ഒടുവില്‍ ഓപ്പണ്‍ എഐയുടെ വീഡിയോ ജനറേഷന്‍ ടൂളായ സോറ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കി. സോറ ടര്‍ബോ എന്ന പേരില്‍ പുതിയ എഐ വീഡിയോ ജനറേഷന്‍ ടൂളാണ് ഓപ്പണ്‍ എഐ അവതരിപ്പിച്ചത്. Sora.com എന്ന യുര്‍എല്ലിലൂടെ സോറ ടര്‍ബോ ഇപ്പോള്‍ ഉപയോഗിക്കാം. ചാറ്റ്ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകും. 

To advertise here,

യഥാര്‍ത്ഥമെന്ന് തോന്നുംവിധം എഴുതി നല്‍കുന്ന എഐ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാനാവുന്ന ടൂള്‍ ആണ് സോറ. ഓപ്പണ്‍ എഐയിലെ ഡാല്‍ഇ എന്ന ഇമേജ് ജനറേഷന്‍ ടൂളിന് സമാനമാണിത്. 

ഫെബ്രുവരിയിലാണ് സോറ പ്ലാറ്റ്‌ഫോം കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചത്. അന്ന് ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതമായ രീതിയിലാണ് സോറ ലഭ്യമാക്കിയത്. 1080 പിക്‌സല്‍ റെസലൂഷനില്‍ 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. വൈഡ് സ്‌ക്രീന്‍, വെര്‍ട്ടിക്കല്‍, സ്‌ക്വയര്‍ എന്നിങ്ങനെ വിവിധ ഫോര്‍മാറ്റുകളില്‍ വീഡിയോ നിര്‍മിക്കാം. ചാറ്റ് ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കള്‍ക്ക് ഇതിനായി അധിക തുക നല്‍കേണ്ടതില്ല. 

ഇതിലെ സ്റ്റോറി ബോര്‍ഡ് ഇന്റര്‍ഫെയ്‌സ് ഉപയോഗിച്ച് ഓരോ ഫ്രെയിമിലും എന്ത് വേണം എന്ന് വിശദമാക്കി നല്‍കാന്‍ ഉപഭോക്താവിന് സാധിക്കും. ഇങ്ങനെ നിര്‍മിക്കുന്ന ഉള്ളടക്കങ്ങള്‍ ഉപഭോക്താവിന് സോറയുടെ ഫീഡില്‍ പങ്കുവെക്കുകയും ചെയ്യാം.

ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയെങ്കിലും ചില രാജ്യങ്ങളില്‍ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാവൂ. യുകെ, യൂറോപ്യന്‍ യൂണിയന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ സോറ ടര്‍ബോ ലഭ്യമല്ല. ചാറ്റ് ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കള്‍ക്ക് സേവനം ഉപയോഗിക്കാനാകുമെങ്കിലും ചാറ്റ് ജിപിടി ടീം, എന്റര്‍പ്രൈസ്, എഡ്യു പ്ലാനുകളുടെ വരിക്കാര്‍ക്ക് ലഭ്യമാകില്ല. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും ഉപയോഗിക്കാനാവില്ല. 

ചാറ്റ്ജിപിടി പ്ലസ് വരിക്കാര്‍ക്ക് മാസം 480 പിക്‌സല്‍ റെസലൂഷനിലുള്ള 50 വീഡിയോകള്‍ നിര്‍മിക്കാനാവും. പ്രോ വരിക്കാര്‍ക്ക് കൂടിയ റെസലൂഷന്‍ ഉള്‍പ്പടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും. അടുത്ത വര്‍ഷത്തോടെ സോറയ്ക്ക് വേണ്ടിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചേക്കും. 

സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തും

സോറ ടര്‍ബോയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഓപ്പണ്‍ എഐ ഒരുക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ സോറ തടയും. ഡീപ്പ് ഫേക്ക്, കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ എന്നിവ സോറ ഉപയോഗിച്ച് നിര്‍മിക്കാനാവില്ല. അതുകൊണ്ടു തന്നെ തുടക്കത്തില്‍ മനുഷ്യര്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിന് നിയന്ത്രണമുണ്ടാകുമെങ്കിലും ദുരുപയോഗം തടയുന്നതിനുള്ള സംവിധാനങ്ങള്‍ വികസിക്കുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ക്ക് അയവ് വരും. 

മെറ്റയുടെ മേക്ക് എ വീഡിയോ, ഗൂഗിളിന്റെ ഇമാജെന്‍ വീഡിയോ, സ്റ്റബിലിറ്റി എഐയുടെ സ്‌റ്റേബില്‍ വീഡിയോ ഡിഫ്യൂഷന്‍ എന്നിവയാണ് ഈ രംഗത്ത് ഇതിനകം സജീവമായിട്ടുള്ള മറ്റ് ടെക്‌സ്റ്റ് ടു വീഡിയോ പ്ലാറ്റ്‌ഫോമുകള്‍.