സൈബര്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ദക്ഷിണകൊറിയയിലെ വന്‍ സുരക്ഷാ ക്യാമറ ഹാക്കിങ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിച്ചിരുന്ന 1,20,000-ത്തിലധികം വീഡിയോ ക്യാമറകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. അതിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയും ദൃശ്യങ്ങള്‍ വിദേശ വെബ്‌സൈറ്റിന് വില്‍ക്കുകയും ചെയ്തുവെന്ന കേസില്‍ ദക്ഷിണ കൊറിയയില്‍ നാലുപേര്‍ അറസ്റ്റിലായതായി ബിബിസി റിപ്പോര്‍ട്ടുചെയ്തു.

To advertise here,

ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) ക്യാമറകളുടെ ലളിതമായ പാസ്വേഡുകള്‍ അടക്കമുള്ള സുരക്ഷാ വീഴ്ചകള്‍ മുതലെടുത്താണ് അക്രമികള്‍ വന്‍ ഹാക്കിങ് നടത്തിയതെന്ന് പോലീസ് പറയുന്നു. സിസിടിവി ക്യാമറകള്‍ക്ക് പകരം ഉപയോഗിക്കുന്നവയാണ് ചെലവ് കുറഞ്ഞ ഐപി ക്യാമറകള്‍ (ഹോം ക്യാമറകള്‍). ഹോം ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച് സുരക്ഷ ഉറപ്പാക്കാനും കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും നിരീക്ഷിക്കാനും അടക്കമുള്ളവയ്ക്കാണ് ഉപയോഗിക്കാരുള്ളത്.

ഒരു ഗൈനക്കോളജിസ്റ്റിന്റെ ക്ലിനിക്കിലെ ക്യാമറയടക്കം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, അറസ്റ്റിലായ നാലുപേരും പരസ്പര ബന്ധമില്ലാതെ തനിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ ഒന്നിച്ച് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ദക്ഷിണ കൊറിയയുടെ ദേശീയ പോലീസ് ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു.

പ്രതികളിലൊരാള്‍ 63,000 ക്യാമറകള്‍ ഹാക്ക് ചെയ്യുകയും 545 അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. ഈ വീഡിയോകള്‍ ഇയാള്‍ 35 ദശലക്ഷം വോണ്‍ (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നാണ് വിദേശ വെബ്‌സൈറ്റിന് വിറ്റത്. മറ്റൊരാള്‍ 70,000 ക്യാമറകള്‍ ഹാക്ക് ചെയ്യുകയും 648 വീഡിയോകള്‍ 18 ദശലക്ഷം വോണിന് വില്‍ക്കുകയും ചെയ്തു.

ഐപി ക്യാമറ ഹാക്കിംഗ് ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്ന ഒരു വെബ്‌സൈറ്റില്‍ കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്ത വീഡിയോകളില്‍ ഏകദേശം 62 ശതമാനത്തിനും ഉത്തരവാദികള്‍ ഈ രണ്ട് പ്രതികളാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാനും അടച്ചുപൂട്ടാനും അധികൃതര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. വിദേശ ഏജന്‍സികളുമായി സഹകരിച്ച് അതിന്റെ നടത്തിപ്പുകാറെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സൈറ്റിലൂടെ ദൃശ്യങ്ങള്‍ വാങ്ങുകയും കാണുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന മറ്റ് മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.

അതിനിടെ, ക്യാമറ ഹാക്ക് ചെയ്യപ്പെട്ടവീടുകളടക്കം സന്ദര്‍ശിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ധരിപ്പിക്കുകയും പാസ്വേഡുകള്‍ മാറ്റുന്നതടക്കമുള്ള സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഉള്ളടക്കം നീക്കം ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ ഐപി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആക്സസ് പാസ്വേഡുകള്‍ ഉടനടി മാറ്റണമെന്നും ദക്ഷിണ കൊറിയയുടെ ദേശീയ പോലീസ് ഏജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്.