വ്യാപാരം കുറഞ്ഞതും വിപണിയിലെ പ്രതിസന്ധിയും കാരണം ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ തള്ളി കമ്പനി. അത്തരം റിപ്പോർട്ടുകൾ സ്ഥിരീകരിക്കാത്തതും വ്യാജവുമാണെന്ന് വൺപ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു പറഞ്ഞു. ജനുവരി 21 ബുധനാഴ്ച എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'വൺപ്ലസ് ഇന്ത്യയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രചരിക്കുന്ന ചില തെറ്റായ വിവരങ്ങളെക്കുറിച്ച് എനിക്ക് ചിലത് വ്യക്തമാക്കാനുണ്ട്. ഞങ്ങളുടെ പ്രവർത്തനങ്ങൾ പതിവുപോലെ തുടരുന്നുണ്ട്. ഇനിയും അങ്ങനെതന്നെയായിരിക്കും'- ലിയു കുറിച്ചു.

To advertise here,

കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ, സാധാരണ പോലെ തുടരുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കുന്നതിന് മുുമ്പ് ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നുവെന്നും മറ്റൊരു പ്രസ്താവനയിൽ വൺപ്ലസ് പറഞ്ഞു.

മാതൃസ്ഥാപനമായ ബിബികെ ഇലക്ട്രോണിക്‌സ് വൺപ്ലസ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന് ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ ചൈനയിലെ ആസ്ഥാനത്തേയും യുഎസ്, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഫീസുകളിലേയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരേയും മുമ്പുണ്ടായിരുന്നവരേയും ഉദ്ധരിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ട് ആയിരുന്നു ഇത്. നാല് വ്യത്യസ്ത അനലിസ്റ്റ് സ്ഥാപനങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ അവകാശപ്പെട്ടു.

വൺപ്ലസിന്റെ കയറ്റുമതി കുത്തനെ ഇടിഞ്ഞുവെന്നും ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി 4500 ൽ അധികം റീട്ടെയിൽ സ്‌റ്റോറുകളിൽ വൺപ്ലസ് ഉപകപണങ്ങളുടെ വിൽപന നിലച്ചതായും ഇന്ത്യൻ വിപണിയിൽ കമ്പനി തകർച്ച നേരിടുകയാണെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് വൺപ്ലസ് ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്.