നിര്‍മ്മിത ബുദ്ധി നമുക്കിടയില്‍ നടത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇതിനോടകം നമ്മള്‍ ബോധവാന്മാരായി കഴിഞ്ഞു. ദൈനംദിന ജീവിതത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ ഇടപെടല്‍ പല തരത്തിലുള്ള സംശയങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിയൊരുക്കുന്നുണ്ട്. ഭാവിയില്‍ മനുഷ്യനെ പിന്തള്ളി നിര്‍മ്മിത ബുദ്ധി എല്ലാ മേഖലയിലേക്കും കടന്ന് കയറും എന്ന വേവലാതിയും നമുക്കിടയില്‍ ഉണ്ട്. 

To advertise here,

നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍  പല സംശയങ്ങളും നിലനില്‍ക്കുന്ന സമയത്ത് പുതിയ തലമുറയ്ക്ക് ഉപദേശവുമായി വന്നിരിക്കുകയാണ് പെര്‍പ്ലെക്‌സിറ്റി സി.ഇ.ഒ ആയ അരവിന്ദ് ശ്രീനിവാസ്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് പകരം നിര്‍മ്മിത ബുദ്ധിയെ കുറിച്ച് പഠിക്കാനാണ് അരവിന്ദ് ശ്രീനിവാസ് യുവാക്കളോട് പറയുന്നത്.

വളരെ വേഗത്തില്‍ നടക്കുന്ന നിര്‍മ്മിത ബുദ്ധിയുടെ വികാസത്തോടൊപ്പം എത്തിച്ചേരുക മനുഷ്യരാശിയുടെ ആവശ്യമാണ്. മൂന്ന് മുതല്‍ ആറ് മാസം കൂടുമ്പോള്‍ നിര്‍മ്മിത ബുദ്ധിയില്‍ പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്ന ആള്‍ക്കാണ് ആധുനിക സമൂഹത്തില്‍ ജോലി സാധ്യത  കൂടുതല്‍.

അനുദിനം വളരുന്ന നിര്‍മ്മിത ബുദ്ധിയെ കുറിച്ച് പഠിക്കാതിരിക്കുന്നവര്‍ തൊഴില്‍ മേഖലയില്‍ നിന്ന്  പിന്തള്ളപ്പെടുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നവര്‍ ജോലി സ്ഥലത്ത് കൂടുതല്‍  പരിഗണിക്കപ്പെടുകയും ചെയ്യും.

നിര്‍മ്മിത ബുദ്ധിയുടെ വികാസത്തിലുള്ള വേഗത കാരണം ചില തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടും. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ പരിഹാരമായി ഏതെങ്കിലും സംരംഭത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. 

നിര്‍മ്മിത ബുദ്ധി തൊഴിലിടങ്ങളില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രശ്‌നത്തെകുറിച്ച് സാങ്കേതിക വ്യവസായത്തില്‍ നിലനില്‍ക്കുന്ന ഒരു ആശങ്കയാണ് അരവിന്ദ് ശ്രീനിവാസന്റെ വാക്കുകളിലൂടെ വ്യക്തമാവുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പകുതിയിലേറെ എന്‍ട്രി-ലെവല്‍ വൈറ്റ് കോളര്‍ ജോലികള്‍ നിര്‍മ്മിത ബുദ്ധി ഇല്ലാതാക്കും എന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡി ഈ അടുത്ത് പറഞ്ഞിരുന്നു.

എന്‍വീഡിയയുടെ സി.ഇ.ഒ ആയ ജെന്‍സണ്‍ ഹുആങ് നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ പ്രതീക്ഷയുളവാക്കുന്ന കാര്യമാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിര്‍മ്മിത ബുദ്ധി തൊഴില്‍ സാധ്യത മുഴുവനായും ഇല്ലാതാക്കുന്നതിന് പകരം അവയില്‍ മാറ്റം വരുത്തും എന്നാണ് പറയുന്നത്.