ഫ്‌ളോറിഡ: സോവിയറ്റ് യൂണിയന്‍ 1970-കളില്‍ ശുക്രനിലേക്ക് പറത്തിവിട്ട ബഹിരാകാശവാഹനത്തിന്റെ ഒരുഭാഗം പിടിവിട്ട് ഭൂമിയിലേക്ക് കുതിച്ചുവരുന്നു. മേയ് പത്തിന് ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുമെന്ന് ശസ്ത്രജ്ഞര്‍. ഈ സമയത്ത് കാര്യമായൊന്നും സംഭവിച്ചില്ലെങ്കില്‍ മണിക്കൂറില്‍ 242 കിലോമീറ്റര്‍ വേഗത്തില്‍ ഈ ലോഹക്കട്ട ഭൂമിയില്‍ പതിക്കും. ലണ്ടനും തെക്കേ അമേരിക്കയുടെ കേപ് ഹോണിനുമിടയില്‍ എവിടെ വേണമെങ്കിലും പേടകം പതിക്കാന്‍ സാധ്യതയുണ്ട്.

To advertise here,

1972-ല്‍ വിക്ഷേപിച്ച 'കോസ്മോസ് 482' എന്ന പേടകത്തിന്റെ ലാന്‍ഡിങ് മൊഡ്യൂളാണ് 53 വര്‍ഷത്തിനുശേഷം ഭൂമിയിലേക്കെത്തുന്നത്. സോവിയറ്റ് യൂണിയന്റെ ശുക്രദൗത്യ പരമ്പരകളുടെ ഭാഗമായിരുന്നു കോസ്മോസ് 482. റോക്കറ്റിനുണ്ടായ തകരാറുകാരണം ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തെത്താതിരുന്ന പേടകത്തിന്റെ പലഭാഗങ്ങളും മുന്‍പുതന്നെ വേര്‍പെട്ട് ഭൂമിയില്‍ പതിച്ചിരുന്നു. എന്നാല്‍, 500 കിലോഗ്രാമോളം ഭാരവും ഏകദേശം ഒരുമീറ്റര്‍ വ്യാസവുമുള്ള ഗോളാകൃതിയിലുള്ള ലാന്‍ഡിങ് മൊഡ്യൂള്‍ 53 വര്‍ഷമായി ഭൂമിയെ ചുറ്റുകയായിരുന്നു.

1979-ല്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 'സ്‌കൈലാബി'ന്റെ വീഴ്ചയെ ഓര്‍മ്മിപ്പിക്കുന്നതാണ് കോസ്മോസിന്റെ തിരിച്ചുവരവെങ്കിലും അത്ര പേടിക്കേണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

77,000 കിലോഗ്രാമുണ്ടായിരുന്ന സ്‌കൈലാബിന്റെ 150-ല്‍ ഒരു ഭാഗം മാത്രമാണ് ഇത്തവണത്തെ ലോഹക്കട്ടയുടെ വലുപ്പം. വര്‍ഷത്തില്‍ പലതവണ ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകള്‍ വരുത്തുന്ന നാശത്തിനപ്പുറമൊന്നും ഈ ലോഹക്കട്ടയും ഉണ്ടാക്കില്ല. സ്‌കൈലാബിനെപ്പോലെ മൊഡ്യൂളും ഏതെങ്കിലുമൊരു കടലില്‍ ചെന്ന് പതിക്കാനും സാധ്യതയുണ്ട്.