സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളിലൂടെയാണ് സ്വന്തം കരിയര്‍ കെട്ടിപ്പടുത്തതെങ്കിലും ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ടെലിഗ്രാം സിഇഒ പവല്‍ ദുറോവ്. ഫോണ്‍ നോക്കാതെയാണ് ഓരോ ദിവസവും താന്‍ ആരംഭിക്കുന്നതെന്ന് ഒരു പോഡ്കാസ്റ്റില്‍ അദ്ദേഹം വെളിപ്പെടുത്തി. സ്വന്തമായി ആശയങ്ങള്‍ രൂപവത്കരിക്കുന്നതില്‍ തടസംനില്‍ക്കുന്ന ഒന്നായാണ് മൊബൈല്‍ ഫോണിനെ ദുറോവ് കാണുന്നത്. താന്‍ എന്ത് ചിന്തിക്കണമെന്ന് മറ്റുള്ളവര്‍ പറയേണ്ടതില്ലെന്നും അതിനാലാണ് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ദുറോവ് പറയുന്നു.

To advertise here,

കര്‍ശനമായ ദിനചര്യയുടെ ഭാഗമാണ് ഫോണ്‍ ഉപയോഗത്തിലുള്ള അച്ചടക്കം. 11 മുതല്‍ 12 മണിക്കൂര്‍ വരെ ഉറക്കത്തിനായി നീക്കിവയ്ക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ദീര്‍ഘമായ വിശ്രമ വേളകളിലാണ് മികച്ച ആശയങ്ങള്‍ ലഭിക്കുന്നത്. ആ സമയത്താണ് മനസ് ചിന്തയില്‍ മുഴുകുന്നത്. ഇക്കാര്യത്തില്‍ എന്റെ തത്വശാസ്ത്രം വളരെ ലളിതമാണ്. ജീവിതത്തില്‍ എന്താണ് പ്രധാനം എന്ന് ഞാന്‍ തന്നെ നിര്‍വചിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് എന്താണ് പ്രധാനം, ഞാന്‍ എന്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നൊക്കെ മറ്റാളുകളോ കമ്പനികളോ മറ്റ് സംഘടനകളോ എന്നോട് പറയുന്നത് എനിക്കിഷ്ടമല്ല. സന്തുലിതമായ രീതിയില്‍ ആളുകളുമായി ബന്ധം പുലര്‍ത്തേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൊന്ന് സ്ഥാപിച്ചതും, അതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മെസേജിംഗ് ആപ്പ് സ്ഥാപിച്ചതും ഞാനായതുകൊണ്ട് എന്റെ സമീപനം വിരോധാഭാസമായി തോന്നാം - അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യയെയും ഡാറ്റാ സ്വകാര്യതയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മുന്‍പും തുറന്നുപറഞ്ഞിട്ടള്ള വ്യക്തിയാണ് ദുറോവ്. ടെലിഗ്രാം സന്ദേശങ്ങളിലേക്ക് മൂന്നാമത് ഒരാള്‍ക്ക് കടന്നുകയറാന്‍ കഴിയുന്നതിനെക്കാള്‍ മരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം അവസരമൊരുക്കി എന്നാരോപിച്ച് 2024 ഓഗസ്റ്റില്‍ ഫ്രഞ്ച് അധികാരികള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം ശക്തമായി നിഷേധിച്ചിരുന്നു. നിങ്ങള്‍ എത്രത്തോളം കണക്റ്റഡും ആര്‍ക്കും അനായാസം ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്ന ആളും ആകുന്നുവോന്നോ അത്രത്തോളം നിങ്ങളുടെ ഉത്പാദനക്ഷമത കുറയുമെന്ന് താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദുറോവ് പറഞ്ഞിരുന്നു.