ഇന്ത്യയിലെ ബിസിനസ് ഭീമന്‍ മുകേഷ് അംബാനിയുടെ വസതി അന്റീലിയ വളരെ പ്രശസ്തമാണ്. മുംബൈയിലുള്ള ഈ വീടിന് 15,000 കോടി രൂപ വിലമതിപ്പുണ്ട്. അംബാനിയുടെ വീട് എന്നതിലുപരി അവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. പരമ്പരാഗത വീട്ടുജോലിക്കാര്‍ എന്ന സങ്കല്‍പ്പത്തിന് അപ്പുറം ഒരുകൂട്ടം ഉയര്‍ന്ന പ്രൊഫഷണല്‍ സംഘമാണ് അവര്‍. അതിശയിപ്പിക്കുന്ന ശമ്പള സ്‌കെയിലാണ് ഒരോരുത്തര്‍ക്കും ലഭിക്കുന്നത്.

To advertise here,

600-ലേറെ ജോലിക്കാര്‍ അന്റീലിയയില്‍ ഉണ്ട്. ഷെഫ്, ഹൗസ്‌കീപ്പിങ്ങ് അംഗങ്ങള്‍, പേഴ്‌സണല്‍ അറ്റന്റഡന്റ്, സെക്യൂരിറ്റി ഗാര്‍ഡ്, തുടങ്ങിയവര്‍ ഈ സംഘത്തിലുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുകേഷ് അംബാനിയുടെ സ്വകാര്യ ഡ്രൈവര്‍ക്ക് മാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം. 14,536 അടിസ്ഥാന പേ സ്‌കെയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സെക്യൂരിറ്റി ജീവനക്കാരന്റെ തുടക്കശമ്പളം. ഇത് 55,869 രൂപ സ്‌കെയില്‍ വരെ പോവും.

ഉയര്‍ന്ന നൈപുണ്യമുള്ളവരെയാണ് അംബാനിയുടെ ഭവനത്തിൽ ജോലിക്ക് പരിഗണിക്കുന്നത്. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത് റിക്രൂട്ട്‌മെന്റ് റൗണ്ടുകളുണ്ടായിരിക്കും.

ടിവി9 ഹിന്ദി പുറത്ത് വിട്ട് റിപ്പോര്‍ട്ട് പ്രകാരം എഴുത്തുപരീക്ഷയിലൂടെയാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ വിജയിച്ചവര്‍ക്ക് അടുത്തത്‌ അഭിമുഖ റൗണ്ടാണ്. അപേക്ഷിക്കുന്ന തൊഴിലിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. പാത്രം കഴുകുന്ന പോസ്റ്റിന് അപേക്ഷിക്കുന്നവര്‍ ഇതിന്റെ പ്രാക്ടിക്കല്‍ ടെസ്റ്റിലൂടെ കടന്നുപോയിരിക്കണം. ഇത്തരത്തില്‍ നിങ്ങള്‍ ഏത് ജോലിക്കാണോ അപേക്ഷിക്കുന്നത് അവയിലുള്ള നൈപുണ്യം പരിശോധിക്കും. വളരെ സൂക്ഷ്മമായി ഈ ഘട്ടത്തില്‍ നിങ്ങളെ വിലയിരുത്തും. കൃത്യമായ വിലയിരുത്തലിലൂടെയാണ് തിരഞ്ഞെടുക്കുക.

ശമ്പളവും ആനുകൂല്യവും

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്യവും ലഭിച്ചിരിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കൃത്യമായ വിശ്രമം, അവധി എന്നിവയും ഉറപ്പാക്കും

നാലുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വസതിയില്‍ 27 നിലകളാണുള്ളത്. ഇതില്‍ 27-ാം നിലയിലാണ് കുടുംബം താമസിക്കുന്നത്. 15,000 കോടി രൂപയാണ് വീടിന്റെ മൂല്യം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ അനന്ദ്, ആകാശ്, മരുമകള്‍ ശ്ലോക, കൊച്ചുമക്കളായ വേദ, പ്രിഥ്വി എന്നിവരടക്കം എല്ലാവും 27-ാം നിലയിലാണ് താമസിക്കുന്നത്. അവസാന നിലയുടെ വിവിധ പ്രത്യേകതകള്‍ കണക്കിലെടുത്താണ് നിതാ അംബാനി ഇവിടെ താമസിക്കാന്‍ തിരഞ്ഞെടുത്തത്. ആവശ്യത്തിന് സ്വാഭാവിക സൂര്യപ്രകാശമാണ് ഈ നിലയുടെ പ്രധാനസവിശേഷത. വലിയ വെന്റിലേഷന്‍ സംവിധാനവും കൂടെച്ചേരുമ്പോള്‍ സൗകര്യപ്രദമായ ലിവിങ് ഏരിയ ഇവിടെ ലഭിക്കുന്നു. ഈ നിലയിലേക്ക് വളരെ പരിമിതമായ പ്രവേശനമേ മറ്റുള്ളവര്‍ക്ക് ഉള്ളൂ. എളുപ്പത്തില്‍ ആളുകളുടെ കണ്ണില്‍പ്പെടുന്നില്ലെന്നതാണ് 27-ാം നില കുടുംബത്തിന്റെ പ്രിയപ്പെട്ട ചോയ്‌സ് ആക്കുന്നത്.

എട്ട് റിക്ടര്‍ സ്‌കെയില്‍വരെ ഭൂമികുലുക്കത്തെ പ്രതിരോധിക്കാന്‍ കെട്ടിടത്തിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. 49 കിടപ്പുമുറികളാണ് ഇവിടെയുള്ളത്. ഒരു വലിയ ബോള്‍ റൂം, ഹെല്‍ത്ത് സ്പാ, നിരവധി സ്വിമ്മിങ് പൂളുകള്‍, സ്‌നോ റൂം, മൂന്ന് ഹെലിപാഡ്, ഒമ്പത് ഹൈ സ്പീഡ് ലിഫ്റ്റുകള്‍, ബഹുനില പാര്‍ക്കിങ് എന്നിവയും ഈ വസതിയിലുണ്ട്. 600 ജോലിക്കാരാണ് ഇവിടെയുള്ളത്. സൂര്യനില്‍നിന്നും താമരയില്‍നിന്നുമാണ് വീടിനുള്ള തീമിന് പ്രചോദനം ഉള്‍ക്കൊണ്ടത്.