ഉയർന്ന തുകയുടെ ഡിജിറ്റൽ ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നത് ഈ രംഗത്തെ മുന്നേറ്റത്തെ ബാധിച്ചേക്കാമെന്ന് ബാങ്കുകളും ഫിൻടെക് കമ്പനികളും. ആർ.ബി.ഐ. മുന്നോട്ടുവെച്ചിട്ടുള്ള ഡിസ്‌കഷൻ പേപ്പറിൽ പറയുന്ന രീതിയിൽ 10,000 രൂപയ്ക്കു മുകളിൽ, യു.പി.ഐ. അടക്കമുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഒരു മണിക്കൂർ കാത്തിരിപ്പുസമയമാണ് പറയുന്നത്. നിർദേശം അതേപടി നടപ്പായാൽ പണം സ്വീകരിക്കുന്നവർക്ക് അതു ലഭിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വരും. ഇത് ഡിജിറ്റൽ ഇടപാടുകളിൽ വലിയ തടസ്സങ്ങൾക്കു കാരണമായേക്കാം.
ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് നിർദേശമെങ്കിലും തത്സമയ ഇടപാട് എന്ന വലിയ ആശയത്തിനാകും ഇതു തിരിച്ചടിയാവുക. 2024-'25 സാമ്പത്തികവർഷം 35,000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകളാണ് നടന്നത്. ഇതിൽ കൂടുതലും ഇരയാക്കപ്പെട്ടത് മുതിർന്ന പൗരരാണ്. ഡിജിറ്റൽ തട്ടിപ്പുകളിൽ 99 ശതമാനവും 10,000 രൂപയ്ക്കു മുകളിൽ വരുന്നതായതിനാലാണ് നിയന്ത്രണത്തിനുള്ള തുകയുടെ പരിധി 10,000 രൂപയായി നിശ്ചയിച്ചത്. എന്നാൽ, നിയന്ത്രണം വരുന്നത് ഡിജിറ്റൽ ഇടപാട് മേഖലയെ ഒന്നാകെ ശിക്ഷിക്കുന്ന പോലെയാകുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു. തത്സമയ ഇടപാട് എന്നതിന് പിന്നീട് പ്രസക്തിയുണ്ടാകില്ല.
തത്സമയ ഇടപാടുകൾ നടക്കുന്നതാണ് യു.പി.ഐ. ഉൾപ്പെടെ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന്റെ വിജയം. തീരുമാനം പ്രാബല്യത്തിലായാൽ വലിയ തുകയുടെ ഇടപാടുകളിൽ പണം ലഭിക്കേണ്ടവർക്ക് അത് കിട്ടിയോ എന്നുറപ്പിക്കാൻ കാത്തിരിക്കണം. അയക്കുന്നവർക്കും ആശങ്ക സ്വാഭാവികമായുമുണ്ടാകും. എല്ലാ തരത്തിലുമുള്ള ഡിജിറ്റൽ ഇടപാടുകൾക്കും പുതിയ നിബന്ധനകൾ ബാധകമാകുമെങ്കിലും ഐ.എം.പി.എസ്., നെഫ്റ്റ് പോലുള്ളവയ്ക്ക് നിലവിൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ യു.പി.ഐ. ഇടപാടുകളെയാകും ഇത് കൂടുതൽ ബാധിക്കുക. വിശ്വസ്തരായ ഇടപാടുകാരെ ചേർക്കാൻ സംവിധാനമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. യു.പി.ഐ.യുടെ ജനകീയ സ്വഭാവത്തെ തന്നെ ഇതു ബാധിച്ചേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അവതരിപ്പിച്ച് പത്തുവർഷം പിന്നിട്ട യു.പി.ഐ. പെയ്മന്റ് സംവിധാനത്തിൽ 37 മുതൽ 38 ശതമാനം വരെ വ്യക്തികൾ തമ്മിലാണ് ഇടപാടുകൾ. മൂല്യത്തിൽ 60 ശതമാനം വരെയും ഇത്തരത്തിലുള്ളതാണ്. തട്ടിപ്പുകളുണ്ടാകുന്നുണ്ടെങ്കിൽ തടയാൻ മറ്റു വഴികൾ തേടുകയാണ് വേണ്ടതെന്നും പൊതുവിൽ അഭിപ്രായമുയർന്നിട്ടുണ്ട്. മാത്രമല്ല, ഡിജിറ്റൽ അറസ്റ്റ്, നിക്ഷേപങ്ങളുടെ പേരിലുള്ള തട്ടിപ്പ് എന്നിവയ്ക്ക് ഉപഭോക്താക്കളെ വിശ്വസിപ്പിക്കാൻ തന്നെ തട്ടിപ്പുകാർക്ക് ദിവസങ്ങൾ വേണ്ടിവന്നേക്കാം. ഇതിനിടയിൽ അക്കൗണ്ട് വിശ്വസ്തരുടെ ഗണത്തിലാക്കിയാൽ ഈ നിയന്ത്രണങ്ങൾ നിഷ്ഫലമാകുമെന്ന ന്യൂനതയുമുണ്ട്. ഡിസ്‌കഷൻ പേപ്പറിൽ ബാങ്കുകളും ഫിൻടെക് കമ്പനികളുമുൾപ്പെടെ ഈ ആശങ്കകൾ ആർ.ബി.ഐ.യെ അറിയിക്കുമെന്നാണ് സൂചന. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾകൂടി സ്വരൂപിച്ചുകൊണ്ടാകും ആർ.ബി.ഐ. തീരുമാനം കൈക്കൊള്ളുക.
Content Highlights: RBI is considering a one-hour waiting period for UPI transactions exceeding ₹10,000., The proposal aims to mitigate the rise in digital financial fraud observed in 2026., Banks and fintech companies argue this undermines the core value of real-time digital payments.
Published: 15 Apr 2026, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented