ് ഹോണിനുമിടയില്‍ എവിടെയെങ്കിലും പേടകം പതിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. 1972 മാര്‍ച്ച് 31-നായിരുന്നു കോസ്മോസ് 482-ന്റെ വിക്ഷേപണം. സോവിയറ്റ് യൂണിയന്റെ ശുക്രദൗത്യപരമ്പരകളുടെ ഭാഗമായിരുന്നു ഇത്. റോക്കറ്റിനുണ്ടായ തകരാറുകാരണം പലഭാഗങ്ങളും മുന്‍പുതന്നെ വേര്‍പെട്ട് ഭൂമിയില്‍ പതിച്ചിരുന്നു. എന്നാല്‍, 500 കിലോഗ്രാമോളം ഭാരവും ഏകദേശം ഒരുമീറ്റര്‍ വ്യാസവുമുള്ള, ഗോളാകൃതിയിലുള്ള ലാന്‍ഡിങ് മൊഡ്യൂള്‍ 53 വര്‍ഷമായി ഭൂമിയെ ചുറ്റുകയായിരുന്നു.

കോസ്മോസ് 482-ന് സമാനമായി 1979-ല്‍ നാസയുടെ സ്‌കൈലാബിന്റെ വീഴ്ച ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.