
ഇലക്ട്രോണിക്സ് ഉപകരണ രംഗത്തേക്ക് കടക്കുകയാണ് ഓപ്പൺ എഐ. തങ്ങളുടെ ആദ്യ ഉപകരണത്തിന്റെ പണിപ്പുരയിലാണ് ഈ മുൻനിര എഐ കമ്പനി. ചാറ്റിജിപിടി അധിഷ്ടിത ഉപകരണമാണെന്ന് സൂചനയുണ്ടെങ്കിലും എന്ത് ഉപകരണമാണ് തങ്ങൾ നിർമിക്കുന്നതെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് സ്ക്രീനില്ലാത്ത ഒരു സ്മാർട് സ്പീക്കറാണെന്നാണ് അഭ്യൂഹം. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഓപ്പൺ എഐ ആദ്യമായി പുറത്തിറക്കുന്ന സ്മാർട് സ്പീക്കറിന് ഡോണട്ടിന്റെ ആകൃതിയായിരിക്കുമെന്ന് ബ്ലൂബെർഗ് റിപ്പോർട്ടിൽ പറയുന്നു. ഐസ് ഹോക്കിയ്ക്ക് ഉപയോഗിക്കുന്ന ഒരു ഹോക്കി പക്കിന്റെ വലിപ്പമേ ഇതിനുണ്ടാവുകയുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. അതായത് എളുപ്പം കയ്യിലും പോക്കറ്റിലും കൊണ്ടുനടക്കാനാവുന്ന കുഞ്ഞൻ സ്പീക്കർ ആയിരിക്കും ഇത്.
ആപ്പിളിന്റെ മുൻ ഡിസൈനറായ ജോണി ഐവാണ് ഈ ഉപകരണം രൂപകൽപന ചെയ്യുന്നത്. ജോണി ഐവിന്റെ സ്റ്റാർട്ടപ്പായ ഐഓ പ്രൊഡക്ട്സ് കഴിഞ്ഞ വർഷം 6.5 ശതകോടി ഡോളറിന് സ്വന്തമാക്കിയാണ് ഓപ്പൺഎഐ തങ്ങളുടെ ഹാർഡ്‌വെയർ നിർമാണ പദ്ധതി ആരംഭിച്ചത്. ജോണി ഐവിന്റെ സ്റ്റുഡിയോ ആയ ലവ്ഫ്രോമും (LoveFrom) മുൻ ആപ്പിൾ ഡിസൈനർമാരായ ഇവാൻസ് ഹാൻകി, പോൾ മീഡ് എന്നിവരും ഈ സ്പീക്കർ വികസിപ്പിക്കുന്നതിൽ പങ്കാളികളാണ്.
ഈ ഉപകരണത്തിന്റെ പേരിൽ ഓപ്പൺ എഐ ഇപ്പോൾ നിയമനടപടി നേരിടുകയാണ്. മുൻ ജീവനക്കാരെ ഉപയോഗിച്ച് തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ ഓപ്പൺ എഐ ചോർത്തിയെന്നും അവ ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ നിർമിക്കുകയാണെന്നും ആരോപിച്ച് ആപ്പിളാണ് ഓപ്പൺ എഐയ്ക്കെതിരെ കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആരോപണം ഓപ്പൺ എഐ നിഷേധിച്ചിട്ടുണ്ട്.
അതേസമയം, ഓപ്പൺ എഐയുടെ സ്പീക്കറുമായി ബന്ധപ്പെട്ട് മുമ്പും ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. റീച്ചാർജ് ചെയ്ത് ഉപയോഗിക്കുന്ന ഈ സ്പീക്കറിന് ചുറ്റുപാടുകൾ മനസിലാക്കാനുള്ള സെൻസറുകളും ക്യാമറയുമുണ്ടാകുമെന്നും സ്പീക്കറിന് ചിലപ്പോൾ സ്വയം ചലിക്കാൻ സാധിക്കും വിധമുള്ള മെക്കാനിക്കൽ ഭാഗങ്ങളും ഉൾപ്പെടുത്തിയേക്കാമെന്നും പഴയ റിപ്പോർട്ടുകൾ പറയുന്നുണ്ട്.
Content Highlights: OpenAI is developing its first ChatGPT-powered hardware device, a pocket-sized, donut-shaped screenless smart speaker designed by former Apple designer Jony Ive, while simultaneously facing a lawsuit from Apple over alleged trade secret misappropriation.
Published: 07 Aug 2026, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented