നിർമിത ബുദ്ധി സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് വളരുമോയെന്ന ആശങ്ക ശക്തമാണ്. ഇപ്പോഴിതാ ഓപ്പൺഎഐയുടെ ഒരു സ്വയം നിയന്ത്രിത എഐ ഏജന്റ് നിയന്ത്രണം മറികടന്ന് പ്രവർത്തിച്ച സംഭവം ആ ആശങ്കയ്ക്ക് ആക്കം കൂട്ടുകയാണ്. പരീക്ഷണത്തിലിരുന്ന ഓപ്പൺഎഐയുടെ ഒരു എഐ ഏജന്റ് നിയന്ത്രണങ്ങൾ മറികടക്കുകയും ലോകത്തിലെ ഏറ്റവും വലിയ നിർമിത ബുദ്ധി മോഡലുകളുടെ ശേഖരമായ ഹഗ്ഗിങ് ഫെയ്സ് ഹാക്ക് ചെയ്ത് കടന്നുകയറുകയും ചെയ്തു. എഐ ലോകത്തെ "ഗിറ്റ്ഹബ്ബ്" (GitHub) എന്നറിയപ്പെടുന്ന പ്ലാറ്റ്ഫോമാണ് ഹഗ്ഗിങ് ഫെയ്സ്. എഐ സാങ്കേതികവിദ്യ എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കാനും ഉപയോഗിക്കാനും സഹായിക്കുന്ന ഒരു തുറന്ന പ്ലാറ്റ്‌ഫോമാണിത്.

To advertise here,

ജൂലായ് 9-നും 20-നും ഇടയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ജൂലായ് 9-നോടടുത്ത് നിയന്ത്രണപരിധിയിൽനിന്ന് പുറത്തുകടന്ന എഐ ഏജന്റ്, ജൂലായ് 11-ന് ഹഗ്ഗിങ് ഫെയ്സിൽ നുഴഞ്ഞുകയറി. ഈ നുഴഞ്ഞുകയറ്റം ജൂലായ് 13 വരെ തുടർന്നെന്ന് ഹഗ്ഗിങ് ഫെയ്സ് സഹസ്ഥാപകൻ തോമസ് വുൾഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിലെ ആശങ്ക ഉയർത്തുന്ന കാര്യമെന്തെന്നാൽ ഹഗ്ഗിങ് ഫെയ്സ് ഹാക്ക് ചെയ്തതിനുപിന്നിൽ തങ്ങളുടെ എഐ ഏജന്റാണെന്ന് ഏകദേശം പത്ത് ദിവസങ്ങളോളമെടുത്താണ് ഓപ്പൺഎഐ തിരിച്ചറിഞ്ഞത്. ജൂലായ് 18-19 തീയതികളിൽ ഇന്റേണൽ ലോഗുകൾ പരിശോധിച്ചപ്പോഴാണ് ടെസ്റ്റിങ് ഇക്കോസിസ്റ്റത്തിൽനിന്ന് ഏജന്റ് രക്ഷപ്പെട്ടതായി അവർ കണ്ടെത്തിയത്. ജൂലായ് 20-ഓടെ കമ്പനി ഹഗ്ഗിങ് ഫെയ്സിനെ വിവരമറിയിക്കാൻ ശ്രമിച്ചു. എന്നാൽ അതിനുമുമ്പുതന്നെ ഹഗ്ഗിങ് ഫെയ്സ് നുഴഞ്ഞുകയറ്റം കണ്ടെത്തുകയും എഫ്ബിഐയെ (FBI) വിവരമറിയിക്കുകയും സംഭവം പരസ്യമാക്കുകയും ചെയ്തിരുന്നു. ജൂലായ് 21-നാണ് ഓപ്പൺഎഐ ഇക്കാര്യം പരസ്യപ്പെടുത്തിയത്.

ഈ സംഭവത്തിനുമുമ്പുതന്നെ ജിപിടി 5.6 സോൾ എന്ന മോഡലും ഓപ്പൺഎഐയുടെ പുറത്തിറക്കിയിട്ടില്ലാത്ത മറ്റൊരു എഐ മോഡലും അടിസ്ഥാനമാക്കിയുള്ള ഒരു ഓട്ടോണമസ് ഏജന്റ് പരീക്ഷണ ഘട്ടത്തിൽ അസാധാരണമായി പെരുമാറിയതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺഎഐയുടെ സുരക്ഷാ നിയന്ത്രണങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് ഭാവി എഐ ഏജന്റുകൾക്കായി കുറിപ്പെഴുതിവെക്കുകയാണ് ഈ മോഡൽ ചെയ്തത്.

മനുഷ്യന്റെ ഇടപെടലില്ലാതെ സങ്കീർണമായ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന സ്വയംഭരണ എഐ ഏജന്റുകളെക്കുറിച്ചുള്ള വലിയ സുരക്ഷാ വെല്ലുവിളികളാണ് ഈ സംഭവം വെളിവാക്കുന്നത്.

ഇങ്ങനെ ഒരു സംഭവം മുമ്പുണ്ടായിട്ടില്ലെന്നും എഐ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന നിമിഷങ്ങളിലൊന്നാണിതെന്നും ഓപ്പൺഎഐ വ്യക്തമാക്കി. എന്നാൽ ഈ സംഭവം കമ്പനിയുടെ ശ്രദ്ധയിൽപെടാതെ പോയതാണോ അതോ അതിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാത്തതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഈ രണ്ടു സാഹചര്യവും ഒരുപോലെ അപകടകരമാണെന്ന് വേൾഡ് എത്തിക്കൽ ഡാറ്റ ഫൗണ്ടേഷനിലെ പ്രിൻസിപ്പൽ ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ് മാർലി സ്മിത്ത് പറഞ്ഞു. എഐ മോഡലുകൾ നുണ പറയുകയും വഞ്ചിക്കുകയും ഹാക്ക് ചെയ്യുകയും ചെയ്യുമെന്ന് പാലിസേഡ് റിസർച്ചിന്റെ (Palisade Research) ജെഫ്രി ലാഡിഷ് മുന്നറിയിപ്പ് നൽകി.

ഇത്തരം സ്വയംഭരണ സംവിധാനങ്ങൾ വികസിപ്പിക്കുന്ന എഐ കമ്പനികൾക്കുമേൽ സർക്കാരിന്റെ കർശനമായ മേൽനോട്ടം അനിവാര്യമാണെന്ന് വിദഗ്ധർ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ വിപുലമായ ഒരു സാങ്കേതിക റിപ്പോർട്ട് പുറത്തിറക്കാൻ ഓപ്പൺഎഐ പദ്ധതിയിടുന്നുണ്ട്.ല എങ്കിലും ഈ സംഭവം എഐ ലോകത്ത് വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിവെച്ചിരിക്കുകയാണ്.