പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നതിന് ഗൂഗിളുമായി സഹകരിക്കുമെന്ന് ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ മീറ്റിങില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇരു കമ്പനികളും ചേര്‍ന്ന് താമസിയാതെ വിലകുറഞ്ഞ 4ജി, 5ജി സ്മാര്‍ട്‌ഫോണുകള്‍ ഉടന്‍ പുറത്തിറക്കിയേക്കുമെന്നാണ് വിവരം. 

To advertise here,

അടുത്ത രണ്ട് വര്‍ഷം കൊണ്ട് 20 കോടി എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനായി പ്രാദേശിക സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുടെ സഹായവും തേടും. 

ആന്‍ഡ്രോയിഡില്‍ നിന്നും പ്ലേസ്റ്റോറില്‍ നിന്നുമുള്ള വിവിധ ഫീച്ചറുകള്‍ ഫോണില്‍  ലഭ്യമാകുമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. ഫോണിനൊപ്പം വിലക്കുറവില്‍ ഡാറ്റാ ആനുകൂല്യങ്ങളും ലഭ്യമാവും. വില തുടങ്ങുന്നത് 4000 രൂപയിലാകുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ഈ വര്‍ഷം അവസാനത്തോടെയോ, അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുക.

വരാനിരിക്കുന്ന ജിയോ ആന്‍ഡ്രോയിഡ് ഫോണിനെ കുറിച്ചുള്ള മറ്റ് ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 

റിലയന്‍സ് ഓര്‍ബിക് ആര്‍സസി545എല്‍ എന്നായിരിക്കും ഫോണിന് പേര്. ആന്‍ഡ്രോയിഡ് 10 ഓഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്യുഎം 215 എസ്ഒസി ചിപ് സെറ്റ് ആയിരിക്കും ഉണ്ടാവുക. ഇതേ പ്രൊസസര്‍ തന്നെയാണ് ആന്‍ഡ്രോയിഡ് ഗോ ഫോണിലുമുള്ളത്. ഫോണിന്  720x1440 പിക്‌സല്‍ റസലൂഷന്‍ എച്ച്ഡി പ്ലസ് സ്‌ക്രീന്‍ ആയിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

5ജി കണക്റ്റിവിറ്റിയില്‍ കൂടുതല്‍ ചെലവ് കുറഞ്ഞ ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ്  ജിയോ തയ്യാറെടുക്കുകയാണെന്നും മൂന്ന് ഫോണുകള്‍ ഈ വിഭാഗത്തിനായി ഒരുക്കുന്നുണ്ടെന്നുമാണ് സൂചന.

Content Highlights: reliance jio  android smartphones may launch in 2021