ദൈനം ദിന ജീവിതത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തില്‍ ആശങ്ക പങ്കുവെക്കുകയാണ് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ. എഐ ബോട്ടുകളും മനുഷ്യരും എഴുതുന്ന പോസ്റ്റുകള്‍ വേര്‍തിരിക്കാന്‍ നമുക്ക് സാധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. താമസിയാതെ തന്നെ നിങ്ങള്‍ സംസാരിക്കുന്നത് മനുഷ്യനോടാണോ ബോട്ടിനോടാണോ എന്ന് അറിയാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറഞ്ഞു. 

To advertise here,

ദി ഗാര്‍ഡിയനില്‍ എഴുതിയ ഒരു ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് @kimmonismus എന്ന എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ടാണ് വിജയ് തന്റെ ആശങ്ക പങ്കുവെച്ചത്. 

എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറയുന്നതുമായി ബന്ധപ്പെട്ടുള്ള ലേഖനമാണ് ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചത്. എഐ ഡിറ്റക്ഷന്‍ സ്റ്റാര്‍ട്ടപ്പ് ആയ ഒറിജിനാലിറ്റി എഐ നടത്തിയ വിശകലനം അനുസരിച്ച് ഇംഗ്ലീഷ് ഭാഷയിലുള്ള ദൈര്‍ഘ്യമേറിയ എഴുത്തുകളില്‍ 50 ശതമാനവും ഇന്ന് എഐ നിര്‍മിതമാണെന്ന് ലേഖനത്തില്‍ പറയുന്നു. 

2023 ലാണ് എഐ ഉള്ളടക്കങ്ങള്‍ ഗണ്യമായി വര്‍ധിച്ചത്. ചാറ്റ് ജിപിടിയുടെ ലഭ്യതയും എഐ എഴുത്തുപകരണങ്ങളുടെ വ്യാപനവും അതിന് കാരണമായിട്ടുണ്ടെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.